കളി തീരാതെ കേരളം
കളി തീരാതെ കേരളം
Sunday, November 29, 2015 10:52 PM IST
ബിജോ സില്‍വറി

കൊച്ചി: വെടി തീര്‍ന്നെങ്കിലും കണക്കിലെ കളിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ പരിശീലകന്‍ ടെറി ഫിലാന്‍. അവശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ വിജയിച്ചാല്‍ ബ്ളാസ്റേഴ്സിന് ഇനിയും സാധ്യതയുണ്െടന്നാണ് ഇന്നലെ അദ്ദേഹവും സഹപരിശീലകന്‍ ട്രെഗര്‍ മോര്‍ഗനും വ്യക്തമാക്കിയത്. സെമി പ്രവേശനം ഏതാണ്ട് ഉറപ്പാക്കിയ സീക്കോയുടെ എഫ്സി ഗോവയെയാണ് ഇന്ന് ബ്ളാസ്റ്റേഴ്സ് എതിരിടുന്നത്. ഹോം മാച്ചില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഗോവക്കാര്‍ കേരളത്തെ കീഴടക്കിയിരുന്നു. ഇന്നത്തെ മത്സരം സമനിലയാണെങ്കില്‍ പോലും ഗോവക്കാര്‍ അവസാന നാലു ടീമിലെത്തും. നിലവില്‍ 19 പോയിന്റാണ് ഗോവയ്ക്കുള്ളത്. സെമിഫൈനല്‍ ആദ്യമുറപ്പിച്ച ടീമായ അറ്റ്ലറ്റികോ ഡി കോല്‍ക്കത്തയ്ക്ക് 23 പോയിന്റാണുള്ളത്. ഒരു മത്സരം കൂടി അവര്‍ക്കു ശേഷിക്കുന്നുമുണ്ട്. ഡല്‍ഹി ഡൈനാമോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിന്‍ എഫ്സി, എഫ്സി പൂനെ സിറ്റി തുടങ്ങിയവ മൂന്നും നാലും സ്ഥാനത്തെത്താന്‍ കിണഞ്ഞു ശ്രമിക്കുന്നു. അതിനിടയില്‍ മുംബൈയും കേരളവും തീര്‍ത്തും അപ്രസക്തരായി തീര്‍ന്നിരിക്കുകയാണ്. ശേഷിക്കുന്ന രണ്ടു മത്സരവും വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാകാതെ മാനം കാക്കാമെന്നായിരിക്കും ബ്ളാസ്റേഴ്സ് ഉടമകളും പരിശീലകരും കരുതുന്നത്.

തോല്‍വി ഏറെ നിരാശാജനകമാണെങ്കിലും ഇനിയും പ്രതീക്ഷ കൈവിടുന്നില്ലെന്ന് ടെറി ഫിലാന്‍ പറഞ്ഞു. അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കാന്‍ തന്നെയാണു ശ്രമം; അതുവഴി ആറു പോയിന്റുകള്‍ നേടാനും. മുംബൈക്കെതിരേയുള്ള മത്സരം വിജയിക്കാന്‍ കഴിയാഞ്ഞത് വലിയ തിരിച്ചടിയായി. തോറ്റ പല കളികളിലും തൊണ്ണൂറാം മിനിറ്റിലാണ് ഗോളുകള്‍ വഴങ്ങിയത്. കളിക്കാരുടെ പരിക്കും ട്രാന്‍സ്ഫറും പുറത്താകലുമൊന്നും ഫുട്ബോളില്‍ വലിയ കാര്യമല്ല. അതെല്ലാം പതിവാണ്. ജയവും തോല്‍വിയും അതിനെ ബാധിക്കരുതെന്നു മാത്രം.

പരിക്കു പറ്റി കളിക്കാന്‍ കഴിയാതിരിക്കുന്നതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പരിക്കു പറ്റിയ സാഞ്ചസ് വാട്ടിനു പകരം റോഡ്രിഗോ ആന്റോണിയോയെ കരാര്‍ ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ച മുമ്പ് പരിക്കു പറ്റിയ സാഞ്ചസ് വാട്ടിനു പകരം മുംബൈക്കെതിരായ മത്സരത്തിന്റെ തലേന്നാണ് റോഡ്രിഗോ ആന്റോണിയോയെ കരാര്‍ ചെയ്തത്. എല്ലാ ടീമിനും ഇത്തരം പ്രശ്നങ്ങളുണ്ടാകാമെന്ന് സഹപരിശീലകന്‍ ട്രെവര്‍ മോര്‍ഗന്‍ ചൂണ്ടിക്കാട്ടി. പരിക്കു പറ്റുന്നവര്‍ക്കു പകരം കരാര്‍ ചെയ്യാന്‍ വേണ്ട സമയത്ത് കളിക്കാരെ കിട്ടാതിരിക്കുക സ്വാഭാവികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. തോറ്റ മത്സരങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നില്ലെന്ന് പരിശീലകര്‍ പറഞ്ഞു. എന്നാല്‍ കളികള്‍ ജയിച്ചുകൊണ്ടിരിക്കുമ്പോള്‍ കളിക്കാരും പരിശീലകരും ഒന്നാന്തരക്കാരും തോറ്റാല്‍ മോശക്കാരുമാകുന്ന പ്രവണതയോടു യോജിപ്പില്ല.


