ഭാരത് സ്റ്റേജ്–6 നിബന്ധന 2020ൽ നടപ്പാകും
ഭാരത് സ്റ്റേജ്–6 നിബന്ധന 2020ൽ നടപ്പാകും
Monday, May 23, 2016 11:42 AM IST
ചെന്നൈ: വാഹനങ്ങളിലെ പുക നിയന്ത്രിക്കുന്നതിനുള്ള ഭാരത് സ്റ്റേജ്–6 നിബന്ധന 2020ൽ നടപ്പാകും. എസ്യുവി വാഹനങ്ങൾക്കു മാത്രമല്ല, നിബന്ധന നിലവിൽ വരുന്നതോടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും വില ഉയരും. റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ റിപ്പോർട്ടനുസരിച്ച് സ്കൂട്ടറുകൾക്കും മോട്ടോർസൈക്കിളുകൾക്കും 5000 മുതൽ 6000 രൂപ വരെ വർധിച്ചേക്കും.

ഇപ്പോൾ ബിഎസ്–3 നിബന്ധന അനുസരിച്ചാണ് ഇന്ത്യയിലെ ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ നിർമിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ ഇത് ബിഎസ് നാലിലേക്ക് മാറ്റും. 2020ൽ നിർമിക്കുന്ന ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ ബിഎസ് ആറ് നിബന്ധന പാലിക്കുന്നതായിരിക്കണമെന്നാണ് സർക്കാരിന്റെ ഉത്തരവ്.

ബിഎസ്–6 നിബന്ധന പാലിക്കുമ്പോൾ പെട്രോൾ കാറുകൾക്ക് 20,000–30,000 രൂപ വരെയും ഡീസൽ കാറുകൾക്ക് 75,000 മുതൽ ഒരു ലക്ഷം രൂപ വരെയും വില കൂടും. ട്രക്കുകൾക്കാവട്ടെ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ (ഇപ്പോഴത്തെ വിലയുടെ പത്തു ശതമാനം അധികം) വർധിക്കും.


പുതിയ വാഹനങ്ങൾക്ക് ബിഎസ്–5 നിബന്ധന വേണമെന്ന് ഈ വർഷം ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ ലഭ്യമായ സാങ്കേതിവദ്യയിൽ നിബന്ധനകൾ പാലിച്ച് വാഹനങ്ങൾ നിർമിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഐസിആർഎ മേധാവി സുബ്രതാ റേ പറഞ്ഞു. എന്നാൽ, ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രായോഗികമാക്കുക വെല്ലുവിളിയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. മാത്രമല്ല, നിബന്ധനകൾ പാലിച്ച് വാഹനങ്ങൾ പുറത്തിറക്കുമ്പോൾ അതനുസരിച്ചുള്ള ഇന്ധനലഭ്യത ഉറപ്പാക്കേണ്ടതായി വരും. 2020ഓടെ ശുദ്ധമായ ഇന്ധനലഭ്യത രാജ്യത്ത് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഎസ് ആറിലേക്കുള്ള സാങ്കേതികവിദ്യ തയാറാക്കാൻ നാലു വർഷമാണ് കമ്പനികളുടെ മുമ്പിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.