കർഷകർക്കു പ്രതീക്ഷയായി മുന്തിരി ജാതിയും എസ്–600 കൊക്കോയും
കർഷകർക്കു പ്രതീക്ഷയായി മുന്തിരി ജാതിയും എസ്–600 കൊക്കോയും
Tuesday, July 12, 2016 4:16 AM IST
<യ> ബിജു കലയത്തിനാൽ

കാർഷികമേഖലയിൽ വ്യത്യസ്തതയും പുതുമയും തേടുന്ന കർഷകർക്ക് ആന്റണിയുടെ മുന്തിരി ജാതിയും എസ്–600 കൊക്കോയും ആവേശമാകുന്നു. ഇടുക്കി ജില്ലയിൽ മുരിക്കാശേരിക്കുസമീപം പെരിഞ്ചാംകുട്ടി ശൗര്യാംകുഴിയിൽ ആന്റണിയാണ് കാർഷികമേഖലയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്.

സ്വന്തമായി വികസിപ്പിച്ചെടുത്ത മുന്തിരിജാതിയും എസ്–600 കൊക്കോയും ഇദ്ദേഹത്തെ പ്രശസ്തനാക്കുന്നു. രോഗപ്രതിരോധ ശേഷിയും നല്ല കായ്ഫലവും മുന്തിരിജാതിയെ ശ്രദ്ധേയമാക്കുന്നു. എഴുപതു കായ്ക്ക് ഒരുകിലോ ജാതിക്ക ഉണങ്ങിക്കിട്ടും.

പത്രിക്ക്കട്ടി കൂടുതലാണെന്നതും ഇതിന്റെ സവിശേഷതയാണ്. കുലകളായി കായ്ക്കുന്നതിനാലാണ് മുന്തിരിജാതിയെന്ന് പേര് നൽകിയിരിക്കുന്നത്. പല ആവർത്തി ഒരേകുല തന്നെ കായ്ക്കും. ഓരോ പ്രാവശ്യവും കുലയുടെ വലിപ്പം കൂടുകയും കൂടുതൽ കായ്ക്കുകയും ചെയ്യുമെന്നതും ഇവയുടെ പ്രത്യേകതയാണ്. കായ്ക്ക് നല്ല കറുപ്പുനിറം ഉള്ളതിനാൽ എക്സ്പോർട്ട് ക്വാളിറ്റിയായി പരിഗണിക്കുന്നു. മൂന്നാം വർഷം കായ്ക്കാനുമാരംഭിക്കും. ഇദ്ദേഹം തന്നെ ഉത്പാദിപ്പിച്ചെടുത്ത മറ്റൊരിനം ജാതിയാണ് കേരളശ്രീ. എന്നും ജാതിയിൽ നിറയെ കായുണ്ടാവുമെന്നതും നല്ല പത്രികട്ടിയുണ്ടെന്നതും ഇതിന്റെ സവിശേഷതയാണ്. ആറു പ്രായത്തിലുള്ള കായ്കളാണിതിൽ എപ്പോഴും കാണുക. മൂന്നു കിലോക്ക് ഒരുകിലോ ജാതിക്കായ് ലഭിക്കും. ആന്റണി കൃഷിചെയ്യുന്ന മറ്റൊരിനം ജാതിയാണ് സീസൺ ജാതി. ഒരേസമയം കായ്ച്ച് ഒന്നിച്ച് വിളവെടുക്കാമെന്നതാണിതിന്റെ പ്രത്യേകത. വേനൽ പ്രതിരോധശേഷി കൂടുതലുണ്ട്. മാത്രമല്ല കായ്കൾ പൊട്ടിപ്പോകില്ലായെന്നതും ഇത്തരം ജാതിക്ക് പ്രചാരം വർധിപ്പിക്കുന്നു.


കൊക്കോ കർഷകർക്ക് വിജയപ്രതീക്ഷ നൽകുന്നതാണ് ആന്റണിയുടെ എസ്–600 കൊക്കോ. ഒരു കൊക്കോക്ക് 600 മുതൽ 800 ഗ്രാം വരെ പരിപ്പ് ലഭിക്കും. തൊണ്ടുകട്ടി കുറവും പരിപ്പിന് വലുപ്പം കൂടുതലും കൂഞ്ഞിൽ കുറവും ചെറിയ നനവ് നൽകിയാൽ വേനലിലും മഴക്കാലത്തേതുപോലെ കായ്ഫലം തരുമെന്നതും കർഷകരെ ഏറെ ആകർഷിക്കുന്നു. രോഗപ്രതിരോധശേഷിയും ഇവയ്ക്ക് കൂടുതലായുണ്ട്. രണ്ടാം വർഷം മുതൽ കായ്ച്ചുതുടങ്ങും. എസ്–600 കൊക്കോയ്ക്ക് ആവശ്യക്കാരേറെയാണ്. ഇവകൂടാതെ ആന്റണിയുടെ കൃഷിയിടത്തിൽ റംബൂട്ടാൻ, മാങ്കോസ്റ്റിൻ, മുസമ്പി, ഓറഞ്ച്, ബട്ടർഫ്രൂട്ട്, ലൂബി, ഞാവൽ, മുള്ളാത്ത തുടങ്ങിയ പഴവർഗങ്ങളും കുരുമുളക്, ഏലം, കാപ്പി, തെങ്ങ്, റബർ, വാനില തുടങ്ങിയ നാണ്യവിളകളും സുലഭമായി കൃഷിചെയ്തു വരുന്നു. ഇതിനു പുറമെ, വീടിനോടനുബന്ധിച്ച് ഫിഷ് ഫാം, പശു ഫാം, മുട്ടക്കോഴി ഫാം, ആട് ഫാം, മുയൽ ഫാം, കൾഗങ്ങൾ തുടങ്ങിയവയെയും പരിപാലിച്ചുപോരുന്നു. ചിന്നാർ പുഴയുടെ തീരത്ത് സർക്കാർ അംഗീകൃത കാർഷിക നഴ്സറിയും നടത്തിവരുന്നു. സ്വന്തമായി വികസിപ്പിച്ചെടുത്ത ജാതി, കൊക്കോ തൈകൾ, പഴവർഗങ്ങൾ, കുരുമുളക്,തെങ്ങ,് മറ്റെല്ലാനടീൽ വൃക്ഷങ്ങൾ, പൂച്ചെടികൾ എന്നിങ്ങനെ കാർഷിക നഴ്സറിയിൽ കൃഷിചെയ്ത് വില്പന നടത്തുണ്ട്. കൃഷിക്കാര്യങ്ങളിൽ ഭാര്യ ജോളിയും മക്കളായ അല്ലുമെരിറ്റും അഖിൽ പോപ്പിയും എല്ലാവിധ പിന്തുണയും പ്രോത്സാഹനങ്ങളുമായി ഒപ്പമുണ്ടാകുമെന്ന് ആന്റണി പറയുന്നു.
ഫോൺ:04868210345,9744709175,9645611420.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ12സമ2.ഷുഴ മഹശഴി=ഹലളേ>