ഗോവയ്ക്കെതിരേയുള്ള മത്സരത്തില്‍ ഡയമണ്ട് ഫോര്‍മുലേഷന്‍ ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് കളി തുടങ്ങുമ്പോള്‍ അത്തരം വിന്യാസങ്ങള്‍ക്കു സ്ഥാനമില്ലെന്നായിരുന്നു പരിശീലകരുടെ മറുപടി. എതിര്‍ടീമിന്റെ കളിക്കനുസരിച്ച് കളി രീതി മാറ്റലാണ് പതിവ്. ഇന്നു ഗോവക്കെതിരേയുള്ള മത്സരവും അങ്ങനെ തന്നെയായിരിക്കും. മുംബൈക്കെതിരേ ഗോളിയെ മാറ്റി പരീക്ഷിച്ചിരുന്നു. സന്ദീപ് നന്ദി മികച്ച സേവുകള്‍ നടത്തി. ആക്രമണ ഫുട്ബോളിനാണ് ബ്ളാസ്റ്റേഴ്സ് പ്രാധാന്യം നല്‍കിയതെന്ന് ടെറി ഫിലാന്‍ ചൂണ്ടിക്കാട്ടി. ഗോവയ്ക്കെതിരേയുള്ള മത്സരത്തിലും ഇക്കാര്യത്തില്‍ മാറ്റമുണ്ടാകില്ല.

കേരളം മികച്ച ടീമാണെങ്കിലും ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് സെമിഫൈനിലെത്തുകയെന്നത് പ്രധാനമാണെന്ന് ഗോവയുടെ സഹപരിശീലകന്‍ ഫെര്‍ണാണ്േടാ വനൂസിയും സെന്റര്‍ ബാക്ക് ബ്രസീലിയന്‍ താരം ലൂസിയോവും വ്യക്തമാക്കി. രണ്ടു മത്സരങ്ങള്‍ തങ്ങള്‍ക്കു ശേഷിക്കുന്നുണ്ട്. കണക്കു പ്രകാരം ഒരു സമനിലയുണ്െടങ്കില്‍ സെമിയിലെത്തും.

ചില മത്സരങ്ങള്‍ അപ്രതീക്ഷിതമായി തോറ്റത് തിരിച്ചടിയായിരുന്നു. എന്നാല്‍ കോച്ച് സീക്കോയുടെ അഭിപ്രായത്തില്‍ തോല്‍ക്കുന്ന മത്സരത്തില്‍ നിന്നു പഠിക്കാന്‍ ചിലതുണ്ടായിരുന്നു. എല്ലാ ടീമിനും ബുദ്ധിമുട്ടുള്ള സീസണായിരുന്നു ഇതെന്നു പറയാം. എല്ലാ ടീമിനും ഒന്നിനൊന്നു മെച്ചമാണ്. ഇന്ത്യന്‍ താരങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബോളിന് ഐഎസ്എല്‍ വഴി എന്തു വികസനം ഉണ്ടായെന്നത് പ്രധാനമാണെന്ന് ലൂസിയോ പറഞ്ഞു.

എഫ്സി ഗോവയെ ഇന്നു മറികടക്കുക കേരള ബ്ളാസ്റ്റേഴ്സിന് എളുപ്പമല്ല. അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് ഗോവക്കാര്‍ സമനില വഴങ്ങിയെന്നതാണ് ആശ്വാസം. പക്ഷേ, ഐഎസ്എലിലെ ഒരു ടീമിനെകുറിച്ചും പ്രവചനം അസാധ്യമാണ്. മുംബൈ എഫ്സിയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ഗോവക്കാര്‍ തകര്‍ത്തിരുന്നത്.

നോര്‍ത്ത് ഈസ്റ്റിനെ 4-1ന് തോല്‍പ്പിച്ച കേരളം മുംബൈയോട് സമനില വഴങ്ങുകയും ചെയ്തു. നൈജീരിയന്‍ താരം ഡുഡുവും, ഇന്ത്യന്‍ താരങ്ങളായ ഹോക്കിപ്പും റോമിയോ ഫെര്‍ണാണ്ടസും, ബ്രസീലിന്റെ റെയ്നാള്‍ഡോയും ഉജ്വല ഫോമിലാണ്. മധ്യനിരയില്‍ ലിയോ മോറയുടെ സാന്നിധ്യം തന്നെ അവര്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്നു.

മറുഭാഗത്ത് നഷ്ടപ്പെടാന്‍ ഏറെയില്ലാത്ത കേരളം മികച്ച മാര്‍ജിനു ജയിക്കാനുള്ള രണ്ടും കല്‍പ്പിച്ചുള്ള ശ്രമം നടത്താന്‍ സാധ്യതയേറെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.