ചരക്കുമേഖലയില്‍ 1.17 കോടി തൊഴിലവസരങ്ങള്‍ വരുന്നു
Sunday, October 11, 2015 11:20 PM IST
ന്യൂഡല്‍ഹി: ചരക്കുമേഖലയില്‍ 2022 ആകുമ്പോഴേക്കും 1.17 കോടി തൊഴിലാളികളെക്കൂടി ആവശ്യമായി വരുമെന്ന് ദേശീയ നൈപുണ്യവികസന കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി).

ചരക്കുഗതാഗതം, ഗോഡൌണ്‍ മാനേജ്മെന്റ് ആന്‍ഡ് പായ്ക്കിംഗ് മേഖലയില്‍ നിലവില്‍ 1.67 കോടിയിലധികം ആളുകള്‍ ജോലിചെയ്യുന്നുണ്ട്. 2022 ആകുമ്പോഴേക്ക് 1.17 കോടി തൊഴിലവസരങ്ങള്‍കൂടി ഈ മേഖലയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വളരെവേഗം വളര്‍ന്നുവരുന്ന ഓണ്‍ലൈന്‍ വ്യാപാരശൃംഖലതന്നെയാണ് ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ജനങ്ങള്‍ക്ക് അടുത്ത കാലത്ത് താത്പര്യം വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ വളര്‍ച്ച ഇപ്പോള്‍ 52 ശതമാനം പിന്നിട്ടു. വളരെ മോശമായ സാഹചര്യവും മറ്റു തൊഴിലവസരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ആവശ്യമായ വേതനം ലഭിക്കുന്നില്ല എന്നത് ചരക്കുമേഖലയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ കടന്നുകയറ്റത്തെ സാരമായി ബാധിക്കുന്നുണ്െടന്ന് എന്‍എസ്ഡിസി എംഡിയും സിഇഒയുമായ ദിലീപ് ഷേണായ് പറഞ്ഞു.


പുതുതായി ഈ രംഗത്തേക്ക് നിരവധി കമ്പനികള്‍ കടന്നുവരുന്നത് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും തൊഴിലാളികള്‍ക്ക് അതനുസരിച്ചുള്ള മുന്‍ഗണന ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുംബൈ, കോല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു, സൂറത്ത് എന്നീ നഗരങ്ങള്‍ നിലവില്‍ ചരക്കുമേഖലയില്‍ വന്‍ വളര്‍ച്ചനേടിയിട്ടുണ്െടന്നും എന്‍എസ്ഡിസി പറഞ്ഞു. 2017-2022 കാലഘട്ടത്തില്‍ ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ മേഖലകളിലും പത്തു ലക്ഷത്തിനു മുകളില്‍ അധിക തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും എന്‍എസ്ഡിസി പഠനത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.