രാസവളം വാങ്ങാനും തിരിച്ചറിയൽ കാർഡ്; നയംമാറ്റം കർഷകരെ തുണക്കുമോ ?
രാസവളം വാങ്ങാനും തിരിച്ചറിയൽ കാർഡ്; നയംമാറ്റം കർഷകരെ തുണക്കുമോ ?
Saturday, May 6, 2017 4:50 AM IST
സഹകരണ സ്റ്റോറിലോ വളക്കടയിലോ പോയി കുറഞ്ഞ വിലക്ക് വളം വാങ്ങി തിരിച്ചു പൊന്നിരുന്ന നല്ലകാലം അവസാനിക്കാൻ പോകുന്നു. അടുത്ത ജൂണ്‍ മുതൽ അംഗീകൃത വളം വ്യാപാരിയിൽ നിന്ന് രാസവളം വാങ്ങണമെങ്കിൽ ആധാർ കാർഡ്, വോട്ടേഴ്സ് തിരിച്ചറിയൽകാർഡ്, കിസാൻ ക്രെഡിറ്റ് കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന് കാണിക്കണം. ഇത് പോയിന്‍റ് ഓഫ് സെയിൽ (പിഒസ്) ബില്ലിംഗ് മെഷീനിൽ രജിസ്റ്റർ ചെയ്തതിനുശേഷമെ ചില്ലറ വില്പനശാലകളിൽ നിന്നും കർഷകർക്ക് രാസവളം വാങ്ങാനാവുകയുള്ളൂ. സബ്സിഡി നേരിട്ട് ഉപഭോക്താവിന്‍റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) പദ്ധതിയുടെ ഭാഗമായി ഈ സാന്പത്തിക വർഷം മുതൽ രാസവളം മേഖലയിൽ ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പരിഷ്കാരങ്ങൾക്ക് കേന്ദ്ര ഗവണ്‍മെന്‍റ് തയാറെടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി രാസവളം ഉത്പാദക കന്പനികളുടെ ചെലവിൽ ഏകദേശം 300 കോടി രൂപ മുതൽ മുടക്കി രാജ്യത്തെ രണ്ടു ലക്ഷം അംഗീകൃത ചില്ലറ രാസവളം വില്പന ശാലകളിലും പിഒഎസ് മെഷീനുകൾ സ്ഥാപിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ രാസവളം സബ്സിഡി പിഒഎസ് മെഷീനുകളിലെ വില്പന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കന്പനികളുടെ അക്കൗണ്ടിലേക്ക് കൈമാറുന്ന പരിഷ്കാരമാണ് കേന്ദ്ര ഗവണ്‍ മെന്‍റ് നടപ്പാക്കുന്നത്. അടുത്ത ഘട്ടത്തിൽ രാസവളം സബ്സിഡി കുറയ്ക്കുന്നതിനും സബ്സിഡി തുക നേരിട്ട് ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനുമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനാണ് ആലോചന. ഇതോടൊപ്പം രാസവളം സബ്സി ഡി ചെറുകിട, നാമമാത്ര കർഷകർക്കു മാത്രമായി പരിമിതപ്പെടുത്താനും കേന്ദ്ര ഗവണ്‍മെന്‍റ് ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ സാന്പത്തികവർഷം രാസവളം സബ്സിഡി വിതരണത്തിൽ ഡിബിടി സംവിധാനം നടപ്പാക്കുന്നതിനുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ 16 ജില്ലകളിൽ നടപ്പാക്കിയിരുന്നു. പദ്ധതി വിജയിച്ചതോടെയാണ് ഈ വർഷം ജൂണ്‍ മുതൽ രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. രാസവളങ്ങളുടെ കരിഞ്ചന്തയും കള്ളക്കടത്തും അവസാനിപ്പിക്കുകയും സബ്സിഡിയിലുള്ള ചോർച്ച തടയുകയുമാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. കാർഷിക മേഖലക്കുള്ള സബ്സിഡി കുറക്കുന്നത് ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) വേദികളിൽ ഒരു പ്രധാന തർക്ക വിഷയവുമാണ്. സാധാരണ ഡിബിടി സംവിധാനങ്ങളിൽ സബ്സിഡി തുക നേരിട്ട് ഉപഭോതാവിന്‍റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയാണ് പതിവ്. യഥാർഥ വിപണി വില ആദ്യം തന്നെ ഉപഭോക്താവിൽ നിന്നും ഇടാക്കുകയും സബ്സിഡി വിഹിതം പിന്നീട് ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ രാസവളത്തിന്‍റെ സബ്സിഡി ആദ്യഘട്ടത്തിൽ കന്പനികളുടെ അക്കൗണ്ടുകളിലായിരിക്കും നിക്ഷേപിക്കുക. സബ്സിഡി തുക കൂടി ഉൾപ്പെടുന്ന വിപണിവില ഒറ്റയടിക്ക് ചില്ലറ വിൽപ്പനശാലയിൽ നൽകി വളം വാങ്ങുന്നത് കർഷകർക്ക് താങ്ങാനാവില്ലാത്തതിലാണ് ഇത്. അടുത്ത ഘട്ടത്തിൽ രാസവള സബ്സിഡി യുക്തിസഹമായി പരിഷ്കരിച്ചതിനുശേഷം ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ ഫോണ്‍ എന്നിവയുമായി ബന്ധപ്പെടുത്തി സബ്സിഡി തുക കർഷകരുടെ അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ സോയിൽ ഹെൽത്ത് കാർഡിലെ ശിപാർശകൾ, ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളിൽ കാണിച്ചിട്ടുള്ള ഭൂവിസ്തൃതി എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു കർഷകന് നൽകുന്ന രാസവളത്തിന്‍റെ അളവും പരിമിതപ്പെടുത്തും.

ജൂണ്‍ മുതൽ നടപ്പാക്കുന്ന ഡിബിടി സംവിധാനത്തിൽ അംഗീകൃത വളം വില്പനശാലയിൽ എത്തുന്ന കർഷകന്‍റെ പേര്, മേൽവിലാസം, തിരിച്ചറിയൽ രേഖയിലെ വിവരങ്ങൾ എന്നിവ നിർബന്ധമായും രേഖപ്പെടുത്തും. ഭൂമിയുടെ വിവരങ്ങൾ, സോയിൽ ഹെൽത്ത് കാർഡിലെ ശിപാർശകൾ എന്നിവ ഈഘട്ടത്തിൽ നിർബന്ധമായി രേഖപ്പെടുത്തണമെന്ന് നിർദ്ദേശമില്ല. എന്നാൽ ഡിബിടി സംവിധാനം പൂർണമായി നടപ്പാക്കുന്ന ഘട്ടത്തിൽ അതു രേഖപ്പെടുത്തേണ്ടിവരും. കർഷകനു വിൽക്കുന്ന വളത്തിന്‍റെ വിശദവിവരങ്ങൾ, തൂക്കം, വളത്തിന്‍റെ റീട്ടെയിൽ വില, ഏതുവിളയ്ക്കാണ് ഉപയോഗിക്കുന്നത്, വളം കന്പനിയുടെ പേര് എന്നിവയും പിഒഎസ് ബില്ലിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തണം. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖയും ആധാറുമായി ബന്ധിപ്പിക്കുന്നതോടെ വളം വാങ്ങുന്ന കർഷകന്‍റെ കൃത്യവിവരങ്ങൾ കേന്ദ്ര ഗവണ്‍മെന്‍റിന് ലഭ്യമാകും. രാജ്യത്തെ അംഗീകൃത വളം വില്പനശാലകളിൽ സ്ഥാപിച്ചിട്ടുള്ള രണ്ടുലക്ഷത്തോളം പിഒഎസ് മെഷീനുകൾ കേന്ദ്ര സെർവറുമാമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ കർഷകനും വാങ്ങുന്ന വളത്തിന്‍റെ അളവ്, ഏതെല്ലാം വളങ്ങളാണ് വാങ്ങുന്നത്, ഏതെല്ലാം വിളകൾക്കാണ് ഉപയോഗിക്കുന്നത് എന്നതിന്‍റെയെല്ലാം കൃത്യമായ കണക്കുകൾ ഇതിലൂടെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കൈവശമെത്തും. ഏതെല്ലാം വളങ്ങളാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നതെന്നും ഏതു കന്പനിയുടെ വളങ്ങൾക്കാണ് ഡിമാൻഡ് എന്നുമെല്ലാം ഗവണ്‍മെന്‍റിന് കൃത്യമായി അറിയാനാവും. ഓരോ വില്പനശാലയിലെയും പിഒഎസ് മെഷീനുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കന്പനിയുടെയും വിറ്റഴിക്കുന്ന വളത്തിന്‍റെ തൂക്കം കൃത്യമായി കേന്ദ്രഗവണ്‍മെന്‍റിന് കണക്കുകൂട്ടിയെടുക്കാനാവും. ഇതിന്‍റെ അടിസ്ഥാനത്തിൽ ആഴ്ചയിൽ ഒരിക്കൽ ഓരോ കന്പനിക്കും ലഭിക്കേണ്ട സബ്സി ഡി തുക കേന്ദ്ര ഗവണ്‍മെന്‍റ് അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. രാജ്യത്തെന്പാടുമുള്ള രണ്ടുലക്ഷം പിഒഎസ് മെഷീനുകളിലൂടെ ഗ്രാമീണ ഇന്ത്യയോട് സംവാധിക്കാനുള്ള അവസരം ഒരുങ്ങുമെന്ന് കേന്ദ്ര ഗവണ്‍മെന്‍റ് കണക്കുകൂട്ടുന്നു. മറ്റ് കേന്ദ്ര മന്ത്രാലയങ്ങളുടെ സേവനങ്ങളും ഗ്രാമീണ ജനതയിൽ ഇതിലൂടെ എത്തിക്കാനാവും.

ജില്ലാ അടിസ്ഥാനത്തിൽ മൊത്ത വില്പന ശാലകളിലോ ചില്ലറ വില്പന ശാലകളിലോ എത്തിച്ചേരുന്ന രാസവളത്തിന്‍റെ രസീതിന്‍റെ അടിസ്ഥാനത്തിൽ സബ്സിഡി തുക കന്പനികൾക്ക് കൈമാറുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിൽ യൂറിയയുടെ 95 ശതമാനവും ഫോസ്ഫറസ്, പൊട്ടാസ്യം വളങ്ങളുടെ 85-90 ശതമാനം സബ്സിഡിയും രണ്ടുമാസത്തിനകം ഈ രസീതിന്‍റെ അടിസ്ഥാനത്തിൽ കന്പനിക്കു കൈമാറും. ബാക്കി തുക സംസ്ഥാനസർക്കാറിന്‍റെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ പിന്നീട് കന്പനികൾക്ക് നൽകും. ഈ സന്പ്രദായത്തിൽ സബ്സിഡിയിൽ ചോർച്ചകളുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. എന്നാൽ പുതിയ സംവിധാനത്തിൽ കൃത്യമായ വില്പന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സബ്സിഡി തുക കന്പനികൾക്ക് നല്കുക. ചോർച്ച പൂർണമായും തടയാനാകും. സബ്സിഡി തുക വില്പന നടന്ന് ഒരാഴ്ചക്കകം തന്നെ അക്കൗണ്ടിൽ എത്തുമെന്നതിനാൽ കന്പനികൾക്ക് പരാതിപ്പെടാനുള്ള അവസരവുമില്ല. നന്ദൻ നിലേക്കനിയുടെ അധ്യക്ഷതയിലുള്ള ഒരു സമിതിയാണ് രാസവളം സബ്സിഡി ഘട്ടംഘട്ടമായി ഡിബിടി സംവിധാനത്തിലേക്ക് മാറ്റണമെന്ന് 2012 ൽ ശിപാർശ ചെയ്ത്. 2016 മാർച്ചിൽ പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഒരു യോഗം ഇതിനുവേണ്ടി അംഗീകൃതവില്പന ശാലകളിൽ വിവരസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർ ത്തിക്കുന്ന പിഒഎസ് മെഷീനുകൾ സ്ഥാപിക്കണമെന്ന് ശിപാർശ ചെയ്തു. പിന്നീട് 16 ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പിഒഎസ് മെഷീനുകൾ സ്ഥാപിച്ചു.

യൂറിയായ്ക്ക് നൽകുന്ന ബാക്കി സബ്സിഡിയുടെ 41 ശതമാനത്തോളം ഇങ്ങനെ വ്യാവസായിക ആവശ്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇതിൽ ഒരു ഭാഗം ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്ക് കള്ളക്കടത്തിലൂടെ കൊണ്ടുപോകുന്നുണ്ട്. ബാക്കി 24 ശതമാനത്തോളം സബ്സിഡി വൻകിട കർഷകർക്കാണ് നൽകുന്നത്. വൻകിട കർഷകർക്ക് സബ്സിഡി നൽകേണ്ടതില്ല എന്നാണ് സാന്പത്തിക സർവേയിലെ വാദം.

ഇതു പാഴായിപ്പോകുന്ന സബ്സിഡിയുടെ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്നു. ഭക്ഷ്യധാന്യ സബ്സിഡി എപിഎൽ, ബിപിഎൽ വിഭാഗങ്ങളായി തിരിച്ച് പരിമിതപ്പെടുത്തിയിരിക്കുന്നതുപോലെ ഭാവിയിൽ രാസവള സബ്സിഡി ചെറുകിട കർഷകർക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കമാണ് ഇതിനു പിന്നിൽ. ഇത് കയറ്റുമതി വിപണിയെ ലക്ഷ്യമിട്ടുള്ള വൻകിട തോട്ടം മേഖലയിലെ ഉത്പാദനത്തിൽ തിരിച്ചടിയുണ്ടാകും. ഭൂവിസ്തൃതിയെ മാത്രം അടിസ്ഥാനമാക്കി ചെറുകിട കർഷകരെ കണ്ടെത്തുന്നതും പ്രയോജനം ചെയ്യില്ല.

ഉത്പാദനച്ചെലവിന്‍റെ 75 ശതമാനത്തോളമാണ് ഇപ്പോൾ യൂറിയക്കു നൽകുന്ന സബ്സിഡി. ഡൈ അമോണിയം ഫോസ്ഫേറ്റ്, യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങൾക്കു നടപ്പാക്കിയിരിക്കുന്ന മൂലകാധിഷ്ഠിത സബ്സിഡി സന്പ്രദായം യൂറിയക്ക് നടപ്പാകിയിട്ടില്ല. യൂറിയ ഇറക്കുമതിക്ക് ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും യൂറിയക്കും മൂലകാധിഷ്ഠിത സബ്സിഡി സന്പ്രദായം നടപ്പാക്കണമെന്നും ഇക്കണോമിക് സർവേ ശിപാർശചെയ്യുന്നു. സോയിൽ ഹെൽത്ത് കാർഡുകളുടെ വ്യാപകമായ വിതരണം, വേപ്പെണ്ണ പുരട്ടിയ യൂറിയയുടെ പ്രോത്സാഹനം, ഡിബിടി സന്പ്രദായത്തിലൂടെയുള്ള സബ്സിഡി വിതരണം എന്നീ മൂന്ന് നടപടികളാണ് സബ്സിഡിയിലെ ചോർച്ച തടയാൻ ഇപ്പോൾ കേന്ദ്ര ഗവണ്‍മെന്‍റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികൾ. വേപ്പെണ്ണ പുരട്ടിയ യൂറിയ കരിഞ്ചന്തയിലേക്കു മാറ്റി വ്യാവസായിക ആവശ്യങ്ങൾക്കുവേണ്ടി വഴിതിരിച്ചു വിടാൻ പ്രയാസമാണ്.


