സൈനയും ശ്രീകാന്തും ക്വാര്‍ട്ടറില്‍, സിന്ധു പുറത്ത്
Friday, November 21, 2014 11:06 PM IST
ഹോങ്കോംഗ്: ഇന്ത്യയുടെ സൈന നെഹ്വാളും കെ. ശ്രീകാന്തും ഹോങ്കോംഗ് സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍ പി.വി. സിന്ധു രണ്ടാം റൌണ്ടില്‍ പുറത്തായി. രണ്ടാം റൌണ്ടില്‍ ശ്രീകാന്ത് തായ്ലന്‍ഡിന്റെ താനോംഗ്സക് സീന്‍സോംബൂംസുകിനെ ഏകപക്ഷീയമായ രണ്ടു ഗെയിമുകള്‍ക്കു (21-19, 23-21) കീഴടക്കി. വനിതകളുടെ സിംഗിള്‍സില്‍ സൈന അമേരിക്കയുടെ ബിവെന്‍ സാംഗിനെ 21-16, 21-13ന് തോല്‍പ്പിച്ചു. പി.വി. സിന്ധുവിനെ റാങ്കിംഗില്‍ പിന്നിലുള്ള ജപ്പാന്റെ നോസോമി ഒകുഹാര 21-17, 13-21, 21-11ന് അട്ടിമറിച്ചു.

സീസണിലെ അവസാനത്തെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റായ ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സിനു സൈന നെഹ്വാളും കെ. ശ്രീകാന്തും യോഗ്യത നേടി. പി. കശ്യപും യോഗ്യത നേടിയവരിള്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 17 മുതല്‍ 21 വരെ ദുബായിയിലാണ് ടൂര്‍ണമെന്റ്. എട്ട് താരങ്ങളാണ് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിനിറങ്ങുന്നത്. രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ സീസണിലെ സൂപ്പര്‍ സീരീസുകളിലെ പോയിന്റിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്കു യോഗ്യത ലഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.