മൂലധനത്തിന്റെ നിര്‍ഗമനം ആര്‍ബിഐ പ്രതിരോധിച്ചതായി രഘുറാം രാജന്‍
മൂലധനത്തിന്റെ നിര്‍ഗമനം ആര്‍ബിഐ പ്രതിരോധിച്ചതായി രഘുറാം രാജന്‍
Sunday, May 24, 2015 12:06 AM IST
ചെന്നൈ: മൂലധത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിലും ഈ ചാഞ്ചാട്ടത്തെ പ്രതിരോധിക്കാവുന്ന തരത്തില്‍ ബൃഹത്സാമ്പത്തികഘടനയുടെ സാഹചര്യം വളര്‍ന്നതായി ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. ധനക്കമ്മി, കറന്റ് അക്കൌണ്ട് കമ്മി (സിഎഡി), വിദേശനാണ്യശേഖരം എന്നീ പ്രധാന സാമ്പത്തിക മാനദണ്ഡങ്ങള്‍ മുമ്പുണ്ടാകാത്ത വിധത്തില്‍ 2013നു ശേഷം മെച്ചപ്പെട്ടു. രാജ്യം അന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവു രേഖപ്പെടുത്തുകയും ചെയ്ത കാലമായിരുന്നുവെന്നും രാജന്‍ അനുസ്മരിച്ചു.

ഇത്തരം ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കാന്‍ രാജ്യത്തിന് പ്രധാനമായും മൂന്നു പാളികളാണുള്ളത്. ബൃഹത്സാമ്പത്തികഘടനയുടെ മികച്ച സാഹചര്യമാണ് നമ്മുടെ പ്രതിരോധത്തിന്റെ ആദ്യപാളി. 2012 ആണ് മോശം സാഹചര്യങ്ങളില്‍ നിന്നു നമ്മളെ തിരിച്ചുനടത്തിയത്. നിലവില്‍ നമ്മള്‍ വളരെ മെച്ചപ്പെട്ട നിലയിലാണ്. കുറഞ്ഞ കറന്റ് അക്കൌണ്ട് കമ്മി, കുറഞ്ഞ ധനക്കമ്മി, കുറഞ്ഞ നാണ്യപ്പെരുപ്പം എന്നിവയുമായി ഇത് തെളിയിക്കപ്പെട്ടുകഴിഞ്ഞു.

പ്രതിരോധത്തിന്റെ രണ്ടാമത്തെ പാളി വിദേശനാണ്യശേഖരമാണ്. നിലവില്‍ രാജ്യത്തിന്റെ വിദേശനാണ്യശേഖരം 35,000 കോടി ഡോളറിനും മുകളിലാണ്. ഇവ സെപ്റ്റംബര്‍ 2013നു ശേഷം സമാഹരിക്കപ്പെട്ടവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ബിഐയുടെ പുതിയ കണക്കുകള്‍ അനുസരിച്ച് മേയ് 15ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യശേഖരം റിക്കാര്‍ഡ് ഭേദിച്ചുകൊണ്ട് 35,388 കോടി ഡോളറില്‍ തൊട്ടുനില്‍ക്കുകയാണ്. രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞ 2013 ഓഗസ്റില്‍ ഇത് 27,400 കോടി ഡോളറിലേക്കു കൂപ്പുകുത്തിയിരുന്നു.


സുരക്ഷയുടെ മൂന്നാമത്തെ പാളി വളര്‍ച്ചയാണ്. ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ്. വികസിച്ചുകൊണ്ടിരിക്കുന്ന വിപണികളുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്ക് പണം നല്‍കാന്‍ ലോകബാങ്കും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കും തയാറാണ്. ഇവയെ കടുത്ത മത്സരത്തിനു പ്രേരിപ്പിച്ചുകൊണ്ട് ഈ വര്‍ഷം അവസാനത്തോടെ ചൈനയുടെ നേതൃത്വത്തില്‍ ഏഷ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്മെന്റ് ബാങ്ക് നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.