പുതിയ ദിശയിൽ ഓഹരി സൂചിക
പുതിയ ദിശയിൽ ഓഹരി സൂചിക
Sunday, August 28, 2016 11:28 AM IST
<ആ>ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: അതേ, ഓഹരി സൂചികയുടെ ദിശയിൽ കാതലായ മാറ്റം കഴിഞ്ഞ വാരം സംഭവിച്ചു. ഇന്ത്യൻ മാർക്കറ്റ് പുതിയ ദിശയിലേക്കു തിരിയുമെന്ന സൂചന മുൻവാരം തന്നെ വ്യക്‌തമാക്കിയിരുന്നു. നിഫ്റ്റിക്കും സെൻസെക്സിനും ഒരു ശതമാനം ഇടിവു നേരിട്ടു. വിപണി സാങ്കേതികമായി ദുർബലമായത് തിരിച്ചടിക്കു കാരണമായി.

ജാപ്പനീസ് മാർക്കറ്റും കഴിഞ്ഞ വാരം തളർച്ച നേരിട്ടു. അതേസമയം ഏഷ്യയിലെ മറ്റു പ്രമുഖ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ മാർക്കറ്റുകൾ തിളങ്ങിയപ്പോൾ യുഎസ് ഓഹരി സൂചികകൾ ചാഞ്ചാടി.

നിഫ്റ്റി സൂചിക 94 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. കഴിഞ്ഞ ലക്കം സൂചിപ്പിച്ച 8,706ലെ പ്രതിരോധം ഭേദിക്കാൻവേണ്ട കരുത്ത് വിപണിക്കു ലഭിച്ചില്ല. 8,682 വരെ സൂചിക ഉയർന്ന ഘട്ടത്തിൽ വില്പനക്കാർ വിപണിയിൽ പിടിമുറുക്കിയതോടെ സൂചിക തളർന്നു. മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച സപ്പോർട്ടായ 8,566നു കേവലം അഞ്ചു പോയിന്റ് മുകളിൽ 8,572ൽ ക്ലോസ് നടന്നു. ക്ലോസിംഗിൽ സപ്പോർട്ട് ലഭിച്ചെങ്കിലും ഇത് തിരിച്ചുവരവിനു സാഹചര്യമൊരുക്കാൻ ഇടയില്ല. നിഫ്റ്റി അതിന്റെ 20 ദിവസങ്ങളിലെ ശരാശരിയേക്കാൾ താഴെയാണ്. അതേസമയം 50 ഡിഎംഎ–യേക്കാൾ മുകളിലും. വാരാന്ത്യത്തിലെ ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്റും സമ്മർദമുളവാക്കി.

ഈ വാരം നിഫ്റ്റി 8,610ലെ താങ്ങ് നിലനിർത്താനായില്ലെങ്കിൽ 8,515–8,479നെ ലക്ഷ്യമാക്കി സൂചിക നീങ്ങാം. അതേസമയം, വിദേശത്തുനിന്ന് അനുകൂല തരംഗം ഉടലെടുത്താൽ സൂചിക 8,741–8,777ലേക്കു ചുവടുവയ്ക്കാം. ഈ തടസങ്ങൾ മറികടക്കാനുള്ള ഊർജം സ്വരൂപിച്ചാൽ സെപ്റ്റംബർ ആദ്യവാരം എൻഎസ്ഇ 8872 റേഞ്ചിലേക്കു നീങ്ങും. നിഫ്റ്റിയുടെ മറ്റ് സാങ്കേതിക വശങ്ങളിലേക്കു തിരിഞ്ഞാൽ പാരാബോളിക് എസ്എആർ, എംഎസിഡി, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ഷോട്ട് സെല്ലർമാർക്ക് അനുകൂലമാണ്. ആർഎസ്ഐ –14 ന്യൂട്ടറൽ റേഞ്ചിൽ തുടരുന്നു.


ബോംബെ സെൻസെക്സ് 28,151 വരെ ഉയർന്ന ശേഷം 27,703ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം സൂചിക 27,782ലാണ്. സെൻസെക്സ് ഈ വാരം മികവിന് തുനിഞ്ഞാൽ 28,054ലും 28,326ലും തടസങ്ങൾ നേരിടാം. നിക്ഷേപകർ ലാഭമെടുപ്പിൽ ശ്രദ്ധതിരിച്ചാൽ സൂചിക 27,606–27,430ലേക്കു പരീക്ഷണങ്ങൾ നടത്താം.

വിദേശഫണ്ടുകൾ ഒരു മാസത്തിനിടെ ആദ്യമായി വില്പനയ്ക്കു മുൻതൂക്കം നൽകി. ഓഗസ്റ്റിൽ ഇതിനകം 8000 കോടി രൂപ നിക്ഷേപിച്ച അവർ കഴിഞ്ഞ വാരം 626.33 കോടിയുടെ ഓഹരികൾ വിറ്റുമാറി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കിൽ വരുത്തിയ ഭേദഗതികളാണ് ഈ മാസം വിദേശനിക്ഷേപം ഇന്ത്യയിലേക്ക് പ്രവഹിക്കാൻ വഴിയൊരുക്കിയത്. ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിന് മുന്നിൽ രൂപയുടെ മുല്യം 67.06ൽ നിലകൊണ്ടു.

അമേരിക്കയിൽ ഡൗ ജോൺസ് സൂചിക 18,395 പോയിന്റിലും എസ് ആൻഡ് പി 2,169ലും നാസ്ഡാകസ് 5,281 ലുമാണ്. ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ ബാരലിന് 47.29 ഡോളറിലാണ്.

യുഎസ് ഡോളർ ഇൻഡക്സ് കരുത്തു കാണിച്ചത് ആഗോള സ്വർണവിപണിയെ ബാധിച്ചു. ഏതാനും ആഴ്ചകളായി ട്രോയ് ഔൺസിന് 1334 ഡോളറിലെ സപ്പോർട്ട് നിലനിർത്തിയ സ്വർണത്തിന് വാരാവസാനം അതു നഷ്ടപ്പെട്ട് 1324 ഡോളറായി. പുതിയ സാഹചര്യത്തിൽ സ്വർണം 1305–1290 ഡോളറിൽ താങ്ങിനു ശ്രമിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.