ആരാധകരുടെ ശ്രദ്ധയ്ക്ക്... ഇന്ത്യ പെര്‍ത്തില്‍ അത്ര പോരാ!
ആരാധകരുടെ ശ്രദ്ധയ്ക്ക്... ഇന്ത്യ പെര്‍ത്തില്‍ അത്ര പോരാ!
Friday, February 27, 2015 10:42 PM IST
ബിജോ മാത്യു

പെര്‍ത്ത്: യുഇഎ, വെസ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരേ ഇന്ത്യയുടെ പോരാട്ടം നടക്കുന്ന പെര്‍ത്ത് വാക്കയില്‍ നമ്മുടെ പ്രകടനം എങ്ങനെയായിരിക്കും? കണക്കുകളില്‍ ഇന്ത്യയുടേതു തിളക്കംകുറഞ്ഞ ബാറ്റിംഗ് പ്രകടനമാണ്. ബൌളിംഗിന് അനുകൂലമായ പിച്ചില്‍ 1992 ലോകകപ്പില്‍ പെര്‍ത്തില്‍ പരാജയമേറ്റു വാങ്ങിയ ഇന്ത്യയുടെ പട്ടികയില്‍ ഇവിടെ ഒരു ഏകദിന സെഞ്ചുറി പോലുമില്ല. പെര്‍ത്തില്‍ 11 മത്സരം കളിച്ച ഇന്ത്യക്കു നാലു വിജയങ്ങളും ഒരു ടൈയും സ്വന്തമായുണ്ട്. 77 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഇവിടെ ഇന്ത്യയുടെ ടോപ്സ്കോറര്‍. വെറും ആറ് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് ഇന്ത്യക്ക് അവകാശപ്പെടാനുള്ളതെങ്കിലും പെര്‍ത്തില്‍ ഇന്ത്യക്കെതിരേ സെഞ്ചുറി നേടാനും ആര്‍ക്കുമായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സാധാരണയായി ബാറ്റിംഗ് മികവില്‍ മത്സരങ്ങള്‍ വിജയിക്കുന്ന ഇന്ത്യ, പെര്‍ത്തിലെ നാലു വിജയങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നതു ബൌളര്‍മാരോടാണ്.

21 ഏകദിന സെഞ്ചുറികള്‍ കണ്ട പെര്‍ത്തില്‍ സിംബാബ്വെ താരം സ്റുവര്‍ട്ട് കാര്‍ലൈല്‍പോലും സെഞ്ചുറി സ്വന്തമാക്കി. ഇന്ത്യക്കു പുറമേ ശ്രീലങ്കക്കാര്‍ക്കും സെഞ്ചുറിയില്ല. പത്തു തവണ 300നു മുകളില്‍ സ്കോര്‍ കണ്ട പെര്‍ത്തില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്കോര്‍ 234 ആണ്. 75 ഏകദിന മത്സരങ്ങള്‍ക്കു വേദിയായ പെര്‍ത്തിലെ 43-ാമത്തെ ഉയര്‍ന്ന സ്കോറാണിതെന്ന് ഓര്‍ക്കുക. 2007ല്‍ ന്യൂസിലന്‍ഡിനെതിരേ ഓസ്ട്രേലിയ നേടിയ 343 ആണ് പെര്‍ത്തിലെ ഉയര്‍ന്ന സ്കോര്‍. അതേ മത്സരത്തില്‍ ന്യൂസിലന്‍ഡ് നേടിയ 335 ആണു രണ്ടാമത്തെ വലിയ സ്കോര്‍ എന്നതു യാദൃച്ഛികമായി.

ഇന്ത്യ കളിച്ച 11 മത്സരത്തില്‍ എട്ടിലും ഇറങ്ങിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡ് കണ്ടാല്‍ ഏവരും അന്തംവിടും. വെറും 148 റണ്‍സാണു സച്ചിന്‍ നേടിയത്. 36, 1, 35, 17, 3, 5, 3, 48 എന്നിങ്ങനെയാണു പെര്‍ത്തിലെ സച്ചിന്റെ പ്രകടനം. രവി ശാസ്ത്രി നാലു മത്സരങ്ങളില്‍ 123 റണ്‍സ് നേടിയിട്ടുണ്ട്.


ഇതിനിടയിലും ആശ്വാസമായി രവി ശാസ്ത്രിയുടെ ബൌളിംഗ് പ്രകടനം വേറിട്ടുനില്‍ക്കുന്നു. 1991ല്‍ ഓസ്ട്രേലിയയ്ക്കെതിരേയുള്ള മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 68 പന്തില്‍ 10 റണ്‍സ് നേടി പരിഹാസത്തിനു പാത്രമായ ശാസ്ത്രി അഞ്ച് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍(5-15) പിഴുത് കണക്കുതീര്‍ത്തു. പെര്‍ത്തില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനം ശാസ്ത്രിയുടെ പേരിലാണ്. അതേസമയം, ഏഷ്യന്‍ ടീമായ പാക്കിസ്ഥാനു പെര്‍ത്തില്‍ ഭേദപ്പെട്ട റിക്കാര്‍ഡുണ്ട്. 16 മത്സരങ്ങളില്‍ ഒമ്പതെണ്ണവും പാക്കിസ്ഥാന്‍ വിജയിച്ചു. എന്നാല്‍, ശ്രീലങ്കയ്ക്ക് 16 മത്സരങ്ങളില്‍ രണ്ടു വിജയം മാത്രമേയുള്ളൂ. ടെസ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട റിക്കാര്‍ഡുണ്ട്.

നാലു ടെസ്റുകളില്‍ ഒരു ജയം ഇന്ത്യക്കുണ്ട്. അഞ്ചു ടെസ്റ് കളിച്ച പാക്കിസ്ഥാന്‍ അഞ്ചിലും തോറ്റു. ശ്രീലങ്കയ്ക്കും ഇവിടെ വിജയമില്ല. സുനില്‍ ഗാവസ്കറും സച്ചിന്‍ തെണ്ടുല്‍ക്കറും ടെസ്റ് സെഞ്ചുറി നേടിയിട്ടുണ്ട്.

ലോകം കണ്ട ഏറ്റവും മികവുറ്റ ബൌളര്‍ ഡെന്നീസ് ലിലിയുടെ നാടായ പെര്‍ത്തില്‍ ഏകദിനത്തില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയത് പാക്കിസ്ഥാന്‍ പേസര്‍ വസിം അക്രം ആണെന്നതാണു ശ്രദ്ധേയം.

ഓസ്ട്രേലിയയിലെ മറ്റെല്ലാ മത്സരവേദികളിലും വിക്കറ്റ് നേട്ടത്തില്‍ ഒന്നാംസ്ഥാനത്ത് ഓസീസ് ബൌളര്‍മാരാണ്. 12 കളികളില്‍ 26 വിക്കറ്റാണ് അക്രത്തിന്റെ നേട്ടം. നാളെ ദുര്‍ബലരായ യുഎഇയെ നേരിടുമ്പോള്‍ ഈ കണക്കുകള്‍ നല്‍കുന്ന ഭീതി ഇന്ത്യയെ അലട്ടാതിരിക്കുമെന്നു പ്രതീക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.