ഫോക്സ്വാഗൺ അമിയോ
ഫോക്സ്വാഗൺ അമിയോ
Saturday, July 16, 2016 11:24 AM IST
ഹാച്ച്ബാക് മോഡലായ പോളോയുടെ സെഡാൻ പതിപ്പ് എന്ന ലേബലിലാണ് ഫോക്സ്വാഗൺ ഇന്ത്യ അമിയോയെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പോളോയ്ക്കു ലഭിച്ച സ്വീകാര്യത ആവർത്തിക്കുംവിധമാണ് അമിയോയുടെ ബുക്കിംഗുകൾ. നാലു മീറ്ററിൽ താഴെ നീളമുള്ള ഹാച്ച്ബാക്കും സെഡാനും തമ്മിൽ എന്തു വ്യത്യാസം എന്നു ചിന്തിക്കുന്നവർക്ക് പരമാവധി സൗകര്യങ്ങൾ നല്കുന്ന വാഹനമായാണ് ഫോക്സ്വാഗൺ അമിയോയ്ക്ക് രൂപംനല്കിയിരിക്കുന്നത്.

അക്ഷരാർഥത്തിൽ പോളോതന്നെയാണ് അമിയോ. പോളോയുടെ എൻജിൻ പവറായ 1498 സിസിയിൽനിന്ന് 1198 സിസി ആക്കി കുറച്ചിട്ടുണ്ട്. പോളോയെക്കാളും മികച്ച സൗകര്യങ്ങളും അമിയോ നൽകുന്നു. ഡ്യുവൽ ബാരൽ ഹാലജൻ ബൾബുകളും അതിനു താഴെയുള്ള ഇൻഡിക്കേറ്റർ ബൾബുകളും ഇരുവാഹനങ്ങൾക്കും സമമാണ്. ഫോഗ് ലാമ്പ് വരെ നീളുന്ന വിധത്തിൽ ബംബറിൽ നല്കിയിരിക്കുന്ന ക്രോം സ്ട്രിപ്പ് വാഹനത്തിന് പ്രത്യേക അഴക് നൽകുന്നുണ്ട്. ഡ്യുവൽ ഫോഗ് ലാമ്പ് നല്കിയിരിക്കുന്നത് രാത്രികാലങ്ങളിൽ ടേണിംഗിന് അധികവെളിച്ചം നല്കുന്നു.

പോളോയിൽനിന്നു വ്യത്യാസപ്പെടുത്തിയാണ് ടെയിൽ ലാമ്പുകളുടെ രൂപഘടന. റിയർ ബമ്പറിനു മുകളിലായി നല്കിയിരിക്കുന്ന ടെയിൽ ലാമ്പ് വശങ്ങളിലേക്കു കയറിയിട്ടുമുണ്ട്. സെൻട്രൽ ലോക്കിംഗ് സംവിധാനത്തിലുള്ള ഡിക്കി തുറക്കാനായി വൺ ടച്ച് സ്വിച്ചും പിന്നിൽ കാമറയ്ക്കു സമീപം നല്കിയിട്ടുണ്ട്. ഇതിനായി ഡ്രൈവറുടെ അടുത്ത് സ്വിച്ച് നല്കിയിട്ടില്ല. വാഹനം സെൻട്രൽ ലോക്കിലാണെങ്കിൽ ഡിക്കി തുറക്കാൻ കഴിയില്ല. കോംപാക്ട് സെഡാൻ ആണെങ്കിലും വാഹനത്തിന്റെ ടെയിലിനു കാര്യമായ നീളമില്ല എന്നുള്ളതും എടുത്തുപറയാം.

