കരുത്തുറപ്പിക്കാനാവാതെ ഇന്ത്യൻ കമ്പോളം
കരുത്തുറപ്പിക്കാനാവാതെ ഇന്ത്യൻ കമ്പോളം
Sunday, October 16, 2016 10:29 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: അമേരിക്ക പലിശനിരക്കുകളിൽ ഭേദഗതി വരുത്തുമെന്ന സൂചനകൾക്കൊപ്പം ക്രൂഡ് ഓയിൽ വിലയിലെ ചലനങ്ങളും ഓപ്പറേറ്റർമാരെ മുൻനിര ഓഹരികളിൽ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. ആഭ്യന്തര പണപ്പെരുപ്പ നിരക്കിലെയും മൊത്തവിലസൂചികയിലെയും പുതിയ കണക്കുകളും വ്യാവസായികമേഖലയിലെ മരവിപ്പുമെല്ലാം പിന്നിട്ടവാരം ഓഹരിസൂചികയുടെ കരുത്തിനെ ബാധിച്ചു. ഏഷ്യൻ–യൂറോപ്യൻ മാർക്കറ്റുകളും യുഎസ് ഓഹരി സൂചികകളും മികവിലാണ്.

ടെക് കമ്പനികളുടെ വരുമാനം കുറയുമെന്ന സൂചനകൾ ഒരു വിഭാഗം നിക്ഷേപകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതേസമയം, ദീപാവലി അടുത്തത് നിക്ഷേപ താത്പര്യം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ബുൾ ഇടപാടുകാർ.

ബോംബെ സെൻസെക്സ് 387 പോയിന്റും നിഫ്റ്റി 114 പോയിന്റും കഴിഞ്ഞ വാരം താഴ്ന്നു. അവധിദിനങ്ങൾ മൂലം ആകെ മൂന്നു ദിവസമാണ് വിപണി പ്രവർത്തിച്ചത്. സെൻസെക്സ് 28,217 വരെ കയറിയ അവസരത്തിൽ അലയടിച്ച വില്പനതരംഗത്തിൽ സൂചിക 27,548ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 27,673 പോയിന്റിലാണ്. ഈ വാരം ആദ്യ സപ്പോർട്ട് 27,408ൽ പ്രതീക്ഷിക്കാം. ഈ താങ്ങ് നഷ്ടപ്പെട്ടാൽ 27,143–16,739ലേക്കു പരീക്ഷണങ്ങൾ നടത്താം. അതേസമയം തിരിച്ചുവരവിനു ശ്രമിച്ചാൽ 28,077ൽ പ്രതിരോധം നേരിടാമെങ്കിലും ഈ തടസം മറികടന്നാൽ സ്വാഭാവികമായും സൂചിക 28,481–28,746നെ ലക്ഷ്യമാക്കി മുന്നേറും.

നിഫ്റ്റി സൂചിക 8,541–8,746 റേഞ്ചിലാണ് സഞ്ചരിച്ചത്. മുൻവാരം സൂചിപ്പിച്ച 8,561ലെ സപ്പോർട്ട് ക്ലോസിംഗിൽ നിലനിർത്തിത് നിക്ഷേപകർക്ക് ആശ്വാസമായി. ജൂലൈക്കുശേഷം പലതവണ നിഫ്റ്റി 8,540ൽ ടെസ്റ്റിംഗ് നടത്തി. 21 ആഴ്ചകളിലെ ശരാശരിയായ 8,520 റേഞ്ചിൽ അടുത്ത താങ്ങുണ്ട്. ഇതു നഷ്ടപ്പെട്ടാൽ 100 ഡേ മൂവിംഗ് ആവറേജായ 8,500ൽ വീണ്ടും ശക്‌തമായ താങ്ങ് പ്രതീക്ഷിക്കാം. ഏറെ നിർണായകമായ ഈ താങ്ങ് നഷ്ടപ്പെട്ടാൽ സ്വാഭാവികമായും ഓപ്പറേറ്റർമാർ ഷോട്ട് പൊസിഷനുകൾക്ക് ഉത്സാഹിക്കുന്നതിനൊപ്പം ലോംഗ് കവറിംഗിനും മത്സരിക്കും. അത്തരം ഒരു സാഹചര്യം സൂചികയെ 8,418–8,295ലേക്ക് ഇടിക്കാം. ഉയർന്ന നിലവാരത്തിൽനിന്നുള്ള തിരുത്തൽ 38 ശതമാനം വരെ തുടർന്നാൽ 8,150 റേഞ്ചിലേക്ക് നിഫ്റ്റി തിരിയാം. നിഫ്റ്റിയുടെ മറ്റ് സാങ്കേതികവശങ്ങൾ നിരീക്ഷിച്ചാൽ പാരാബോളിക് എസ്എആർ ബുള്ളിഷാണ്. അതേസമയം, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, ആർഎസ്ഐ –14, എംഎസിഡി എന്നിവ ഓവർ സോൾഡ് മേഖലയിലേക്ക് നീങ്ങുന്നു.


