റിക്കാര്‍ഡ് വസന്തത്തിനിടെ വിപണി വില്പനക്കാരുടെ പിടിയില്‍
റിക്കാര്‍ഡ് വസന്തത്തിനിടെ വിപണി വില്പനക്കാരുടെ പിടിയില്‍
Monday, February 2, 2015 10:42 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: റിക്കാര്‍ഡുകളുടെ വസന്തകാലത്തിനിടയില്‍ വാരാന്ത്യം ഓഹരി വിപണി വില്പനക്കാരുടെ പിടിയില്‍ അകപ്പെട്ടു. 2009 ന് ശേഷം ഇതാദ്യമായി, പത്തു ദിവസം തുടര്‍ച്ചയായി ഇന്ത്യന്‍ മാര്‍ക്കറ്റ് മുന്നേറി. നിക്ഷേപകരുടെ മലവെള്ള പാച്ചിലിനിടയില്‍, പല ആവര്‍ത്തിയാണ് സെന്‍സെക്സിലും നിഫ്റ്റിയിലും റിക്കാര്‍ഡുകള്‍ കടപുഴുകി വീണത്. പോയവാരം സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 29,844 പോയിന്റ് വരെയും നിഫ്റ്റി 8,983 വരെയും കുതിച്ചു.

പുതുവര്‍ഷത്തിന്റെ ആദ്യമാസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് ആറ് ശതമാനം നേട്ടത്തിലാണ്. യൂറോപ്യന്‍ ഓഹരി ഇന്‍ഡക്സുകള്‍ ആറര ശതമാനം മികവ് കാഴ്ചവെച്ചു. അതേ സമയം ഏറെ പ്രതീക്ഷയില്‍ നീങ്ങിയ അമേരിക്കന്‍ വിപണിക്ക് കാലിടറി. മുന്‍നിര ഇന്‍ഡക്സുകള്‍ അവിടെ മുന്നര ശതമാനം നഷ്ടത്തിലാണ്. ഡോളര്‍ ഇന്‍ഡക്സ് ഓവര്‍ ഹീറ്റാവുന്നത് ആശങ്കയോടെയാണ് ഒരു വിഭാഗം വീക്ഷിക്കുന്നത്.

ഡോളര്‍ ശക്തമാകുന്നത് അമേരിക്കയുടെ കയറ്റുമതികളെ ബാധിക്കും. അതേ സമയം ചൈനീസ് മാര്‍ക്കറ്റായ ഷാങ്ഹായി സൂചിക കഴിഞ്ഞ ആറു മാസത്തിനിടയില്‍ അമ്പത് ശതമാനത്തില്‍ ഏറെ ഉയര്‍ന്നു. ഡോളറിന്റെ മികവ് തന്നെയാണ് ഷാങ്ഹായിയുടെ കുതിപ്പിനു പിന്നിലെ രഹസ്യം.

വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് പ്രവഹിക്കുന്നുണ്െടങ്കിലും ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയുടെ മുല്യം 62 റേഞ്ചിലാണ്. നാളെയാണ് റിസര്‍വ് ബാങ്ക് വായ്പ അവലോകനം. റീപ്പോ നിരക്ക് 7.75 ശതമാനത്തിലാണ്. ജനുവരി മധ്യത്തില്‍ പലിശയില്‍ മാറ്റം വരുത്തിയതിനാല്‍ നാളത്തെ യോഗത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്കിടയില്ല. 2013-14 കാലയളവിനെ അപേക്ഷിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അമ്പത് ശതമാനം മുന്നേറ്റം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ആറു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് ജനുവരിയില്‍ പ്രവഹിച്ചത്. ജനുവരിയില്‍ മൊത്തം 33,688 കോടി രൂപയാണ് ഓഹരി വിപണിലേക്ക് വിദേശത്തു നിന്ന് ഒഴുകിയെത്തിയത്. കഴിഞ്ഞ ജൂലൈയില്‍ 36,046 കോടി രൂപയുടെ നിക്ഷേപം നടന്നിരുന്നു. 2014 ലെ മൊത്തം വിദേശ നിക്ഷേപം 2.58 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 81,150 കോടി രൂപ ഓഹരി വിപണിയിലേക്കും ശേഷിക്കുന്നത് കടപത്രത്തിലേക്കും ഫണ്ടുകള്‍ തിരിച്ചുവിട്ടു.


പിന്നിട്ടവാരം മുന്‍ നിരയിലെ ആറ് കമ്പനികളുടെ വിപണി മുല്യത്തില്‍ 57,869 കോടി രൂപയുടെ ഇടിവ്. ഏറ്റവും കനത്ത തിരിച്ചടിനേരിട്ട കോള്‍ ഇന്ത്യയുടെ മൂല്യത്തില്‍ 20,878.85 കോടി രൂപ ഇടിഞ്ഞു. ടിസിഎസ്, ഇന്‍ഫോസിസ്, എസ്ബിഐ, ഐസിഐസിഐ തുടങ്ങിയവയുടെ മൂല്യത്തിലും കുറവുണ്ടായി. അതേ സമയം ഒഎന്‍ജിസി, ആര്‍ഐഎല്‍, ഐടിസി എന്നിവയുടെ വിപണി മൂല്യം വര്‍ധിച്ചു.

ബോംബെ സെന്‍സെക്സ് റിക്കാര്‍ഡായ 29,844 ല്‍ നിന്നുള്ള തിരുത്തലില്‍ 29,091 വരെ പരീക്ഷണം നടത്തിയ ശേഷം ക്ളോസിംഗ് വേളയില്‍ 29,182 ലാണ്. ഈവാരം സൂചികയുടെ താങ്ങ് 28,900-28,619 ലാണ്. വീണ്ടുമൊരു കുതിപ്പ് നടന്നാല്‍ 29,653 ല്‍ ആദ്യ പ്രതിരോധമുണ്ട്. ഇത് മറികടക്കാനായാല്‍ 30,125 ലേക്ക് ചുവടുവെക്കാം.

പാരാബോളിക്ക് എസ്എആര്‍ ബുള്ളിഷ് ട്രന്‍ഡിലാണ്. അതേ സമയം എംഎസിജി, ആര്‍എസ്ഐ 14 എന്നിവ ഓവര്‍ ബോട്ടാണ്. സൂചിക 20, 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളില്‍ നീങ്ങുന്നത് മുന്നേറ്റ സാധ്യതകള്‍ക്ക് ശക്തിപകരുന്നു.

നിഫ്റ്റി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 8,983 ല്‍ നിന്നുള്ള തിരുത്തലില്‍ 8,783 ല്‍ പിടിച്ച് നിന്ന ശേഷം വാരാന്ത്യം 8,808 ലാണ്. വന്‍ ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ വ്യാഴാഴ്ച ജനുവരി സീരീസ് സെറ്റില്‍മെന്റും നടന്നു.

പിന്നിട്ടവാരം ഇടപാടുകളുടെതോതില്‍ ഗണ്യമായ കുറവ് സംഭവിച്ചു. ബിഎസ്ഇ യില്‍ 15,646.03 കോടിയുടെയും എന്‍എസ്ഇ യില്‍ 93,969.64 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു. തൊട്ട് മുന്‍വാരം ഇത് യഥാക്രമം 22,149.42 കോടി രൂപയും 94,845.96 കോടി രൂപയുമായിരുന്നു. അമേരിക്കയില്‍ ഡൌ ജോണ്‍സ് സുചിക വാരാന്ത്യം 17,164 ലേക്ക് ഇടിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.