റബറിനു വിദേശത്തു വില ഉയരുന്നു; ഇവിടെ കുറയുന്നു
റബറിനു വിദേശത്തു വില ഉയരുന്നു; ഇവിടെ കുറയുന്നു
Tuesday, September 20, 2016 11:21 AM IST
<ആ>ജോമി കുര്യാക്കോസ്

കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ റബർവില ഉയരുമ്പോഴും ആഭ്യന്തര വിപണിയിൽ വില താഴേക്ക്. ആർഎസ്എസ് നാലിനു സെപ്റ്റംബർ ഒന്നിനു ബാങ്കോക്ക് വിപണിയിൽ 105.98 രൂപ ഉണ്ടായിരുന്നപ്പോൾ ആഭ്യന്തര മാർക്കറ്റിൽ 127 രൂപയാണു റബർ ബോർഡ് നൽകിയത്. ഇതേ ഗ്രേഡിനു ഇന്നലെ ബാങ്കോക്കിൽ 109.15 രൂപ ലഭിച്ചപ്പോൾ ആഭ്യന്തരവില 120 രൂപയായി താഴ്ന്നു.

അന്താരാഷ്ട്ര മാർക്കറ്റിൽ നാല് രൂപ ഉയർന്നപ്പോൾ ആഭ്യന്തര മാർക്കറ്റിൽ ഏഴ് രൂപ കുറയുകയാണുണ്ടായത്.

ആഭ്യന്തരവില നിശ്ചയിക്കുന്നതു റബർ ബോർഡാണ്. കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ നയങ്ങൾക്കനുസരിച്ച് റബർ ബോർഡ് വിപണിയെ നിയന്ത്രിക്കുമ്പോൾ വൻകിട വ്യവസായികളുടെ താത്പര്യമനുസരിച്ചാണു വില നിർണയിക്കുന്നതെന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. റബർ ബോർഡ് നൽകുന്ന വിലയേക്കാൾ രണ്ടു രൂപ കുറച്ച് 108 രൂപയ്ക്കാണു കച്ചവടം നടന്നത്.


മികച്ച നിലവാരമുള്ള ഗ്രേഡ് റബർ ഷീറ്റ് വിറ്റഴിക്കാൻ സാധിക്കാതെ കർഷകർ ബുദ്ധിമുട്ടുമ്പോൾ ആർഎസ്എസ് രണ്ട്, മൂന്ന് നിലവാരമുള്ള റബർ ഷീറ്റ് ഉത്പാദിപ്പിക്കണമെന്ന നിർദേശമാണു റബർ ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

ഉത്പാദനച്ചെലവിന് അനുസരിച്ച് ന്യായവില ലഭിക്കാതിരുന്നാൽ കർഷകർ പൂർണമായും ഈ മേഖലയിൽനിന്നു വിട്ടുനിൽക്കും. ഒരേക്കറിൽ താഴെയുള്ള റബർ തോട്ടങ്ങളിൽ പലതിലും ടാപ്പിംഗ് നടക്കുന്നില്ല. ചെലവിനും ആനുപാതികമായി വരവ് ലഭിക്കാത്തതിനെത്തുടർന്നാണു കർഷകർ പിന്മാറുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.