നാളികേര ടെക്നോളജി മിഷൻ അപേക്ഷകൾ ക്ഷണിച്ചു
നാളികേര ടെക്നോളജി മിഷൻ അപേക്ഷകൾ ക്ഷണിച്ചു
Friday, July 1, 2016 11:46 AM IST
കൊച്ചി: നാളികേര ടെക്നോളജി മിഷനു കീഴിൽ നാളികേര സംസ്കരണ യൂണിറ്റുകൾ സ്‌ഥാപിക്കുന്നതിനോ നവീകരിക്കുന്നതിനോ താത്പര്യമുള്ള സംരംഭകരിൽ നിന്നും നാളികേര വികസന ബോർഡ് അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്തെ നാളികേര കൃഷിയെയും വ്യവസായത്തെയും പരിപോഷിപ്പിക്കാനും സാഹായിക്കാനും വേണ്ടി 2001ൽ നാളികേര വികസന ബോർഡ് ആരംഭിച്ച പദ്ധതിയാണ് നാളികേര ടെക്നോളജി മിഷൻ.

മൂല്യവർധിത നാളികേരോത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള നാളികേര സംസ്കരണ യൂണിറ്റുകൾ സ്‌ഥാപിക്കുന്നതിനായി സഹായധനമായി പദ്ധതിച്ചെലവിന്റെ 25 ശതമാനം നിരക്കിൽ 50 ലക്ഷത്തിൽ കവിയാത്ത തുക ധനസഹായം നൽകുന്നതാണ്. രജിസ്റ്റർ ചെയ്ത സംഘങ്ങൾ, എൻജിഒ, സംരംഭകർ, വ്യക്‌തികൾ, മറ്റു സ്‌ഥാപനങ്ങൾ എന്നിവയ്ക്കും അർഹമായ സഹായം നൽകുന്നതാണ്. ഇതിലേക്കു താത്പര്യമുള്ള സംരംഭകർക്കും, സംരംഭകരാകാൻ താത്പര്യമുള്ളവർക്കും പദ്ധതി റിപ്പോർട്ടും ആവശ്യമുള്ള രേഖകളും സഹിതം അപേക്ഷിക്കാവുന്നതാണ്.


പായ്ക്ക് ചെയ്ത തേങ്ങാവെള്ളം, മിനിമൽ പ്രോസസിംഗ് നടത്തിയ കരിക്ക്, തേങ്ങാ വെള്ളത്തിൽനിന്ന് വിനാഗിരി, തൂൾത്തേങ്ങ, ഡയറ്ററി ഫൈബർ, കൊഴുപ്പ് നീക്കിയ തേങ്ങാപ്പൊടി, തേങ്ങാ ക്രീം, തേങ്ങ പാൽപ്പൊടി, പായ്ക്ക് ചെയ്ത വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, തേങ്ങാ ചിപ്സ്, ഫ്ളേവേഡ് കോക്കനട്ട് ജ്യൂസ് തുടങ്ങി വിപണിയിൽ ഏറെ ഡിമാൻഡുള്ള നാളികേരാധിഷ്ഠിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതികൾക്കാണ് ധനസഹായം. നാളികേര ഉത്പാദക കമ്പനികൾക്കും, നാളികേര ഉത്പാദക ഫെഡറേഷനുകൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് : 0484–2376265, 2377266, 2377267, 2376553.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.