റീജണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചുകള്‍ ഓണ്‍ലൈനിലേക്ക്
റീജണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചുകള്‍ ഓണ്‍ലൈനിലേക്ക്
Tuesday, August 4, 2015 11:19 PM IST
അഹമ്മദാബാദ്: റീജണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചുകള്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി റിപ്പോര്‍ട്ട്. ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് കമ്മീഷനു (എഫ്എംസി) കീഴിലുള്ള റീജണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചുകള്‍ സെബിയുടെ നിയന്ത്രണത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണ് നടപടികള്‍.

സെപ്റ്റംബര്‍ അവസാനത്തോടെ ഇതു പ്രാബല്യത്തില്‍ വരും. നിലവില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ എല്ലാ റീജണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചുകളും സെബിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടും. ഓണ്‍ലൈന്‍ ആകുന്നതിന്റെ ഭാഗമായി ഓഫീസുകള്‍ കടലാസ്രഹിതമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.

ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള ഹാപ്പൂര്‍ കമ്മോഡിറ്റി എകസ്ചേഞ്ച് കടലാസ്രഹിത ഓഫീസിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ ഫസ്റ് കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എഫ്സിഇഐ) ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി അടുത്തമാസം ഒരു അസാധാരണ പൊതുയോഗം വിളിക്കാനൊരുങ്ങുകയാണ്. ഗുജറാത്ത് ആസ്ഥാനമായ രാജ്കോട്ട് കമ്മോഡിറ്റി എക്സ്ചേഞ്ച്(ആര്‍സിഎക്സ്) ഉടന്‍തന്നെ ഓണ്‍ലൈനില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള തയാറെടുപ്പിലാണ്.


വില്പനക്കാര്‍ തങ്ങള്‍ ഉത്പന്നങ്ങള്‍ നല്‍കാന്‍ തയാറുള്ള വില ഉച്ചത്തില്‍ വിളിച്ചുപറയുകയും വാങ്ങുന്നവര്‍ ഡിമാന്‍ഡിനനുസരിച്ച് വിലപറയുകയും ചെയ്യുന്ന ലേല സമ്പദ്രായമാണ് റീജണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചുകള്‍ വ്യാപാരത്തിനായി ഉപയോഗിച്ചുവന്നിരുന്നത്.

എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനാകുന്നതുമായി ബന്ധപ്പെട്ട് ഇവയുടെ നിയമങ്ങളും പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്നതിനായി എക്സ്ചേഞ്ച് അധികൃതര്‍ സെബി ഉദ്യോഗസ്ഥരുമായി നിരന്തരമായി ബന്ധപ്പെട്ടുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.