വണ്ടര്‍ലായ്ക്ക് 27 ശതമാനം ലാഭവളര്‍ച്ച
വണ്ടര്‍ലായ്ക്ക് 27 ശതമാനം ലാഭവളര്‍ച്ച
Friday, May 22, 2015 11:02 PM IST
ബംഗളൂരു: പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്സിന് 2014-15 സാമ്പത്തിക വര്‍ഷം 50.63 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം വളര്‍ച്ചയാണ് വണ്ടര്‍ലാ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 39.89 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അറ്റാദായം 6.58 കോടി രൂപയായി കുറഞ്ഞു. മുന്‍ കാലയളവില്‍ 7.15 കോടി രൂപയായിരുന്നു അറ്റാദായം.

കൊച്ചി അമ്യൂസ്മെന്റ് പാര്‍ക്കിലെ സേവന നികുതിയുടെയും വിനോദ നികുതിയുടെയും നീക്കിയിരിപ്പിനു വേണ്ടി 3.14 കോടി രൂപ വിനിയോഗിച്ചതിനാലാണ് ഈ കുറവുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

2016 ഏപ്രിലോടെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള ലക്ഷ്യത്തില്‍ ഹൈദരാബാദ് പാര്‍ക്കിന്റെ പ്രവര്‍ത്തനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിലേക്കായി ഇതിനകം 57.94 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു.


മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ കാലയളവില്‍ വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ സന്ദര്‍ശിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 22.91 ലക്ഷത്തില്‍ നിന്ന് 23.40 ലക്ഷമായാണ് ഉയര്‍ന്നത്. വണ്ടര്‍ലാ റിസോര്‍ട്ടില്‍ ഈ കാലയളവില്‍ 45 ശതമാനം മുറികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ചയാണ് ഇത്.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദ പ്രകടനത്തില്‍ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് വണ്ടര്‍ലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

ജൂണ്‍ ഒന്നു മുതല്‍ സന്ദര്‍ശകരുടെമേല്‍ 14 ശതമാനം സേവന നികുതി ചുമത്താന്‍ നിര്‍ബന്ധിതരാവുമ്പോഴും വരും കാലങ്ങളിലും പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.