കള്ളപ്പണം: പിഴയും സർചാർജും ഉൾപ്പെടെ വെളിപ്പെടുത്തപ്പെട്ട തുകയുടെ45% അടച്ച് മുക്‌തി നേടാം
കള്ളപ്പണം: പിഴയും സർചാർജും ഉൾപ്പെടെ വെളിപ്പെടുത്തപ്പെട്ട തുകയുടെ45% അടച്ച് മുക്‌തി നേടാം
Sunday, April 24, 2016 12:35 PM IST
<ആ>നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)

മുൻകാലങ്ങളിൽ അടയ്ക്കേണ്ടിയിരുന്ന നികുതി പൂർണമായും അടയ്ക്കാത്തവർക്ക് നികുതിബാധ്യതയിൽനിന്നു രക്ഷ നേടുന്നതിന് ഒരവസരം കഴിഞ്ഞ ബജറ്റിൽ നല്കുകയുണ്ടായി. വെളിപ്പെടുത്തുന്ന തുകയുടെ മുപ്പത് ശതമാനം നികുതിയും ഏഴര ശതമാനം സർചാർജും ഏഴര ശതമാനം പിഴയും ഉൾപ്പെടെ 45 ശതമാനം തുകയാണ് ഗവൺമെന്റിലേക്ക് അടയ്ക്കേണ്ടത്. ഇതിനെ വോളന്ററി ഡിസ്ക്ലോഷർ സ്കീം ആയി കണക്കാക്കാൻ പാടില്ലെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. (വോളന്ററി ഡിസ്ക്ലോഷർ സ്കീം 1997 കോടതിയുടെ നിശിതമായ വിമർശനത്തിനു വിധേയമായതിലാണിത്). ഇതുവരുമാനം വെളിപ്പെടുത്തൽ സ്കീം 2016എന്ന പേരിലാണ് അറിയപ്പെടുന്നത്.

സ്കീം ജൂൺ ഒന്നിനു തുടങ്ങും. ഗവൺമെന്റ് വിജ്‌ഞാപനം ചെയ്യുന്ന ദിവസം വരെ നിലനിൽക്കുകയും ചെയ്യും. സെപ്റ്റംബർ 30ന് അവസാനിക്കുമെന്നാണു കരുതപ്പെടുന്നത്.

സത്യസന്ധരായ നികുതിദായകരുടെ മേൽ ചുമത്തപ്പെടുന്ന കുറ്റകരമായ ഒരു വ്യവസ്‌ഥയാണ് വോളന്ററി ഡിസ്ക്ലോഷർ സ്കീം 1997 എന്ന് അന്നത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും വിമർശിച്ചിരുന്നു. അതിനാലാണ് നികുതിബാധ്യത 45 ശതമാനമാക്കി നിജപ്പെടുത്തിയത്. വെളിപ്പെടുത്തൽ കഴിഞ്ഞതിനുശേഷം നികുതി അടയ്ക്കുന്നതിന് രണ്ടു മാസംവരെ സമയം ലഭിക്കും.



ആർക്കൊക്കെ ഈ പദ്ധതിയിൽ ചേരാം

ആദായനികുതി നിയമം 2(31) വകുപ്പനുസരിച്ച് ഏഴു തരം നികുതിദായകരാണ് നിലവിലുള്ളത്. ഈ ഏഴു തരം നികുതിദായകർക്കും ഈ സ്കീമിൽ പങ്കെടുക്കാവുന്നതാണ്.

<ആ>നികുതിനിബന്ധനകൾ

1. ആദായനികുതി നിയമം 139 അനുസരിച്ച് നികുതിയുടെ റിട്ടേണുകൾ ഫയൽ ചെയ്യാത്തവർ.

2. റിട്ടേണുകളിൽ പൂർണമായും വരുമാനം വെളിപ്പെടുത്താത്തവർ.

3. നികുതി നിർണയത്തിൽനിന്ന് ഏതെങ്കിലും വിധത്തിൽ രക്ഷപ്പെട്ടിട്ടുള്ളവരും സത്യസന്ധമായ വിധത്തിൽ വരുമാനത്തിന്റെ വിവരങ്ങൾ അസസ്മെന്റ് സമയത്ത് വെളിപ്പെടുത്താത്തവർക്കും ഈ സ്കീമിൽ പങ്കാളികളാവുന്നതാണ്.

സ്കീമിൽ പങ്കെടുക്കാൻ സാധിക്കാത്തവർ

1. ആദായനികുതി നിയമം വകുപ്പ് 142(1), 143(2), 143, 153 എ, 153 സി എന്നിവയനുസരിച്ച് നോട്ടീസ് ലഭിച്ചിട്ടുള്ളവർക്ക് ഈ സ്കീമിൽ ചേരാൻ സാധ്യമല്ല.

2. ആദായനികുതി ഡിപ്പാർട്ട്മെന്റിൽനിന്നു സേർച്ച് ഉണ്ടായിട്ടുള്ളവർക്ക് നോട്ടീസ് നല്കുന്നതിനുള്ള സമയം കാലാഹരണപ്പെട്ടിട്ടില്ലെങ്കിൽ ഈ സ്കീമിൽ ചേരാൻ സാധ്യമല്ല.

3. വിദേശരാജ്യങ്ങളുമായി ഏർപ്പെട്ടിട്ടുള്ള ‘ടാക്സ് ഇൻഫർമേഷൻ എക്സ്ചേഞ്ച് എഗ്രിമെന്റ്’ അനുസരിച്ച് നികുതിദായകന്റെ പ്രസ്തുത വരുമാനത്തെപ്പറ്റിയുള്ള ഏതെങ്കിലും വിവരങ്ങൾ വിദേശ ഗവൺമെന്റിൽനിന്നു ലഭിച്ചിട്ടുണ്ടെങ്കിൽ പദ്ധതിയിൽ ചേരാൻ നിർവാഹമില്ല.

4. 2015ലെ ബ്ലാക്ക് മണി ആക്റ്റിന്റെ കീഴിൽ വരുന്ന കേസുകൾ ഈ സ്കീമിൽപ്പെടുത്താവുന്നതല്ല.

5. സ്പെഷൽ കോർട്ട് ആക്റ്റ് 1992 അനുസരിച്ച് വിജ്‌ഞാപനം ചെയ്യപ്പെട്ടിട്ടുള്ള വ്യക്‌തികൾക്ക് ഈ പദ്ധതിയിൽ ഉൾപ്പെടാൻ സാധിക്കില്ല.

6. ഇന്ത്യൻ പീനൽ കോഡ് അനുസരിച്ചും നർക്കോട്ടിക് ഡ്രഗ് ആക്റ്റ് അനുസരിച്ചും പ്രിവെൻഷൻ ഓഫ് അൺലോഫുൾ ആക്ടിവിറ്റീസ് 1967 അനുസരിച്ചും അഴിമതി നിരോധനനിയമം 1988 അനുസരിച്ചും ഏതെങ്കിലും നടപടിക്രമങ്ങൾ നേരിട്ടവർക്ക് ഈ സ്കീമിൽ പങ്കാളികളാകാൻ സാധിക്കില്ല.

സ്വത്തുക്കളിലും മറ്റും നിക്ഷേപിക്കപ്പെട്ടിട്ടുള്ള തുകകൾ

വെളിപ്പെടുത്താത്ത തുകകൾ ഏതെങ്കിലും സ്വത്തുക്കളിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് എങ്കിൽ ആ സ്വത്തുക്കളുടെ ജൂൺ ഒന്നിനു നിലവിലുള്ള കമ്പോളവിലയാണ് വരുമാനമായി വെളിപ്പെടുത്തേണ്ടത്. നിലവിലുള്ള കമ്പോളവില നിശ്ചയിക്കുന്നതിനുള്ള മാർഗങ്ങൾ ഗവൺമെന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. വരുമാനനിർണയത്തിന് ഈ വിലയിൽനിന്നും യാതൊരു വിധത്തിലുള്ള കിഴിവുകളോ ഇളവുകളോ ലഭിക്കുന്നതല്ല.

