കരിയടുക്കളയിൽനിന്നു കളിക്കളത്തിലേക്ക്
കരിയടുക്കളയിൽനിന്നു കളിക്കളത്തിലേക്ക്
Wednesday, September 21, 2016 12:06 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: പുത്തനുടുപ്പും പുസ്തകങ്ങളുമായി പള്ളിക്കൂടത്തിലേക്കു പോകുന്നതും പന്തു തട്ടിക്കളിക്കുന്നതും പൂജ കച്ചുവെന്ന ഏഴു വയസുകാരി സ്വപ്നം കണ്ടത് പേരറിയാത്ത ഒരു യജമാനന്റെ കരിയും പുകയും നിറഞ്ഞ അടുക്കളയിൽ പണിയെടുത്തു കൊണ്ടായിരുന്നു. പക്ഷേ, ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല, അവൾക്കു വേണ്ടി പ്രകാശം പരക്കുക തന്നെ ചെയ്തു. ബാലവേലയിൽ നിന്നു മോചിപ്പിക്കപ്പെട്ടു പുതിയ ജീവിത കഥയെഴുതിയ പൂജ കച്ചുവെന്ന പന്ത്രണ്ടുകാരി ഇന്നു പശ്ചിമ ബംഗാൾ അണ്ടർ 14 സംസ്‌ഥാന ഹോക്കി ടീമിലെ സ്റ്റാർ പ്ലെയറാണ്.

ഗാലറികളിളകുന്ന ആരവങ്ങളും കൈയടികളും നാളെ അവൾക്കു വേണ്ടി കാത്തിരിക്കുമ്പോൾ ഇന്നലെ എന്നത് പൂജ കച്ചുവിന്റെ മനസിൽ ഇനിയൊരിക്കലും തെളിഞ്ഞു വരേണ്ടതില്ലാത്ത ഒരോർമയാണ്. എങ്കിലും പള്ളിക്കൂടത്തിലേക്കു പോകേണ്ട പ്രായത്തിൽ പണിയിടങ്ങളിലേക്കിറങ്ങിയ ഈ ബാലികയ്ക്കു പറയാനുള്ളതും അവളുടെ ജീവിതം കാണിച്ചു തരുന്നതും ബാലവേലയുടെ ഇരുട്ടറകളിൽ നിന്നും വെളിച്ചത്തിലേക്കിറങ്ങി വന്ന വിജയഗാഥയെക്കുറിച്ചാണ്. കാരിത്താസ് ഇന്ത്യയുടെ ബാലവകാശങ്ങളെക്കുറിച്ചുള്ള അന്തർദേശീയ സെമിനാറിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പൂജ തന്റെ ജീവിതവും അനുഭവങ്ങളും ദീപികയുമായി പങ്കുവെച്ചു.

ഏഴാം വയസിൽ ബംഗാളിലെ കലിപോംഗിൽ വീട്ടുവേലക്കാരിയായി എത്തിയതാണ് പൂജ. ബംഗാളിലെ ഡൂവാർസിലെ മൈനാഗുരി സ്വദേശിയാണ്. സ്കൂളിൽ പോകണമെന്ന് ഒരുപാട് വാശി പിടിച്ചിരുന്നെങ്കിലും വീട്ടിലെ സാഹചര്യം അതിനനുവദിക്കുന്നതായിരുന്നില്ലെന്ന് പൂജ പറയുന്നു.

2012ൽ ബാൽ സുരക്ഷ അഭിയാൻ ട്രസ്റ്റിന്റെ ഡയറക്ടർ സിസ്റ്റർ സുബേഷ്ണ ഥാപ്പയുടെ കൈകളിലെത്തുന്നതോടെയാണ് പൂജയുടെ തലവര മാറുന്നത്. പോലീസ് സഹായത്തോടെ നടത്തിയ റെയ്ഡിലാണ് പൂജ ജോലി ചെയ്തിരുന്ന കുടുംബത്തിൽ നിന്ന് സിസ്റ്റർ സുബേഷ്ണ അവളെ മോചിപ്പിക്കുന്നത്. പിന്നീട് ട്രസ്റ്റിന്റെ ചുമതലയുള്ള സ്‌ഥാപനത്തിൽ താമസമാക്കി. ഡാർജിലിംഗിലെ സെന്റ് മൈക്കിൾസ് സ്കൂളിൽ ചേരുന്നതോടെയാണ് പൂജയുടെ കളിക്കളത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്.


പൂജയോടൊപ്പം തന്നെ ബാലവേലയിൽ നിന്നും സിസ്റ്റർ സുബേഷ്ണ മോചിപ്പിച്ച സമപ്രായക്കാരിയായ ഭീമ ചേത്രിയും അവളോടോപ്പമുണ്ടായിരുന്നു. ഇരുവരും സ്കൂൾ ഹോക്കി ടീമിൽ ഇടം നേടി. ഇവരുടെ കഴിവു കണ്ടറിഞ്ഞ സ്കൂൾ ടീം കോച്ച് പ്രകാശ് റായ് ചിട്ടയായ പരിശീലനവും നൽകി. തുടർന്ന്് ഡാർജിലിംഗിൽ നിന്ന് സംസ്‌ഥാന അണ്ടർ 14 ഹോക്കി ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരുടെയൊപ്പം ഭീമയും പൂജയും ഇടം നേടി. ഭീമയാണ് സംസ്‌ഥാന ടീമിന്റെ ക്യാപ്റ്റൻ. പൂജയാണ് സ്റ്റാർ പ്ലെയർ. കഴിഞ്ഞ ജനുവരിയിൽ റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ ഇരുവരും കളത്തിലിറങ്ങിയിരുന്നെങ്കിലും രണ്ടു കളികൾ ജയിച്ച ടീം ക്വാർട്ടർ ഫൈനലിൽ ജാർഖണ്ഡിനോടു തോറ്റു.

സിസ്റ്റർ സുബേഷ്ണയുടെ തണലിൽ എത്തിയ ശേഷം ഭീമ പലതവണ വീട്ടിൽ പോയിട്ടുണ്ടെങ്കിലും പൂജ ഇതുവരെ പോയിട്ടില്ല. ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന പൂജയ്ക്ക് മൂന്നു സഹോദരൻമാരും ഒരു സഹോദരിയും ഉണ്ട്. കളിക്കപ്പുറം പൂജയുടെ മനസിൽ ഉറപ്പിച്ച ഒരു തീരുമാനമുണ്ട്, വലുതാകുമ്പോൾ ഒരു പോലീസുകാരിയാകണം. പോലീസിനു മാത്രമേ ഇവിടെ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നതായിരിക്കണം ഒരുപക്ഷേ ഇന്നലെകളുടെ കറുത്ത പാഠങ്ങളിൽ നിന്നും അവൾ പഠിച്ച ഏക പാഠം.

രാജ്യത്തിന്റെ കായികപ്പെരുമ പെൺകരുത്തിൽ കൈപിടിക്കുന്ന ഈ കാലത്ത് പൂജയുടെയും ഭീമയുടെയും ഹോക്കി സ്റ്റിക്കിൽനിന്നും പിറക്കാനിരിക്കുന്നത് ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടേണ്ട ഗോളുകളാണെന്ന കാര്യത്തിൽ സംശയമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.