ചെറുതെങ്കിലും ഉൾവശത്തെ സൗകര്യങ്ങളിൽ അമിയോ പിശുക്കു കാണിച്ചിട്ടില്ല. വിശാലമായ സ്ക്രാച്ച് പ്രൂഫ ഡാഷ്ബോർഡും ഓഫ്വൈറ്റ് നിറത്തിലുള്ള സീറ്റും അഡ്ജസ്റ്റബിൾ സ്റ്റീയറിംഗും വാഹനത്തിനു പ്രീമിയം ലുക്ക് നല്കുന്നുണ്ട്. ഫാൻസി കൂൾഡ് ഗ്ലവ്ബോക്സ് മിനി റെഫ്രിജറേറ്ററായി ഉപയോഗിക്കാം. കൂളിംഗിനുവേണ്ടി പ്രത്യേകം സ്വിച്ചും ബോക്സിനുള്ളിൽ നല്കിയിട്ടുണ്ട്. ഡിജിറ്റൽ മൾട്ടി ഫംഗ്ഷൻ ഡിസ്പ്ലേ ഇൻസ്ട്രുമെന്റ് കൺസോൾ ആദ്യ വേരിയന്റ് ഒഴികെയുള്ളവയ്ക്കു നല്കിയിട്ടുണ്ട്. ഒപ്പം, ടച്ച് സ്ക്രീൻ എന്റർടെയ്ൻമെന്റ് സിസ്റ്റവും മഴപെയ്താൽ തനിയെ പ്രവർത്തിക്കുന്ന വൈപ്പർ സിസ്റ്റവും ഈ സെഗുമെന്റിൽ ആദ്യമാണ്.

സുഖകരമായ യാത്രയ്ക്കു ചേരുംവിധമാണ് ബാക്ക് ബെഞ്ചിന്റെ രൂപഘടന. സഡൻ ബ്രേക്കിലോ കുഴിയിൽ ചാടുമ്പോഴോ യാത്രക്കാർ സീറ്റിൽനിന്നു തെന്നിപ്പോകില്ല എന്ന പ്രത്യേകത ഈ സീറ്റിംഗിനുണ്ട്. കൂടുതൽ ബൂട്ട് സ്പേസ് മികച്ച യാത്രാസുഖം നല്കുന്നുണ്ട്. ടോപ് വേരിയെന്റുകൾക്ക് പിൻസീറ്റിലേക്ക് എസി വിൻഡോ നല്കിയിട്ടുണ്ട്. ഇതോടൊപ്പം ഡ്രൈവർക്ക് ഹാൻഡ് റെസ്റ്റുമുണ്ട്.

പുറമേനിന്നു നോക്കിയാൽ അധിക സ്പേസ് തോന്നില്ലെങ്കിലും 330 ലിറ്റർ ഡിക്കി സ്പേസാണ് അമിയോ നല്കുന്നത്. ഒപ്പം, റിയർ സീറ്റ് ഫോൾഡ് ചെയ്ത് ലഗേജ് സ്പേസ് വർധിപ്പിക്കാനുമാകും.

<ആ>സുഖകരമായ ഡ്രൈവിംഗ്

തിരക്കുള്ള റോഡുകളിലൂടെ അനായാസം ഡ്രൈവ് ചെയ്യാനുള്ള രീതിയിലാണ് അമിയോ തയാറാക്കിയിരിക്കുന്നത്. ഫുൾ ലോഡിലുള്ള വാഹനം 20 കിലോമീറ്റർ സ്പീഡിലും തേർഡ് ഗിയറിൽ സഞ്ചരിക്കും. ഇതിൽനിന്നു വാഹനത്തിന്റെ കരുത്ത് മനസിലാക്കാം.


ടെലിസ്കോപിക് ആൻഡ് ട്വിസ്റ്റ് സ്റ്റീയറിംഗിൽ ഓഡിയോ കൺട്രോളിംഗ് സംവിധാനം നല്കിയിട്ടുണ്ട്. ടച്ച് സ്ക്രീൻ ഇൻഫോടെയ്മെന്റ് സിസ്റ്റത്തിൽ ബ്ലൂടൂത്ത്, എയുഎക്സ്, യുഎസ്ബി എന്നീ കണക്ടിവിറ്റികളുണ്ട്. റിവേഴ്സ് ഗിയറിൽ ടിവിയായും ടച്ച് സ്ക്രീൻ പ്രവർത്തിക്കുന്നു. ഓട്ടോ ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ രാത്രിയിൽ പിന്നിൽനിന്നുള്ള വാഹനങ്ങളുടെ വെളിച്ചം റിഫ്ളെക്ട് ചെയ്യിക്കില്ല. ഇതുവഴി പിന്നിൽ വരുന്ന വാഹനം വ്യക്‌തമായി കാണാനും കഴിയും.