സോയിൽ ഹെൽത്ത് കാർഡുകളുടെയും ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളുടെയും അടിസ്ഥാനത്തിൽ മാത്രം രാസവളം നൽകിയാൽ ആവശ്യത്തിൽ കൂടുതൽ വളം നൽകുന്നത് ഒഴിവാക്കാനാകും. ജൻധൻ അക്കൗണ്ടുകൾ, ആധാർ, മൊബൈൽ എന്നിവയുമായി ബന്ധിപ്പിച്ച് ചെറുകിട കർഷകർക്കു മാത്രം ഭാവിയിൽ രാസവളം സബ്സിഡി നൽകിയാൽ മതിയെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നയം. എന്നാൽ കർഷക സ്വയം സഹായ സംഘങ്ങൾ, പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നവർ, കർഷക കന്പനികൾ, വൻകിട തോട്ടങ്ങൾ, കർഷകർക്കു വേണ്ടി മൊത്തത്തിൽ വളം വാങ്ങുന്ന സഹകരണ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം ഈ നയം മാറ്റം പ്രശ്നങ്ങൾ സൃഷ്ടിക്കും. സബ്സിഡി പണം കർഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്പോൾ ആദ്യഘട്ടത്തിൽ യൂറിയയെ ഒഴിവാക്കി ഡൈ അമോണിയം ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങളെ മാത്രം ഡിബിടി സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് കേന്ദ്ര ഗവണ്‍മെന്‍റെ നീക്കം.

അശാസ്ത്രീയമായ രാസവള സബ്സിഡി നയങ്ങൾ കാരണം രാജ്യത്തെ കാർഷിക മേഖലയിലെ രാസവളങ്ങളുടെ ഉപയോഗം തീർത്തും അസന്തുലിതമാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ രാസവളങ്ങളുടെ ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന അനുപാതം 4:2:1 ആണെങ്കിലും ഇപ്പോഴത്തെ ഉപയോഗം 8:2:7:1 എന്ന അനുപാതത്തിലാണ്. സൂക്ഷ്മ മൂലകങ്ങളുടെ അഭാവം പല പ്രദേശങ്ങളിലും ഒരു പ്രശ്നമായി മാറിയിട്ടുണ്ട്.

മണ്ണിന്‍റെ ഉത്പാദനക്ഷമതയും പാടെ തകർന്നിരിക്കുന്നു. 1970 ൽ രാജ്യത്തെ രാസവളം ഉപഭോഗം ഒരു ഹെക്ടറിന് ശരാശരി 11 കിലോ ഗ്രാമായിരുന്നുവെങ്കിൽ 2010-11 ൽ അത് 128.3 കിലോഗ്രാമായി ഉയർന്നു. അതെ സമയം ഒരു കിലോഗ്രാം രാസവളം പ്രയോഗിക്കുന്പോൾ ലഭിക്കുന്ന അധിക ഭക്ഷ്യധാന്യവിളവ് 25 കിലോഗ്രാമായിരുന്നെങ്കിൽ 1990 കളിൽ അത് എട്ട് കിലോഗ്രാമായി കുറഞ്ഞു. അധിക രാസവളപ്രയോഗം നടത്തിയാലും വിളവ് കൂടാത്ത സ്ഥിതി പലപ്രദേശങ്ങളിലും നിലനിൽക്കുന്നു.

അതേ സമയം മണ്ണിന്‍റെ ഘടനയും പുഷ്ടിയും മെച്ചപ്പെടുത്തുന്ന ജൈവവളങ്ങളും ജീവാ ണു വളങ്ങളുമെല്ലാം ഗവണ്‍മെ ന്‍റിന്‍റെ സബ്സിഡി നയത്തിന് പുറത്തുമാണ്. രാസവളം മേഖലയിലെ സബ്സിഡി പരിഷ്കാരം അത്യന്തം രൂക്ഷമായ പ്രശ്നങ്ങളിലൂടെ കടന്നു പോകു ന്ന കർഷരെ കൂടുതൽ പ്രതിസന്ധിയിലാക്കാതെ നോക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര ഗവണ്‍ മെന്‍റിനുണ്ട്. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കോ രാസവളം കന്പനികളുടെ താത്പര്യങ്ങൾ ക്കോ ആകരുത് ഇക്കാര്യത്തിൽ പ്രമുഖ്യം.

ദീർഘകാലാടിസ്ഥാനത്തിൽ കർഷകരുടെ സാന്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതും സുസ്ഥിരമായ കാർഷിക വികസനം ഉറപ്പാക്കുന്നതുമായ ഒരു രാസവളം സബ്സിഡി നയമായിരിക്കണം കേന്ദ്ര ഗവണ്‍മെന്‍റ് നടപ്പാക്കേണ്ടത്.

