ഏകീകൃത പേമെന്റ് ഇന്റർഫേസുമായി ഫെഡറൽ ബാങ്ക്
ഏകീകൃത പേമെന്റ് ഇന്റർഫേസുമായി ഫെഡറൽ ബാങ്ക്
Friday, August 26, 2016 11:41 AM IST
കൊച്ചി: വിവിധ ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ സുഗമമായ രീതിയിൽ പണമിടപാട് നടത്താനുതകുന്ന ഏകീകൃത പേമെന്റ് ഇന്റർഫേസ് (യുപിഐ) ആപ്പായ “‘ലോട്സ’’ ഫെഡറൽ ബാങ്ക് പുറത്തിറക്കി. നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അനുവാദത്തോടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷന്റെയും പിന്തുണയോടെയുമാണിത്. ഇത്തരമൊരു ആപ്ലിക്കേഷൻ പുറത്തിറക്കാൻ അനുമതി ലഭിക്കുന്ന ആദ്യ ബാങ്കുകളിലൊന്നാണു ഫെഡറൽ ബാങ്ക്.

ഒറ്റ ആപ്ലിക്കേഷനിൽതന്നെ വ്യത്യസ്ത ബാങ്കുകളുടെ അക്കൗണ്ടുകളെന്ന ആശയത്തിലൂന്നി രൂപകല്പന ചെയ്ത ‘ലോട്സ’ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള തടസമില്ലാത്തതും സുഗമവുമായ സാമ്പത്തിക ഇടപാടുകൾക്ക് അവസരമൊരുക്കുന്നതായി ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഓരോ ഇടപാടിലും അക്കൗണ്ട് നമ്പറുകൾ ഓർത്തിരുന്നു ടൈപ്പ് ചെയ്തു ചേർക്കേണ്ട ആവശ്യം ഈ ആപ്ലിക്കേഷൻ വഴി ഇല്ലാതാകുന്നു.

അക്കൗണ്ട് നമ്പറുകൾ വെളിപ്പെടുത്തുന്നതിന്റെ പ്രശ്നസാധ്യതകൾ ഒഴിവാക്കി ഗുണഭോക്‌താക്കൾക്കു നൽകുന്ന വെർച്വൽ ഐഡികളുടെ അടിസ്‌ഥാനത്തിലാണു ലോട്സ പ്രവർത്തിക്കുന്നത്. നിലവിൽ ഒരാൾക്കു മറ്റൊരു ബാങ്കിലേക്കു പണം കൈമാറ്റം ചെയ്യണമെങ്കിൽ പണം ലഭിക്കേണ്ട ആളിന്റെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ ഐഎഫ്എസ് കോഡും മറ്റും ഓർത്തിരിക്കണം. എന്നാൽ, പുതിയ ആപ്പിലാകട്ടെ പണം ലഭിക്കേണ്ട വ്യക്‌തിയുടെ വെർച്വൽ ഐഡി മാത്രം മതിയാകും.


പണം ലഭിക്കുന്ന ആൾക്ക് തന്റെ അക്കൗണ്ട് നമ്പറോ മൊബൈൽ നമ്പറോ പോലുള്ള ഒന്നും പണം നൽകേണ്ട ആൾക്കു കൈമാറേണ്ടതില്ലെന്നു ബാങ്കിന്റെ ഡിജിറ്റൽ മേധാവി കെ.എ. ബാബു പറഞ്ഞു. ഏതു ബാങ്കിന്റെ ഇടപാടുകാർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണു ലോട്സ. ഭാവിയിലെ മൊബൈൽ ബാങ്കിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു”ലോട്സ കാരണമാകുമെന്നും അതിലൂടെ ഇന്ത്യക്കാർക്കു തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള സൗകര്യമാണു യുപിഐ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.