2020 ഒളിമ്പിക്സ് ടോക്കിയോയില്‍
Monday, September 9, 2013 11:12 PM IST
ബുവേനോസ് ആരിസ്: കാത്തിരിപ്പുകള്‍ക്കു വിരാമമായി. 2008നു ശേഷം വീണ്ടും പ്രപഞ്ചത്തിലെ ഏറ്റവും വലിയ കായികമാമാങ്കം, ഒളിമ്പിക്സ് ഏഷ്യയിലെത്തി. ആണവായുധ പ്രയോഗങ്ങളുടെ അത്യാഹിതം സമ്മാനിച്ച കെടുതികളില്‍നിന്നു പുനര്‍ജനിച്ച ഒരു സമൂഹത്തിന് 1964നു ശേഷം ലോക കായികമാമാങ്കം സമ്മാനമായി ലഭിച്ചു. അതെ, 2020ലെ ഒളിമ്പിക്സിന് ജപ്പാനിലെ അതിമനോഹരമായ ടോക്കിയോ നഗരം വേദിയാകും. ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരിസില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയാണ് ടോക്കിയോയെ ഒളിമ്പിക്സിനായി തെരഞ്ഞെടുത്തത്.
ഐഒസി അധ്യക്ഷന്‍ ജാക്സ് റോഗാണ് വേദി പ്രഖ്യാപിച്ചത്. അംഗരാജ്യങ്ങളിലെ ഒളിമ്പിക് അസോസിയേഷനുകളുടെ വോട്ടെടുപ്പില്‍ 36നെതിരേ 60 വോട്ടുകള്‍ക്ക് തുര്‍ക്കി നഗരം ഈസ്റാംബുളിനെ പിന്തള്ളിയാണ് ടോക്കിയോ ഒളിമ്പിക് നടത്തിപ്പിന് അര്‍ഹമായത്. അതേസമയം, മത്സരരംഗത്തുണ്ടായിരുന്ന മാഡ്രിഡ് ആദ്യറൌണ്ടില്‍ത്തന്നെ പുറത്തായത് ഏവരെയും അദ്ഭുതപ്പെടുത്തി.
ടോക്കിയോ 2020-ലെ ഒളിമ്പിക്സിനു വേദിയാകുമെന്ന പ്രഖ്യാപനം വന്നതേ ജപ്പാനിലെങ്ങും ആഹ്ളാദപ്രകടനങ്ങള്‍ അരങ്ങേറി. ഒളിമ്പിക്സ് തങ്ങളുടെ കടങ്ങളെല്ലാം വീട്ടിത്തരുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആബെ ബുവേനസ് ആരിസിലെത്തിയത്. ആയിരക്കണക്കിനാളുകള്‍ ടോക്കിയോ നഗരത്തില്‍ ഒത്തുചേര്‍ന്നു. രണ്ടുതവണ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ രാജ്യമെന്ന അപൂര്‍വ ബഹുമതിയും ടോക്കിയോയെ തേടിയെത്തി.
ഫുകുഷിമ ആണവനിലയം അപകടാവസ്ഥായിലാണെന്നിരിക്കെയാണു ടോക്കിയോയ്ക്ക് ഒളിമ്പിക്സ് അനുവദിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ടോക്കിയോയില്‍നിന്ന് 220 കിലോമീറ്റര്‍ മാത്രമാണ് ഫുകുഷിമ ആണവനിലയം. ആണവനിലയത്തിലെ ചോര്‍ച്ച നിയന്ത്രണവിധേയമാണെന്നും യാതൊരു കുഴപ്പവുമുണ്ടാകില്ലെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. 2011ലെ ഭൂകമ്പത്തിലാണ് ഫുകുഷിമ ആണവനിലയത്തിനു കേടുപാടുകള്‍ സംഭവിച്ചത്. ഇതേത്തുടര്‍ന്ന് ഒളിമ്പിക്സ് നടത്തിപ്പു സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ആശങ്കകളുണ്ടായിരുന്നു. എന്നാല്‍, എല്ലാക്കാര്യങ്ങളും പരിശോധിച്ചപ്പോള്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഐസിസിക്കു മനസിലായതായി ജാക്സ് റോഗ് വ്യക്തമാക്കി.
ടോക്കിയോ നഗരത്തിന്റെ അവതരണത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി വികാരാധീനനായി. ഒളിമ്പിക്സ് നടത്തിപ്പ് എന്റെ ഡിഎന്‍എയില്‍ത്തന്നെയുണ്ട്. എനിക്കു 10 വയസുള്ളപ്പോള്‍ ഒളിമ്പിക്സിന്റെ നടത്തിപ്പ് നേരിട്ടുകണ്ടു. ഒരിക്കല്‍ സുനാമിയിലും ഭൂകമ്പത്തിലും സര്‍വതും നഷ്ടപ്പെട്ട ഒരു കുട്ടിയെ ഒരിക്കല്‍ കാണാനായി. അവന്റെ കൈയില്‍ ഒരു ഫുട്ബോളുണ്ടായിരുന്നു. അതു വെറുമൊരുഫുട്ബോളായിരുന്നില്ല. മറിച്ച് ആ ഫുട്ബോള്‍ അവന്റെ വലിയ പ്രതീക്ഷയായിരുന്നു. അതുപോലെ ഫുകുഷിമ ആണവനിലയം അപകടാവസ്ഥയിലാണെന്നറിഞ്ഞിട്ടും അതിനടുത്തു കുട്ടികള്‍ ഫുട്ബോള്‍ തട്ടുന്നു. അവരും നിറഞ്ഞ പ്രതീക്ഷയിലാണ്- ആബെ പറഞ്ഞു. ഏറ്റവും മികച്ച ഒരൊളിമ്പിക്സായിരിക്കും ടോക്കിയോയിലേതെന്ന് അദ്ദേഹം പറഞ്ഞു.
2016ലെ റിയോ ഒളിമ്പിക്സിന്റെ വോട്ടെടുപ്പില്‍ ടോക്കിയോ മൂന്നാമതെത്തിയിരുന്നു. രണ്ടു തവണ വിന്റര്‍ ഒളിമ്പിക്സും ജപ്പാനില്‍ നടന്നിട്ടുണ്ട്. 1998ല്‍ നഗാനോയിലും 1972ല്‍ സപ്പോറോയിലും. 2018ലെ വിന്റര്‍ ഒളിമ്പിക്സും ഏഷ്യന്‍ നഗരത്തിലാണ്; ദക്ഷിണകൊറിയയിലെ പ്യോംഗ്ചാംഗില്‍. 1940ല്‍ ടോക്കിയോയ്ക്ക് അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍, രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് ഒഴിവാക്കി.
2019ഓടെ ടോക്കിയോയിലെ ഒളിമ്പിക് സ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 2019ലെ റഗ്ബി ലോകകപ്പ് ഇവിടെയാണ് നിശ്ചയിച്ചിരിക്കുന്നത്.
എന്തുകൊണ്ടു ടോക്കിയോ?
ബുവേനോസ് ആരിസ്: ജപ്പാനിലെ ഭരണസ്ഥിരതയും സാമ്പത്തിക ഭദ്രതയുമൊക്കെയാണു ടോക്കിയോയ്ക്ക് ഒരിക്കല്‍ക്കൂടി ഒളിമ്പിക് വേദി ലഭിച്ചതിനു കാരണം. 2016ലെ വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനത്തായിപ്പോയ ടോക്കിയോ ഇത്തവണ സര്‍വം സജ്ജമായാണ് അവസാന അവതരണത്തിന് എത്തിയത്. സാമ്പത്തിവും രാഷ്ട്രീയവുമായുള്ള ജപ്പാന്റെ ശക്തിയാണ് അവരുടെ അവതരണത്തില്‍ ആദ്യം വെളിപ്പെടുത്തിയത്. 2020 ഒളിമ്പിക്സ് നടത്തുന്നതിനുള്ള ഉന്നതമായ കാഴ്ചപ്പാട് ഈസ്റംബുളിനേക്കാളും മാഡ്രിഡിനേക്കാളും ടോക്കിയോയ്ക്കുണ്ടായിരുന്നു.
ജാപ്പനീസ് രാജകുമാരി ഹിസാക്കോയും പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു. ഏവരെയും ആകര്‍ഷിക്കുന്ന പ്രസംഗമായിരുന്നു പ്രധാനമന്ത്രിയുടേത്. ഫുകുഷിമയിലെ പ്രശ്നം ഒരിക്കലും ഒളിമ്പിക്സിനെ ബാധിക്കില്ലെന്നു ബോധ്യപ്പെടുത്താനും അദ്ദേഹത്തിനായി. കൂടാതെ ഒളിമ്പിക്സ് ഇനി നടത്തേണ്ടത് ഏഷ്യന്‍ രാജ്യമാണെന്ന വികാരവും യോഗത്തില്‍ പൊതുവേ ഉണ്ടായിരുന്നു. 1992 മുതല്‍ ഐഒസിയില്‍ അംഗമായ കുവൈറ്റ് രാജപ്രതിനിധി ഷേക്ക് അഹമ്മദ് അല്‍ ഫലാ അല്‍ സബായുടെ അനുകൂല നിലപാടും ടോക്കിയോയ്ക്കു തുണയായി. ഏഷ്യന്‍ ഒളിമ്പിക് കൌണ്‍സിലെ ഏറ്റവും ശക്തനായ നേതാവാണ് ഇദ്ദേഹം.
ലോസാനില്‍ ജൂലൈയില്‍ നടന്ന ഐഒസി യോഗത്തില്‍ മാഡ്രിഡിന്റെ അവതരണം അവരെയും ആകര്‍ഷിച്ചിരുന്നു.
ഇതോടെ 2020 ഒളിമ്പിക്സ് മാഡ്രിഡില്‍ നടക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഏവരെയും അതിശയിപ്പിച്ചുകൊണ്ടാണ് ടോക്കിയോയെ ബുവേനോസ് ആരിസില്‍ അവതരിപ്പിച്ചത്.
എന്നാല്‍, ഐഒസി പ്രതിനിധികള്‍ മാഡ്രിഡില്‍ നടത്തിയ സന്ദര്‍ശനത്തില്‍ വേദികളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. സ്പെയിനിലെ സാമ്പത്തിക പ്രതിസന്ധിയും ഐഒസിയെ ആശയക്കുഴപ്പത്തിലാക്കി.
മാഡ്രിഡിനുവേണ്ടി വാദിക്കാന്‍ അവിടത്തെ രാജകുമാരിയും രാജകുമാരനും ബുവേനസ് ആരിസില്‍ എത്തിയിരുന്നു. തങ്ങള്‍ക്ക് ഒളിമ്പിക്സ് വേദി ലഭിക്കാത്തതോടെ സ്പെയിന്‍ തലസ്ഥാനത്ത് ഒത്തുചേര്‍ന്ന ആയിരക്കണക്കിനാളുകള്‍ നിരാശരായി മടങ്ങി. തുടര്‍ച്ചയായ മൂന്നാം തവണയാണ് മാഡ്രിഡിനു വേദി നഷ്ടമാകുന്നത്.
ഈസ്റാംബുളിന്റെ അവതരണവും ശ്രദ്ധേയമായിരുന്നു. ഈസ്റാംബുളിലേക്ക് ഒളിമ്പിക്സ് എത്തുകയാണെങ്കില്‍ ആദ്യമായിട്ടായിരുന്നു ഒരു മുസ്ലിം രാജ്യത്ത് ഒളിമ്പിക്സ് നടക്കുന്നത്. എന്നാല്‍, യൂറോപ്യന്‍ രാജ്യത്ത് 2012ല്‍ ഒരു ഒളിമ്പിക്സ് നടന്നത് ഈസ്റാംബുളിനു തിരിച്ചടിയായി.
മാത്രവുമല്ല, തുര്‍ക്കി സര്‍ക്കാരിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഐഒസിയെ ആശങ്കപ്പെടുത്തി. കൂടാതെ തൊട്ടടുത്ത രാജ്യമായ സിറിയയിലെ യുദ്ധഭീതിയും തുര്‍ക്കിക്കു തിരിച്ചടിയായി. ഈയടുത്തകാലത്ത് ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് തുര്‍ക്കിയുടെ നാല്പതോളം താരങ്ങളെ ഈയിടെ അയോഗ്യരാക്കിയതും ഈസ്റ്റാംബുളിനെതിരായ അഭിപ്രായങ്ങള്‍ക്കു കാരണമായി.