മധുരപലഹാരങ്ങൾ ശീലമാക്കിയാൽ...
60 –65 വയസുവരെ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ഐലൻഡ്സ് ഓഫ് ലാംഗർഹാൻഡ്സ് എന്നറിയപ്പെടുന്ന ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്.

വറുത്ത വിഭവങ്ങളും മറ്റും കഴിക്കുന്പോൾ രക്‌തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്ന നിലയിലായിരിക്കും. പഞ്ചസാരയുടെ തോത് സാധാരണ തോതിലെത്തിക്കാൻ ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇതാണ് സാധാരണയായി മനുഷ്യശരീരത്തിൽ സംഭവിക്കുന്നത്.

എന്നാൽ നമ്മുടെ ആഹാരരീതിയിൽ വന്ന മാറ്റംമൂലം ഊർജസാന്ദ്രവും കൊഴുപ്പുകൂടിയതുമായ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നതിനാൽ കൂടുതൽ ഇൻസുലിൻ ഉപയോഗിക്കേണ്ടിവരുന്നു. അതായത് ദിവസവും ബേക്കറി വിഭവങ്ങളും മധുരപലഹാരങ്ങളും മറ്റും ഇടയ്ക്കിടെ കഴിക്കുന്പോൾ രക്‌തത്തിലെ പഞ്ചസാരയുടെ തോതു നോർമലാക്കുന്നതിനു വേണ്ടി ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടിവരുന്നു. ഇത്തരം ജീവിതരീതി തുടരുന്നവരിൽ ഏകദേശം 50 വയസിനു മുകളിൽ പ്രായമാകുന്നതോടെ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻറെ അളവിൽ (quantity) കുറവുണ്ടാവുകയോ അതിൻറെ ഗുണനിലവാരത്തിൽ (quality) വ്യത്യാസമുണ്ടാവുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ ഇൻസുലിൻറെ പ്രവർത്തനം കാര്യക്ഷമമായി നടക്കില്ല. ഗ്ലൂക്കോസ് യൂറിനിലൂടെ പുറന്തള്ളപ്പെടുന്നു. അതാണ് ടൈപ്പ് 2 പ്രമേഹം. ഇതാണു മധ്യവയസിനു മുന്പുതന്നെ ഒരാൾ പ്രമേഹത്തിന് അടിപ്പെടുന്നതിനു പിന്നിലെ വസ്തുത.


വിവരങ്ങൾ:
ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടൻറ്