മാർക്കറ്റുകൾ താത്കാലിക തിരിച്ചുവരവിൽ
മാർക്കറ്റുകൾ താത്കാലിക തിരിച്ചുവരവിൽ
Sunday, November 27, 2016 10:23 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: വൻ തകർച്ചകൾക്കു ശേഷമുള്ള താത്കാലിക തിരിച്ചുവരവിലാണ് ഇന്ത്യൻ മാർക്കറ്റ്. നവംബർ സീരീസ് സെറ്റിൽമെന്റ് ഭാഗമായി ഊഹക്കച്ചവടക്കാർ നടത്തിയ ലോംഗ് കവറിംഗും വാരാന്ത്യത്തിലെ ബയ്യിംഗുമെല്ലാം ചാഞ്ചാട്ടം ശക്‌തമാക്കി. സെൻസെക്സ് 166 പോയിന്റും നിഫ്റ്റി 40 പോയിന്റും പ്രതിവാരനേട്ടത്തിലാണ്.

സെൻസെക്സ് 26,000നു മുകളിലും നിഫ്റ്റി 8,000നു മുകളിലും ഇടം കണ്ടെത്തിയത് പ്രദേശിക നിക്ഷേപകർക്ക് ആശ്വാസമായി. ആറ് മാസത്തിനിടയിലെ താഴ്ന്ന റേഞ്ചിൽനിന്നുള്ള തിരിച്ചുവരവ് പക്ഷേ വിപണിയുടെ ദിശയിൽ കാതലായ മാറ്റം വരുത്തിയിട്ടില്ല. വിദേശ ഫണ്ടുകൾ ബാധ്യതകൾ തിരിച്ചു പിടിക്കാൻ കഴിഞ്ഞവാരം 5,409.22 കോടി രൂപയുടെ വില്പന നടത്തി. പത്തു ദിവസങ്ങളിൽ അവർ 13,570 കോടി രൂപയുടെ ഓഹരി വിറ്റു. നവംബറിലെ മൊത്തം വില്പന 15,763 കോടി രൂപയാണ്.

അടുത്ത യോഗത്തിൽ യുഎസ് ഫെഡ് പലിശ ഉയർത്തുമെന്ന വിശ്വാസം ഫണ്ടുകളെ എമർജിംഗ് വിപണികളിൽ വില്പനക്കാരാക്കി. ഫെഡ് പലിശയിൽ 25 ബേസിസ് പോയിന്റ് വർധന നടത്താം. ഡോളറിനായി വിദേശ ഫണ്ടുകൾ മത്സരിച്ചത് രൂപയുടെ മൂല്യത്തെ ബാധിച്ചു. വിനിമയ മൂല്യം 68.92 വരെ ഇടിഞ്ഞ ശേഷം 68.49ലാണ്, പ്രതിവാര നഷ്ടം 35 പൈസ. രൂപയ്ക്കു താത്കാലികമായി 70ൽ പ്രതിരോധമുണ്ട്. ഒരു പുൾ ബാക്ക് റാലിയിൽ 68.50 വരെ ശക്‌തിപ്രാപിക്കാം. പത്തു ദിവസത്തിനിടയിൽ രൂപയുടെ മൂല്യം മൂന്നര ശതമാനം കുറഞ്ഞു.

സെൻസെക്സ് 25,717ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 26,316ലാണ്. ഈ വാരം 200 ഡിഎംഎയായ 26,533ൽ പ്രതിരോധമുണ്ട്. ഇത് മറികടന്നാൽ 26,751–27,159 പോയിന്റിനെ ഡിസംബറിൽ ലക്ഷ്യമാക്കാം. എന്നാൽ, ആദ്യ താങ്ങായ 25,907 നിലനിർത്താനായില്ലെങ്കിൽ 25,499–25,281ലേക്കു തളരാം. ഈ വാരം തുടക്കത്തിൽ 26,500ലെ പ്രതിരോധ മേഖലയിലേക്കു നീങ്ങിയാൽ സെല്ലർമാർ ഒരിക്കൽ കൂടി സംഘടിക്കാൻ ഇടയുണ്ട്. മുൻവാരം സൂചിപ്പിച്ചപോലെ പാരാബോളിക് എസ്എആർ വിപണിയുടെ തിരിച്ചുവരവിന് അവസരമൊരുക്കി.


നിഫ്റ്റി 7,916–8,122 റേഞ്ചിൽ ചാഞ്ചാടിയശേഷം ക്ലോസിംഗിൽ 8,114ലാണ്. നവംമ്പർ സീരീസ് സെറ്റിൽമെന്റ് നടന്ന വ്യാഴാഴ്ച സെൽ പ്രഷറിൽ സൂചിക 7,916ലേക്കു നീങ്ങി. ഈ വാരം നിഫ്റ്റിക്ക് 8,185ൽ പ്രതിരോധമുണ്ട്. ഈ മേഖലയിലാണ് സൂചികയുടെ 200 ദിവസങ്ങളിലെ ശരാശരി നിലകൊള്ളുന്നത്. ഇത് മറികടന്നാൽ 8,256ലേക്കും അവിടെനിന്ന് 8,391ലേക്കും ക്രിസ്മസിനു മുമ്പായി ഉയരാം. എന്നാൽ, സാമ്പത്തിക മരവിപ്പ് കണക്കിലെടുത്താൽ 7,979–7,844ലെ താങ്ങിൽ പരീക്ഷണം നടത്താം.

പിന്നിട്ടവാരം ബിഎസ്ഇയിൽ ഇടപാടുകൾ 12,443.90 കോടി രൂപയിൽ ഒതുങ്ങി. തൊട്ട് മുൻവാരം 15,905.20 കോടി രൂപയായിരുന്നു. നിഫ്റ്റിയിൽ 99,009.43 കോടി രൂപയാണ്. മുൻവാരം ഇത് 94.503.03 കോടിയായിരുന്നു.

ഏഷ്യൻ മാർക്കറ്റുകൾ പലതും ഭേദപ്പെട്ട പ്രകടനം നടത്തി. യൂറോപ്യൻ ഇൻഡക്സുകളും തിളങ്ങി. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക വീണ്ടും റിക്കർഡിൽ. നിക്ഷേപകർക്ക് ആവേശം പകർന്ന് ഐടി ഓഹരികൾക്ക് മുൻതുക്കം നൽകുന്ന നാസ്ഡാക് സൂചികയും തിളങ്ങി. ഡോളർ സൂചികയുടെ തിളക്കം ഫണ്ടുകളെ അമേരിക്കയിൽ നിക്ഷേപകരാക്കി.

ഒപ്പെക്ക് യോഗം മുൻനിർത്തി ഒരു വിഭാഗം ഫണ്ടുകൾ ക്രൂഡ് ഓയിലിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചു. എണ്ണവില മൂന്ന് ശതമാനം കുറഞ്ഞ് 43.41 ഡോളറിലേക്കു നീങ്ങാൻ ഇടയാക്കി.

ഡോളർ ഇൻഡക്സിന്റെ കുതിപ്പിൽ മഞ്ഞലോഹം ഒമ്പതര മാസത്തെ താഴ്ന്ന വിലയായ 1174 ഡോളർ ദർശിച്ചശേഷം ഔൺസിന് 1183 ഡോളറിലാണ്. മുൻവാരം സൂചിപ്പിച്ച 1170 ഡോളറിലെ സപ്പോർട്ട് നിലനിർത്തിയാൽ 1234 ഡോളർ വരെ ഉയരാം. അല്ലാത്തപക്ഷം 1140–1110 ഡോളറിലേക്ക് സ്വർണവില തളരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.