യുവസംരംഭകത്വസംഗമം 12നു കൊച്ചിയില്‍
യുവസംരംഭകത്വസംഗമം 12നു കൊച്ചിയില്‍
Wednesday, September 2, 2015 9:38 PM IST
കൊച്ചി: യുവസംരംഭകത്വ സംഗമത്തിന്റെ (യെസ്) രണ്ടാമത് പതിപ്പായ യെസ് കാന്‍ 2015നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) എംഡി ഡോ. എം. ബീന പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 12ന് കൊച്ചിയിലെ ഹോട്ടല്‍ ക്രൌണ്‍പ്ളാസയിലാണ് പരിപാടി നടക്കുന്നത്. കണക്ടിവിറ്റി ആന്‍ഡ് നെറ്റ്വര്‍ക്കിംഗ് (കാന്‍) എന്നതാണ് ഇത്തവണത്തെ സംഗമത്തിന്റെ പ്രമേയം.

രാജ്യത്തെ സ്റാര്‍ട്ടപ്പുകളെ പരസ്പരവും എയ്ഞ്ചല്‍ ഇന്‍വെസ്റര്‍മാരുമായും മികച്ച രീതിയില്‍ ബന്ധിപ്പിക്കുകയും ഇന്‍കുബേറ്ററുകളെ ഒരു ശൃംഖലയാക്കുകയുമാണ് ലക്ഷ്യം. ഓരോ കോളജില്‍ നിന്നും പത്തു വിദ്യാര്‍ഥികളെയും മൂന്നു പ്രതിനിധികളെയും പ്രത്യേകം ക്ഷണിച്ചാണ് യെസ് കാന്‍ സംഘടിപ്പിക്കുന്നത്. 1,500 പേരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്.

വിജയിച്ച സ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരും സംരംഭകരും മികച്ച പ്രഫഷണലുകളും അംഗങ്ങളായുള്ള ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ പ്രോഡക്ട് ഇന്‍ഡസ്ട്രി റൌണ്ട്ടേബിള്‍ “(ഐഎസ്പിഐആര്‍ടി), പിഇ, വെന്‍ച്വര്‍ ക്യാപ്പിറ്റല്‍, എയ്ഞ്ചല്‍ ഫണ്ടിംഗ് സ്ഥാപനങ്ങള്‍ അംഗങ്ങളായുള്ള ഇന്ത്യ പ്രൈവറ്റ് ഇക്വിറ്റി ആന്‍ഡ് വെന്‍ച്വര്‍ ക്യാപ്പിറ്റല്‍ അസോസിയേഷന്‍ (ഐവിസിഎ) എന്നിവ കെഎസ്ഐഡിസിയെ പിന്തുണയ്ക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 12ന് രാവിലെ പത്തിന് സംഗമം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. വളര്‍ന്നുവരുന്ന സംരംഭകരുമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരും വ്യവസായപ്രമുഖരും തുടര്‍ന്നു നടക്കുന്ന സെഷനില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. രാജ്യത്തുടനീളമുള്ള മികച്ച സ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരെ കാണാനും അവരുമായി ആശയങ്ങള്‍ പങ്കുവയ്ക്കാനും യുവസംരംഭകര്‍ക്ക് സാധിക്കും. അതോടൊപ്പം ബിസിനസ് പ്രമുഖര്‍, വെന്‍ച്വര്‍ ക്യാപ്പിറ്റലിസ്റുകള്‍, എയ്ഞ്ചല്‍ ഫണ്ടുകള്‍, കെഎസ്ഐഡിസി ഉന്നതര്‍ തുടങ്ങിയവരുമായി പരിപാടിക്കിടയില്‍ സംവദിക്കാനും പ്രതിനിധികള്‍ക്ക ്അവസരം ലഭിക്കും.

ഇന്നൊവേറ്റീവ് ഐഡിയ കോണ്ടസ്റിലെ വിജയികള്‍ക്ക് ഉദ്ഘാടനച്ചടങ്ങില്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പത്ത് നൂതന ആശയങ്ങളാണ് മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കുക. ഏറ്റവും മികച്ച ആശയത്തിന് ഒരു ലക്ഷം രൂപയും രണ്ടാമത്തേതിന് 50,000 രൂപയും മൂന്നാമത്തേതിന് 30,000 രൂപയും സമ്മാനമായി ലഭിക്കും. മറ്റ് ഏഴ് ആശയങ്ങള്‍ക്ക് 25,000 രൂപ വീതം പ്രോല്‍സാഹന സമ്മാനമായും നല്‍കും. 517 ആശയങ്ങളാണ് ഇതിനകം ലഭ്യമായിട്ടുള്ളത്.

