സ്മാർട്സിറ്റിയിലെ ആദ്യകമ്പനി മാരിആപ്സ് ഓഫീസ് ഉദ്ഘാടനം ചെയ്തു
സ്മാർട്സിറ്റിയിലെ ആദ്യകമ്പനി മാരിആപ്സ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Saturday, May 21, 2016 11:31 AM IST
കൊച്ചി: കൊച്ചി സ്മാർട്സിറ്റിയിലെ ആദ്യ കമ്പനിയായ മാരിആപ്സ് മറൈൻ സൊലൂഷൻസിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. സിംഗപ്പൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മാരിആപ്സിന്റെ മാതൃകമ്പനിയായ ബേൺഹാർഡ് ഷൂൾടെ ഷിപ്മാനേജ്മെന്റ് (ബിഎസ്എം) ഗ്രൂപ്പ് സിഇഒ നോർബർട് ആഷ്മനാണ് ഉദ്ഘാടനം ചെയ്തത്. വർധിച്ചു വരുന്ന ആവശ്യങ്ങൾക്കിണങ്ങുന്ന ആധുനിക അടിസ്‌ഥാന സൗകര്യങ്ങൾ ലഭ്യമാണെന്നതിനാലാണ് കൊച്ചി സ്മാർട്സിറ്റി തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. സ്മാർട്സിറ്റിയിലെ പ്രവർത്തനം തങ്ങളുടെ ജീവനക്കാർക്ക് കൂടുതൽ പ്രചോദനമേകുമെന്നും സംസ്‌ഥാനത്തെ ഐടി വ്യവസായത്തിന് കൊച്ചി സ്മാർട്സിറ്റി കുതിപ്പേകുമെന്നും അദ്ദേഹം പറഞ്ഞു. 2010ൽ 40 ജീവനക്കാരുമായി കേരളത്തിൽ ആരംഭിച്ച കമ്പനിക്ക് കൊച്ചിയിലിപ്പോൾ 140 ജീവനക്കാരുണ്ട്. കേരളത്തിലെ ജീവനക്കാരുടെ എണ്ണം വർഷം തോറും 20–30 ശതമാനം വീതം വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച മാരിആപ്സ് സിഇഒ ശങ്കർ വി. രാഘവൻ പറഞ്ഞു.


ആഗോള ഷിപ്പിംഗ്, മറൈൻ വ്യവസായങ്ങൾക്കാവശ്യമായ ഐടി സേവനരംഗത്ത് പ്രവർത്തിക്കുന്ന മാരിആപ്സ് സൈപ്രസ്, സിംഗപ്പൂർ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. സിംഗപ്പൂർ ആസ്‌ഥാനമായുള്ള മറ്റൊരു ഐടി കമ്പനി സിംഗ്നെറ്റ് സൊലൂഷൻസ് ജൂൺ ആദ്യവാരം സ്മാർട്സിറ്റിയിൽ ഓഫീസ് തുറക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.