ആരാണ് വെളിപ്പെടുത്തൽനടത്തേണ്ടത്?

1. വ്യക്‌തികൾ: വ്യക്‌തികളുടെ കാര്യത്തിൽ അവർ നേരിട്ടാണ് വെളിപ്പെടുത്തൽ നടത്തേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ അവർ ഇന്ത്യയിൽ ഇല്ലെങ്കിൽ പ്രസ്തുത വ്യക്‌തികൾ അധികാരപ്പെടുത്തിയ ആളുകൾക്ക് ഇതു നടത്താവുന്നതാണ്. പ്രസ്തുത വ്യക്‌തികൾ ഏതെങ്കിലും വിധത്തിൽ മാനസികാസ്വാസ്‌ഥ്യം ഉള്ളവരാണെങ്കിൽ അദ്ദേഹത്തിന്റെ രക്ഷാധികാരിക്കോ അല്ലെങ്കിൽ മറ്റ് ഉത്തരവാദപ്പെട്ടവർക്കോ വെളിപ്പെടുത്തൽ നടത്താവുന്നതാണ്.


2. ഹിന്ദു അവിഭക്‌ത കുടുംബം: കുടുംബനാഥനാണ് ഹിന്ദു അവിഭക്‌ത കുടുംബത്തിന്റെ സ്വത്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടത്. ഏതെങ്കിലും കാരണവശാൽ കുടുംബനാഥൻ ഇന്ത്യയിലില്ലെങ്കിലോ, ഏതെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണെങ്കിലോ പ്രായപൂർത്തിയായ അംഗത്തിന് വെളിപ്പെടുത്തൽ നടത്താവുന്നതാണ്.

3. കമ്പനി: മാനേജിംഗ് ഡയറക്ടർ ഉണ്ടെങ്കിൽ അദ്ദേഹമാണ് വെളിപ്പെടുത്തൽ നടത്തേണ്ടത്. അല്ലാത്ത പക്ഷം മറ്റു ഡയറക്ടർമാർക്ക് ഇതു നടത്താവുന്നതാണ്.

4. പാർട്ണർഷിപ്പ് ഫേമുകൾ: മാനേജിംഗ് പാർട്ണർ ആണ് വെളിപ്പെടുത്തൽ നടത്തേണ്ടത്. മാനേജിംഗ് പാർട്ണർ ഇല്ലെങ്കിൽ മറ്റ് പാർട്ണർമാർക്ക് ഇതു നടത്താവുന്നതാണ്.

5. അസോസിയേഷൻ ഓഫ് പേഴ്സൺസ്: അസോസിയേഷനിലെ പ്രധാനപ്പെട്ട ഓഫീസർക്ക് വെളിപ്പെടുത്തൽ നടത്താം. അദ്ദേഹത്തിന്റെ അഭാവത്തിൽ ഏതെങ്കിലും അംഗത്തിന് ഇതു നടത്താവുന്നതാണ്.

6. മറ്റു നികുതിദായകർ: അധികാരപ്പെടുത്തിയിട്ടുള്ള ഏതു വ്യക്‌തിക്കും പ്രസ്തുത സ്‌ഥാപനത്തിനുവേണ്ടി വെളിപ്പെടുത്തൽ നടത്താവുന്നതാണ്.


പ്രസ്തുത വെളിപ്പെടുത്തൽ അതാത് സ്‌ഥലത്തെ പ്രിൻസിപ്പൽ കമ്മീഷണർ അല്ലെങ്കിൽ കമ്മീഷണർ മുമ്പാകെയാണു നടത്തേണ്ടത്. ഒരു ഡിക്ലറേഷൻ മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഒന്നിൽ കൂടുതൽ ഡിക്ലറേഷനുകൾ സമർപ്പിച്ചുണ്ടെങ്കിൽ ആദ്യം സമർപ്പിച്ചത് മാത്രം കണക്കിലെടുക്കുന്നതാണ്.