ഈവാരം മുൻനിര ഓഹരികളായ എസിസി, ആർഐഎൽ, വിപ്രോ, എച്ച്സിഎൽ ടെക്നോളജി, യെസ് ബാങ്ക് തുടങ്ങിയവയുടെ ചലനങ്ങൾ സൂചികയെ സ്വാധീനിക്കാം.

രാജ്യത്തിന്റെ മൊത്തം പണപ്പെരുപ്പം സെപ്റ്റംബറിൽ 3.57 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റിൽ രണ്ടു വർഷത്തെ ഉയർന്ന നിലവാരമായ 3.74 വരെ കയറിയിരുന്നു. പ്രതിസന്ധികളെ മറികടന്ന് വിനിമയവിപണിയിൽ ഇന്ത്യൻ രൂപ മികവ് നിലനിർത്തിയെങ്കിലും വൈകാതെ രൂപ തളർന്നേക്കാം. വാരാന്ത്യം ഡോളറിന് മുന്നിൽ രൂപ 66.70ലാണ്.

ഏഷ്യൻ മാർക്കറ്റുകൾ പലതും മികവിലാണ്. അതേസമയം ചൈനയിൽനിന്ന് പ്രതികൂല വാർത്തകൾ പുറത്തു വരുമോയെന്ന ആശങ്കയും ഇല്ലാതില്ല. ചൈനീസ് നാണയമായ യുവാൻ ആറു വർഷത്തെ ഏറ്റവും താഴ്ന്ന റേഞ്ചിലാണ്.

ജപ്പാൻ, കൊറിയ, ചൈന, തായ്ലൻഡ് മാർക്കറ്റുകൾ മുന്നേറി. തായ്ലൻഡ് രാജാവിന്റെ മരണവാർത്തയ്ക്കിടയിലും തായ് ഓഹരിസൂചികയായ സെറ്റ് 4.18 ശതമാനം ഉയർന്നു. ബാങ്കിംഗ് ഓഹരികളിലെ നിക്ഷേപതാത്പര്യം യൂറോപ്യൻ ഇൻഡക്സുകളെ ശ്രദ്ധേയമാക്കി. വ്യാഴാഴ്ച യൂറോപ്യൻ കേന്ദ്ര ബാങ്ക് ഗവർണർ പലിശനിരക്ക് സംബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങൾ നടത്താം. സെപ്റ്റംബർ യോഗത്തിൽ ഇസിബി പലിശ സീറോ നിരക്കിൽ നിലനിർത്തിയിരുന്നു.

അമേരിക്കയിൽ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി എന്നിവ കരുത്തു കാണിച്ചു. യുഎസ് ഫെഡ് റിസർവ് പലിശനിരക്ക് വൈകാതെ ഉയർത്തുമെന്ന സൂചനകൾ ബാങ്കിംഗ് ഓഹരികൾക്ക് നേട്ടമായി. ഡോളർ ശക്‌തിപ്രാപിച്ചത് ക്രൂഡ് ഓയിൽ വിലയെ ചെറിയ അളവിൽ ബാധിച്ചെങ്കിലും വാരാന്ത്യം ബാരലിന് 50.35 ഡോളറിലാണ്. ക്രൂഡ് ഉത്പാദനം എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലാണ്.

ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 1254 ഡോളർ. ജൂൺ–ജൂലൈയിൽ 100 ഡോളറിന്റെ മികവ് കാണിച്ച സ്വർണം സെപ്റ്റംബർ, ഒക്ടോബറിൽ 100 ഡോളറിന്റെ തിരുത്തലിനുള്ള നീക്കത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.