1.2 ലിറ്റർ എംപിഐ പെട്രോൾ എൻജിനാണ് അമിയോയ്ക്കു നല്കിയിരിക്കുന്നത്. 1.5 ലിറ്റർ ഡീസൽ എൻജിനിൽ അമിയോ അടുത്ത മാസം വിപണിയിലെത്തുമെന്നാണു സൂചന. അഞ്ചു സ്പീഡ് മാന്വൽ ഗിയർ സിസ്റ്റം പെട്രോൾ എൻജിനു നല്കിയപ്പോൾ ഡീസലിൽ ഇത് ഏഴു സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലായിരിക്കും എത്തുക. 1.2 ലിറ്റർ പെട്രോൾ എൻജിൻ 75 പിഎസ് ആർപിഎമ്മിൽ 110 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നുണ്ട്. ഡീസലിൽ 90 പിഎസ് ആർപിഎമ്മിൽ 230 എൻഎം ടോർക് ആവാനാണ് സാധ്യത. ഇപ്പോൾ വിപണിയിൽ പെട്രോൾ പതിപ്പ് മാത്രമേ എത്തിയിട്ടുള്ളൂ. പെട്രോളിൽ പരമാവധി 17.83 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.

15,000 കിലോമീറ്റർ അല്ലെങ്കിൽ വർഷത്തിൽ ഒന്ന് എന്ന രീതിയിലാണ് ഫോക്സ് വാഗൺ വാഹനത്തിന്റെ സർവീസ്. വർഷത്തിൽ ഒന്നു മതിയാകും എന്നതിനാൽ സാധാരണക്കാരുടെ കൈയിലൊതുങ്ങുകയും ചെയ്യും.

<ആ>മികച്ച സുരക്ഷാ സംവിധാനങ്ങൾ

സ്റ്റാൻഡേഡ് മോഡൽ മുതൽ രണ്ട് എയർബാഗുകളും എബിഎസും നല്കിയിട്ടുണ്ട്. ഡീസലിൽ എബിഎസിനൊപ്പം ഇലക്ട്രോണിക് സ്റ്റബിലൈസേഷൻ പ്രോഗ്രാം (ഇഎസ്പി), ഹിൽ ഹോൾഡ് കൺട്രോൾ എന്നിവയുമുണ്ടാകും. ഇന്ത്യക്കുവേണ്ടി മാത്രം ഫോക്സ് വാഗൺ നിർമിച്ച വാഹനമാണ് അമിയോ. മാരുതി സുസുകി സ്വിഫ്റ്റ് ഡിസയർ, ഹ്യുണ്ടായി എക്സ്സെന്റ്, ഹോണ്ട അമേസ്, ഫോർഡ് ഫിഗോ ആസ്പൈർ, ടാറ്റാ സെസ്റ്റ് എന്നിവയാണ് അമിയോയുടെ പ്രധാന എതിരാളികൾ.

<ആ>സവിശേഷതകളോടെമൂന്നു വേരിയന്റുകൾ

ട്രെൻഡ്ലൈൻ, കംഫർട്ട്ലൈൻ, ഹൈലൈൻ എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് അമിയോയ്ക്കുള്ളത്. മൂന്നിലും ക്രൂയിസ് കൺട്രോൾ, വൺ ടച്ച് അപ്–ഡൗൺ പവർ വിൻഡോസ്, നാലു ഡോറുകളിലും വിൻഡോ റിമോട്ട് എന്നിവയുമുണ്ട്. കൂടുതൽ പ്രീമിയം സൗകര്യങ്ങൾ വേണ്ടിയവർക്കുള്ളതാണ് ഹൈലൈൻ വേരിയന്റ്. 15 ഇഞ്ച് അലോയ് വീലുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഫീച്ചർ, റിവേഴ്സ് പാർക്കിംഗ് കാമറയോടുകൂടിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്മെന്റ് സിസ്റ്റം, വോയിസ് കമാൻഡ് എന്നിവ ഹൈലൈൻ വേരിയന്റുകളുടെ പ്രത്യേകതയാണ്. ബ്ലൂ സിൽക്ക്, റിഫ്ളെക്സ് സിൽവർ, ടോഫീ ബ്രൗൺ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ എന്നീ നിറങ്ങളിൽ അമിയോ ലഭ്യമാണ്. 6.12 ലക്ഷം മുതൽ 8.18 ലക്ഷം രൂപവരെയാണ് ഫോക്സ്വാഗൺ അമിയോയുടെ ഓൺ റോഡ് വില.

<ആ>ടെസ്റ്റ് ഡ്രൈവ്: ഇവിഎം മോട്ടോഴ്സ്, കോട്ടയം. ഫോൺ– 9895764023
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.