നികുതിയും സചാർജും പലിശയും ഉൾപ്പെടെ തുക ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്ന തീയതിക്ക് മുമ്പ് അടയ്ക്കേണ്ടതാണ്, നികുതി അടച്ചതിനു തെളിവായി പ്രസ്തുത ചെലാന്റെ കോപ്പി പ്രിൻസിപ്പൽ കമ്മീഷണർ അല്ലെങ്കിൽ കമ്മീഷണർ മുമ്പാകെ ഹാജരാക്കേണ്ടതാണ്. നികുതിദായകൻ ഡിക്ലറേഷൻ നല്കുകയും നികുതിത്തുക അടക്കാൻ പരാജയപ്പെടുകയും ചെയ്താൽ പ്രസ്തുത ഡിക്ലറേഷനുകൾ നിലവിൽ ഇല്ലാത്തതായി കണക്കാക്കപ്പെടുന്നതാണ്. അടച്ച നികുതിയോ സർചാർജോ പലിശയോ തിരിച്ചു നല്കപ്പെടുന്നതല്ല. ഡിക്ലറേഷൻ നല്കുകയും നികുതി അടയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ വെളിപ്പെടുത്തപ്പെട്ട ആദായത്തിന്മേൽ അസസ്മെന്റ് നടത്തി നികുതി നിശ്ചയിക്കുന്നതുമായിരിക്കും.

പ്രസ്തുത സ്കീം അനുസരിച്ച് വെളിപ്പെടുത്തപ്പെട്ട തുക ആദായനികുതി നിയമം അനുസരിച്ച് ഫയൽ ചെയ്യുന്ന വാർഷിക റിട്ടേണുകളിലെ മൊത്തവരുമാനത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. നികുതിദായകൻ മുകളിൽ സൂചിപ്പിക്കപ്പെട്ട നികുതിയും സർചാർജും പലിശയും അടച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് പ്രസ്തുത നിയമം ബാധകമാകുന്നത്. മേൽപ്രകാരം വെളിപ്പെടുത്തൽ നടത്തി നികുതി അടച്ചാലും പ്രസ്തുത വ്യക്‌തിക്ക് മുൻകാലങ്ങളിൽ അടച്ചിട്ടുള്ള ഒരു നികുതിയും റീഫണ്ടായി ആവശ്യപ്പെടാനാവില്ല. അതുപോലെതന്നെ നിലവിലുള്ളതോ പൂർത്തീകരിക്കപ്പെട്ടതോ ആയ അപ്പീലിന്മേൽ യാതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളോ കിഴിവുകളോ ആവശ്യപ്പെടാൻ പ്രസ്തുത വ്യക്‌തിക്കു സാധിക്കുന്നതല്ല.

<ആ>സ്വത്തുനികുതിയിൽനിന്ന് ഒഴിവ്

പ്രസ്തുത വെളിപ്പെടുത്തപ്പെട്ട സ്വത്തിന്മേൽ സ്വത്തുനികുതി ഈടാക്കുന്നതല്ല. പ്രസ്തുത സ്വത്തിന്റെ വിവരങ്ങൾ റിട്ടേണുകളിൽ വെളിപ്പെടുത്തിയില്ലായെങ്കിലും ഭാഗികമായ വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നതെങ്കിലും കിഴിവുകൾ ലഭിക്കുന്നതാണ്. ഫേം വെളിപ്പെടുത്തിയിരിക്കുന്ന സ്വത്തുക്കൾ പാർട്ണറുടെ സ്വത്തുക്കളായി കണക്കാക്കുന്നതല്ല. ഈ നിയമപ്രകാരം നടത്തിയ വെളിപ്പെടുത്തലുകൾ ആദായനികുതി നിയമം സംബന്ധിച്ച യാതൊരു കേസിലും പ്രസ്തുത വ്യക്‌തിക്ക് എതിരായ തെളിവുകളായി സ്വീകരിക്കുന്നതല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.