കർഷകൻ ഉയർന്ന വില നൽകേണ്ടി വരും

പൂർണമായും ഡിബിടി സംവിധാനത്തിലേക്ക് മാറുന്നതോടെ കന്പനികൾക്ക് രാസവളം ഉത്പന്നങ്ങൾക്ക് കർഷകനിൽ നിന്നും ഉയർന്ന വില ഈടാക്കാനുള്ള സാഹചര്യമുണ്ടാകും. സബ്സിഡി കുറച്ചു കൊണ്ടുവരാനുള്ള സർക്കാരിന്‍റെ ശ്രമം ആത്യന്തികമായി കർഷകരെയായിരിക്കും ബാധിക്കുക. ഈ സാന്പത്തിക വർഷം തുടക്കത്തിൽ തന്നെ കേന്ദ്രഗവണ്‍മെന്‍റ് പൊട്ടാസ്യം രാസവളങ്ങളുടെ സബ്സിഡി 20 ശതമാനവും ഫോസ്ഫേറ്റ് രാസവളങ്ങളുടെ സബ്സിഡി 9.39 ശതമാനവും കണ്ട് കുറച്ചു കഴിഞ്ഞു. യൂറിയ സബ്സിഡിയിലും സമീപഭാവിയിൽ തന്നെ കുറവുണ്ടാകാനാണ് സാധ്യത. ഇത് മുന്നിൽ കണ്ടാണ് യാരാ ഇന്‍റർനാഷണൽ പോലുള്ള അന്താരാഷ്ട്ര കുത്തക കന്പനികൾ ഇന്ത്യയിലെ യൂറിയ ഉത്പാദന ഫാക്ടറികൾ വാങ്ങാൻ തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ സബ്സിഡി നിരക്കിൽ വളം കർഷകർക്ക് നൽകുകയും സബ്സിഡി തുക കന്പനികളുടെ അക്കൗണ്ടിലേക്ക് നൽകുകയുമാണ് ചെയ്യുന്നതെങ്കിലും ഭാവിയിൽ വളംഡിപ്പോയിൽ നിന്നും വളം വാങ്ങുന്പോൾ തന്നെ മുഴവുൻ വിപണിവിലയും കർഷകൻ തന്നെ രൊക്കമായി നൽകേണ്ടിവരും. സബ്സിഡി തുക മറ്റ് ഡിബിടി സംവിധാനങ്ങളിലെത്തുന്നതുപോലെ കേന്ദ്ര സർക്കാർ പിന്നീട് കർഷകന്‍റെ അക്കൗണ്ടിൽ നിക്ഷേപിക്കും. ഇതിന്‍റെ സൂചനകൾ ഈ വർഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി ബജറ്റിനു മുന്നോടിയായി പാർലമെന്‍റിൽ അവതരിപ്പിച്ച ഈ വർഷത്തെ സാന്പത്തിക സർവേയിൽ കാണാം.

രാസവളങ്ങൾക്ക് ഇപ്പോൾ നൽകുന്ന സബ്സിഡി ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടു വരുമെന്നാണ് സാന്പത്തിക സർവേ നൽകുന്ന സൂചന. സോയിൽ ഹെൽത്ത് കാർഡിലെ ശിപാർശകളുടെയും ഭൂമിയുടെ അവകാശം സംബദ്ധിച്ച രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കും കർഷകന് രാസവളം നൽകുക.

