ലോധ ശിപാർശ: വിധി പിന്നീട്
Monday, October 17, 2016 12:04 PM IST
ന്യൂഡൽഹി: ബിസിസിഐ പരിഷ്കരണം സംബന്ധിച്ച ജസ്റ്റീസ് ആർ.എം. ലോധ സമിതി നിർദേശിച്ച ശിപാർശകൾ നടപ്പിലാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി വിധി പറയാനായി മാറ്റി. ലോധ സമിതിയുടെ ശിപാർശകളിൽ ചില സംശയങ്ങളുണ്ടെന്നും നടപ്പിലാക്കുന്നതിനായി കൂടുതൽ സമയം ആവശ്യമുണ്ടെന്നും ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കുർ കോടതിയെ അറിയിച്ചു. എന്നാൽ, നിലവിലുള്ള ഭരണസമിതി തടസങ്ങൾ ഉന്നയിച്ച് നടപടികൾ അട്ടിമറിക്കുകയാണെന്നും അതിനാൽ അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് നടപടികൾക്ക് ഉത്തരവിടണമെന്ന് ലോധ കമ്മിറ്റിക്കു വേണ്ടി ഹാജരായ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.

ബിസിസിഐയിൽ അഡ്മിസ്ട്രേറ്ററെ നിയമിക്കണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു. അല്ലെങ്കിൽ ലോധ കമ്മിറ്റിയെ ഈ ചുമതല ഏൽപ്പിക്കാം. ബിസിസിഐയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നും അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.

ഈ മാസം ഏഴിന് ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് ബിസിസിഐക്ക് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ബിസിസിഐ കൂടുതൽ സമയം തേടിയത്.

സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്‌ഥാനത്തിൽ പ്രത്യേക ജനറൽ ബോഡി യോഗം ചേർന്നിരുന്നെങ്കിലും സമവായമുണ്ടാക്കാനായിരുന്നില്ല. ചില നിർദേശങ്ങളുടെ കാര്യത്തിൽ തങ്ങൾക്കിപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടെന്നും ത്രിപുര, വിദർഭ, രാജസ്ഥാൻ എന്നീ ക്രിക്കറ്റ് അസോസിയേഷനുകൾ മാത്രമാണ് ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെ അനുകൂലിച്ചതെന്നും ബിസിസിഐ കോടതിയെ അറിയിച്ചു.

ശിപാർശകളിൽ തങ്ങൾക്കുള്ള സംശയം മാറ്റേണ്ടതുണ്ടെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ നിർദേശങ്ങൾ നടപ്പിലാക്കാനാകില്ലെന്നും കോടതി നടപടികൾക്കു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട അനുരാഗ് ഠാക്കുർ വ്യക്‌തമാക്കി.

അതേസമയം, ലോധ കമ്മിറ്റി നിർദേശങ്ങളുടെ അടിസ്‌ഥാനത്തിൽ ഇടപെടണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അനുരാഗ് ഠാക്കുർ വ്യക്‌തിപരമായി നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.

ബിസിസിഐയുടെ ഭരണസമിതിയിൽ സിഎജിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ലോധ കമ്മിറ്റി നിർദേശം സർക്കാരിന്റെ ഇടപെടലായി കണക്കാക്കാമെന്ന ആശങ്കയാണ് ഐസിസി യോഗത്തിൽ താൻ ഉന്നയിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യത്തിൽ താൻ ഇടപെടില്ലെന്നാണ് ഐസിസി സിഇഒ ശശാങ്ക് മനോഹർ മറുപടി നൽകിയതെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.