സിയാല്‍ സമ്പൂര്‍ണ സോളാര്‍ വൈദ്യുതിയിലേക്ക്
സിയാല്‍ സമ്പൂര്‍ണ സോളാര്‍ വൈദ്യുതിയിലേക്ക്
Friday, May 29, 2015 11:03 PM IST
നെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) സമ്പൂര്‍ണ സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ജൂലൈ മാസത്തില്‍ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്ത് സോളാര്‍ വൈദ്യുതികൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന പ്രഥമ വിമാനത്താവളമെന്ന ബഹുമതികൂടി സിയാല്‍ കൈവരിക്കുകയാണ്.

സിയാല്‍ 50 ഏക്കര്‍ സ്ഥലത്താണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. ഒരു വര്‍ഷംമുമ്പ് തുടക്കമിട്ട സോളാര്‍ പദ്ധതി പൂര്‍ത്തിയായി വരുന്നു. 55 കോടി രൂപയാണ് ഇതിനായി കണക്കാക്കിയിട്ടുള്ള ചെലവ്. ലോകോത്തര ഗുണമേന്മയുള്ള പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനായി ജര്‍മനിയിലെ ബോഷ് കമ്പനിയില്‍ നിന്നാണ് പാനലുകള്‍ വാങ്ങിയത്. ആവശ്യത്തിനുള്ള സോളാര്‍ പാനലുകള്‍ ഇറക്കുമതി ചെയ്തുകഴിഞ്ഞു. വൈദ്യുതി ഉത്പാദനശേഷിയിലും ഗുണമേന്മയിലും കാലദൈര്‍ഘ്യത്തിലും ഈ പാനലുകള്‍ മുന്‍പന്തിയിലാണ്.

വിമാനത്താവളത്തിന്റെ മേല്‍ക്കൂരയിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലുമാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേക സ്ഥലം ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നതാണ് പ്രത്യേകത. അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ വി.ജെ. കുര്യന്‍ മൂന്നാം വട്ടം സിയാലിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ ഉദിച്ച ആശയമാണ് സോളാര്‍ വൈദ്യുതി. സിയാലിന്റെ പ്രവര്‍ത്തനം മുഴുവന്‍ സൌരോര്‍ജത്തില്‍ ആക്കാന്‍ അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം പദ്ധതി തയാറാക്കി.


പുതുതായി നിര്‍മിക്കുന്ന 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉപഭോഗംകൂടി കണക്കിലെടുത്താണ് സൌരോര്‍ജ പദ്ധതി ഉണ്ടാക്കിയത്.

പുതിയ പദ്ധതി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. സിയാല്‍ ഇപ്പോള്‍ വൈദ്യുതിക്കുവേണ്ടി ചെലവഴിക്കുന്ന 25 കോടി രൂപ ലാഭമാകും. 500 ലക്ഷം യൂണിറ്റോളമാണ് നിലവില്‍ പ്രതിവര്‍ഷം സിയാലിന്റെ വൈദ്യുതി ഉപഭോഗം. പുതിയ ടെര്‍മിനല്‍ വരുന്നതോടെ ഇത് നാലിരട്ടിയാകും. വൈദ്യുതി ഉത്പാദനരംഗത്ത് വിപ്ളവകരമായ മറ്റൊരു കാല്‍വയ്പ്കൂടി സിയാല്‍ ആരംഭിച്ചിട്ടുണ്ട്. 350 കോടി രൂപ മുടക്കി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിച്ച് കെഎസ്ഇബി ഗ്രിഡിലേക്ക് വൈദ്യുതി നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.