എൽപിജി സിലിണ്ടറുകളുടെ കാര്യത്തിൽ സംഭവിച്ച മാറ്റം രാസവള സബ്സിഡിയുടെ കാര്യത്തിലും ഉണ്ടാകും. ഡിബിടി സന്പ്രദായം നടപ്പാക്കുന്നതിന് മുന്പ് ഒരു ഗ്യാസ് സിലിണ്ടറിന് ഉപഭോക്താക്കൾ നൽകിയ വില 450 രൂപയായിരുന്നു. ഡിബിടി വന്നതോടെ ഗ്യാസ് സിലിണ്ടറിന്‍റെ വില ഇരട്ടിയോളം വർധിച്ചു. സബ്സിഡിയോടെ നൽകുന്ന സിലിണ്ടറുകളുടെ എണ്ണവും കുറഞ്ഞു. സമാനമായ മാറ്റം രാസവളം സബ്സിഡിയുടെ കാര്യത്തിലും സമീപഭാവിയിൽ തന്നെ വരാൻ പോവുകയാണെന്നാണ് സാന്പത്തിക സർവേ നൽകുന്ന സൂചന. സബ്സിഡി കുറയുകയും വില കൂടുകയും ചെയ്യുന്നതോടെ കൃഷിച്ചെലവ് ഉയരും. ശാസ്ത്രീയമായ രാസവള പ്രയോഗം നടത്തണമെങ്കിൽ കൂടുതൽ വായ്പയെടുക്കേണ്ടിവരും. ഇപ്പോൾ തന്നെ കർഷക ആത്മഹത്യയുടെ പ്രധാന കാരണങ്ങളിലൊന്ന് കടക്കെണിയാണ്. വേണ്ടത്ര ആലോചനകളില്ലാതെ രാസവളം സബ്സിഡിയുടെ ഘടനയിൽ കേന്ദ്ര ഗവണ്‍മെന്‍റിലെ ഉദ്യോഗസ്ഥപ്രമുഖരുടെ താല്പര്യപ്രകാരം പെട്ടെന്ന് മാറ്റങ്ങൾ കൊണ്ടുവരുന്നത് ഈ പ്രശ്നം ഒന്നുകൂടി വഷളാക്കുകയുള്ളു.


വഴിമാറുന്ന യൂറിയ

2015-16 ൽ രാസവളം സബ്സിഡിയായ കന്പനികൾക്കു നൽകിയത് 73000 കോടി രൂപയാണ്. ഇത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) അര ശതമാനത്തോളം വരും. ഇത് അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടു വരണമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നയം. ഏറ്റവും കൂടുതൽ സബ്സിഡി നൽകുന്ന രാസവളം യൂറിയയാണ്. കാർഷിക ആവശ്യത്തിന് രാസവളമായി വിതരണം ചെയ്യുന്ന യൂറിയക്ക് മാത്രമാണ് സബ്സിഡി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാസവളവും (ആകെ ഉത്പാദനത്തിന്‍റെ 86 ശതമാനം) ഉപയോഗിക്കുന്ന രാസവളവും (74 ശതമാനം) യൂറിയാണ്. യൂറിയക്ക് 2015-16 സാന്പത്തിക വർഷം സബ്സിഡിയായി നൽകിയത് 50300 കോടിരൂപയാണ്. ഇതിന്‍റെ 35 ശതമാനമായ 17500 കോടിരൂപ മാത്രമെ ചെറുകിട-നാമമത്ര കർഷകർക്ക് സബ്സിഡിയായി ലഭിച്ചുള്ളുവെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കണക്ക്. യൂറിയക്കു നൽകുന്ന മൊത്തം സബ്സിഡിയുടെ 24 ശതമാനം ഒട്ടും മെച്ചമല്ലാത്ത, കാലഹരണപ്പെട്ട ഉത്പാദന രീതികൾ പിന്തുടരുന്ന കന്പനികളുടെ കൈകളിലാണ് എത്തിച്ചേരുന്നത്. പ്ലൈവുഡ്, സോപ്പുപൊടി തുടങ്ങിയവയുടെ ഉത്പാദനത്തിലും യൂറിയക്ക് വൻതോതിലുള്ള വാണിജ്യ ഉപയോഗമുണ്ട്. കർഷകർക്ക് രാസവളമായി വിതരണം ചെയ്യാൻ നൽകുന്ന വിലകുറഞ്ഞ യൂറിയയുടെ വലിയൊരുഭാഗം അനധികൃതമായി വ്യാവസായിക ആവശ്യങ്ങൾക്കുവേണ്ടി മാറ്റപ്പെടുന്നു.

ഡോ. ജോസ് ജോസഫ്
പ്രഫസർ ആൻഡ് ഹെഡ് വിജ്ഞാനവ്യാപന വിഭാഗം
ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്കര, തൃശൂർ.
ഫോണ്‍: 93871 00119