സംഗമത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏതാനും ചില പദ്ധതികള്‍ക്ക് തുടക്കമിട്ടിരുന്നു. അന്‍പത് യുവ മൊബൈല്‍ ആപ്ളിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്ക് കേരള സ്റാര്‍ട്ടപ്പ് മിഷന്‍ വഴി സ്റാര്‍ട്ടപ്പ് ബോക്സുകള്‍ വിതരണം ചെയ്തതാണ് അവയില്‍ പ്രധാനം. സംസ്ഥാനത്ത് വെന്‍ച്വറുകള്‍ തുടങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന കേരള സ്റാര്‍ട്ടപ്പ് മിഷന്റെ വെബ്സൈറ്റിനും തുടക്കമിട്ടിട്ടുണ്ട്.


യുവാക്കളിലും വിദ്യാര്‍ഥികളിലും സംരംഭകത്വ സംസ്കാരം പരിപോഷിപ്പിക്കുന്നതിനും എല്ലാ മേഖലകളിലും സംരംഭകത്വ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് 2014ല്‍ കെഎസ്ഐഡിസിയുടെ മേല്‍നോട്ടത്തില്‍ യുവസംരംഭകത്വ സംഗമം സംഘടിപ്പിച്ചത്. അത് വന്‍ വിജയമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കെഎസ്ഐഡിസി വഴി ഒട്ടേറെ പദ്ധതികള്‍ക്കു രൂപം നല്‍കി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും കേരള സ്റാര്‍ട്ടപ്പ് മിഷനും (പഴയ ടെക്നോപാര്‍ക്ക് ടിബിഐ) ഇതില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്.

യെസിന്റെ ഭാഗമായി യുവ പ്രതിഭകള്‍ക്കും സംരംഭകര്‍ക്കും ഇന്‍കുബേഷന്‍ സൌകര്യം, സാമ്പത്തിക പിന്തുണ, ഉപദേശ നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം കെഎസ്ഐഡിസി നല്‍കിവരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ 4,200 ചതുരശ്ര മീറ്ററിലായി സജ്ജീകരിക്കുന്ന ഇന്‍കുബേഷന്‍ സെന്ററില്‍ 120 സീറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ഇപ്പോള്‍ 12 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 25 കമ്പനികള്‍ക്ക് ഇവിടെ പ്രവര്‍ത്തന സൌകര്യമുണ്ടാകും.

സ്വന്തം ഇന്‍കുബേഷന്‍ സെന്ററിനു പുറമേ, സംസ്ഥാനത്തെ ഐടി എന്‍ജിനിയറിംഗ് ഇതര കോളജുകളില്‍ ഇന്‍കുബേഷന്‍ സെന്ററുകളും നൈപുണ്യ വികസനകേന്ദ്രങ്ങളും കോര്‍പറേഷന്‍ സജ്ജീകരിച്ചുവരികയാണ്. കോളജുകള്‍ വഴി യുവസംരംഭകര്‍ക്ക് മെന്ററിംഗ് പിന്തുണ ലഭ്യമാക്കാനായി ടിഐഇ, സിഐഐ എന്നിവയുമായി കോര്‍പറേഷന്‍ ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സ്റാര്‍ട്ടപ്പുകളെ സഹായിക്കാനായി കോര്‍പറേഷന്‍ സീഡ് ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഒരു കമ്പനിക്ക് 25 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ അനുവദിക്കുക. പത്തു കമ്പനികള്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള ധനസഹായം സ്വീകരിച്ചിട്ടുണ്ട്.

കളമശേരിയില്‍ 13.2 ഏക്കര്‍ വരുന്ന കാംപസില്‍ കേരള ടെക്നോളജി ഇന്നൊവേഷന്‍ സോണിന്റെ നിര്‍മാണം കേരള സ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിച്ചുകഴിഞ്ഞു. അഞ്ചുലക്ഷം ചതുരശ്ര അടി പ്രവര്‍ത്തന വിസ്തീര്‍ണം ഇതിനുണ്ടാകും. ഇന്‍ഫോപാര്‍ക്കില്‍ നാസ്കോം 10കെ സ്റാര്‍ട്ടപ്പ് വെയര്‍ഹൌസ് സ്ഥാപിക്കാനായി നാസ്കോമുമായി സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. കെഎസ്ഐഡിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. ഉണ്ണിക്കൃഷ്ണനും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.