സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലിന്റെ ആരോഗ്യം എന്നു പറഞ്ഞാല്‍ നെറ്റി ചുളിക്കേണ്ട. കുടലിന്റെ ആരോഗ്യം നിങ്ങളുടെ ബുദ്ധിയെ വരെ സ്വാധീനിക്കും എന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടുകയുമരുത്.
കാരണം, ഇത് ഏറ്റവും പുരകമായ ഒരു വസ്തുതയാണ്. നമ്മുടെ ഭക്ഷണക്രമവും നമ്മുടെ കുടലിലെ സൂക്ഷ്മാണുക്കളും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പഠനങ്ങള്‍ മാത്രമല്ല, അനുഭവ സമ്പത്തും ഇതുതന്നെ അടിവരയിടുന്നു.
കുടലിന്റെ ആരോഗ്യം എന്നത് ശരീരഭാരവുമായി ബന്ധമില്ല. ദഹന നാളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യമാണ് ഇവിടെ പ്രധാനം. വായ മുതല്‍ വന്‍കുടല്‍ വരെയുള്ള ഭക്ഷണ സഞ്ചാരപാതയുടെ ആരോഗ്യമാണ് സൂചിപ്പിക്കുന്നത്. ശാരീരിക - മാനസിക ആരോഗ്യം മുതല്‍ ഫിറ്റ്നസ് വരെയുള്ള കാര്യങ്ങളെ ഇത് സാരമായി ബാധിക്കും.
നമ്മുടെ കുടല് ദഹനത്തിന് മാത്രമല്ല, രോഗപ്രതിരോധ ശേഷി, മെറ്റബോളിസം, തലച്ചോറിന്റെ പ്രവര്‍ത്തനം, മാനസിക ക്ഷേമം എന്നിവയെയും സ്വാധീനിക്കുന്നു. അതായത് കുടലിന്റെ ആരോഗ്യം പരിപാലിക്കുന്നത് നമ്മുടെ ഉള്ളിലെ ഒരു രഹസ്യ ശക്തികേന്ദ്രത്തെ പരിപോഷിപ്പിക്കുന്നതുപോലെയാണെന്നു ചുരുക്കം.
രോഗപ്രതിരോധത്തില്‍ നിര്‍ണായകം
കുടല് ആരോഗ്യം സംബന്ധിച്ച പഠനങ്ങളും മറ്റും ലോകത്തില്‍ ഇപ്പോള്‍ വളരെ വേഗത്തില്‍ കരുത്താര്‍ജിക്കുന്നുണ്ട്. കുടലിലെ ബാക്ടീരിയയുടെ അളവ് നമ്മുടെ ശരീരത്തിലെ മറ്റ് കോശങ്ങളുടെ എണ്ണത്തേക്കാള്‍ പത്തിരട്ടിയാണെന്നാണ് കരുതപ്പെടുന്നത്.
ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിലും വിറ്റാമിനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും നമ്മുടെ കുടലിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിലും ഈ ബാക്ടീരിയകള്‍ക്ക് ഒരു പങ്കുണ്ട്.
ശരീരത്തിന്റെ രോഗപ്രതിരോധ കോശങ്ങളുടെ 70 ശതമാനവും ദഹനനാളത്തിലാണ്. അതുകൊണ്ടുതന്നെ കുടലിന്റെ ആരോഗ്യം അതിപ്രാധാന്യമര്‍ഹിക്കുന്നു. കുടലും തലച്ചോറും ശക്തമായ ബന്ധമുണ്ടെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കുടലിന്റെ അനാരോഗ്യ ലക്ഷണം
നല്ല ഉറക്കം ലഭിക്കാത്തത് വരെ കുടലിന്റെ ആരോഗ്യമില്ലായ്മയുടെ ലക്ഷണമാണെന്ന് പറഞ്ഞാല്‍ അവിശ്വസിക്കേണ്ട. കാരണം, ഉറക്കത്തിന് സഹായിക്കുന്ന ശരീരത്തിലെ സെറോടോണിന്‍ കുടലാണ് ഉത്പാദിപ്പിക്കുന്നത്.
വയറുവേദന, ക്ഷീണം, ഭക്ഷണത്തോടുള്ള വിരക്തി, ഭക്ഷണത്തോടുള്ള ആസക്തി, ശരീരഭാരം കുറയുകയോ വര്‍ധിക്കുകയോ ചെയ്യുക, മുഖക്കുരു അല്ലെങ്കില്‍ എക്സിമ പോലുള്ള ചര്‍മരോഗങ്ങള്‍ തുടങ്ങിയവയെല്ലാം അനാരോഗ്യകരമായ കുടലിന്റെ ലക്ഷണങ്ങളാണ്.
അമിതമായ മദ്യം, മോശം ഉറക്കം അല്ലെങ്കില്‍ നിഷ്ക്രിയത്വം തുടങ്ങിയ കാര്യങ്ങള്‍ കുടലിന്റെ അനാരോഗ്യത്തിനു കാരണമാകും. ദഹന വൈകല്യങ്ങള്‍, അമിതവണ്ണം, ഹൃദ്രോഗം, വീക്കം, അര്‍ബുദങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്ക് കുടലിന്റെ അനാരോഗ്യം കാരണമാകുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുടലിന്റെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തില്‍ ചില മാറ്റം വരുത്തുന്നത് നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പരിപ്പ്, മാംസം, പാല് ഉത്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
പുളിപ്പിച്ച ഭക്ഷണങ്ങളായ പ്രകൃതിദത്ത തൈര്, കേഫീര്, സോര്ക്രാറ്റ്, കിംചി, മറ്റ് പുളിപ്പിച്ച പച്ചക്കറികള്‍ എന്നിവയും ഉത്തമം. പഞ്ചസാര, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക.
പ്രത്യേകിച്ച് ജങ്ക് ഫുഡ്സ്. വയര്‍ തണുക്കുന്നതുപോലെ വെള്ളം കുടിക്കുന്നതും ഉത്തമം. ഒപ്പം ഉറങ്ങാനുള്ള സമയം കണ്ടെത്തുകയും വേണം.