ഗ്രീസ് സാമ്പത്തിക പ്രതിസന്ധി: ഇന്ത്യയെ പരോക്ഷമായി ബാധിച്ചേക്കുമെന്ന് ധനകാര്യ സെക്രട്ടറി
Tuesday, June 30, 2015 11:14 PM IST
ന്യൂഡല്‍ഹി: ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലും പരോക്ഷമായി പ്രതിഫലിച്ചേക്കാമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് മഹര്‍ഷി. ഗ്രീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. എന്നാല്‍ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് നിലവില്‍ പ്രത്യേക പദ്ധതികളൊന്നും തന്നെ ആവിഷ്കരിച്ചിട്ടില്ല. സാഹചര്യങ്ങള്‍ എന്തായിത്തീരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത അവസ്ഥയില്‍ പദ്ധതികളുമായി തയാറെടുത്തിരിക്കുന്നത് യുക്തിസഹമല്ലെന്നും മഹര്‍ഷി പറഞ്ഞു.

ഗ്രീസിലെ അസ്വാസ്ഥ്യങ്ങള്‍ ഇന്നലെ ഓഹരിവിപണികളില്‍ വന്‍ തോതില്‍ ഓഹരി വിറ്റഴിക്കലിനു വഴിവച്ചു. യൂറോപ്പിലെ പലിശനിരക്കുകള്‍ വരും നാളുകളില്‍ ഉയരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. അനിശ്ചതത്വത്തില്‍ മുതലെടുത്ത് നേട്ടമുണ്ടാക്കാനാണ് വിപണി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രീസിലെ പ്രശ്നങ്ങള്‍ പരോക്ഷമായി ബാധിച്ചേക്കുമെന്നതുകൊണ്ട് മഹര്‍ഷി സൂചിപ്പിക്കുന്നത് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ഫണ്ടുകളുടെ വരവുപോക്കുകളെക്കുറിച്ചുള്ള ആശങ്കയാണ്.


യൂറോ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഇനിയും ഉയരുകയാണെങ്കില്‍ ഇത് രാജ്യത്തേക്കും പുറത്തേക്കുമുള്ള ഫണ്ടുകളുടെ ഒഴുക്കില്‍ പ്രതിഫലിക്കും. ഏതു സാഹചര്യത്തെയും തരണം ചെയ്യുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ റിസര്‍വ് ബാങ്കുമായി നിരന്തരം ബന്ധപ്പെട്ടവരുന്നുണ്െടന്ന് മഹര്‍ഷി അറിയിച്ചു.

ഗ്രീസിന്റെ പ്രതിസന്ധിയില്‍ നിന്നുടലെടുക്കുന്ന ഏതു സാഹചര്യത്തെയും ചെറുക്കുന്നതിനുള്ള കഴിവ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കുണ്െടന്ന് മുന്‍ ആഴ്ചയില്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ജൂണ്‍ 19ന് അവസാനിച്ച അവലോകനവാരത്തില്‍ 35,546 കോടി ഡോളറെന്ന റിക്കാര്‍ഡിലെത്തിയ വിദേശനാണ്യശേഖരത്തിന്റെ പിന്‍ബലവും അദ്ദേഹം സൂചിപ്പിച്ചു.

മറ്റു വികസിത വിപണികളുടേതിനു സമാനമായ രീതിയില്‍ തന്നെയാണ് ഇന്ത്യന്‍ വിപണിയുടെ പ്രതികരണമെന്നും ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് മുഖ്യ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.