കേര മേഖലയിലെ സാങ്കേതികവിദ്യ നേടാന്‍ ഫിജി ഗവണ്‍മെന്റിനു താത്പര്യം
കേര മേഖലയിലെ സാങ്കേതികവിദ്യ നേടാന്‍ ഫിജി ഗവണ്‍മെന്റിനു താത്പര്യം
Monday, February 2, 2015 12:50 AM IST
കൊച്ചി: ഇന്ത്യയും ഫിജിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെയ്ക്കുന്നതിലൂടെ നാളികേര മേഖലയിലെ സാങ്കേതിക വിദ്യാവിനിമയം നടപ്പാക്കാന്‍ എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിജി കൃഷി വകുപ്പു മന്ത്രി ഇനിയ സെരുയിരാതു അഭിപ്രായപ്പെട്ടു. ഏഷ്യന്‍ പസഫിക് രാജ്യമായ ഫിജിയുടെ കൃഷി വകുപ്പു മന്ത്രി നാളികേര വികസന ബോര്‍ഡ് സന്ദര്‍ശന വേളയില്‍ ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ. ജോസിനോടും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരോടും സംസാരിക്കുകയായിരുന്നു സെരുയിരാതു.

പൊതു താത്പര്യങ്ങള്‍ പങ്കുവെയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരവസരമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിജി സന്ദര്‍ശനവേളിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഫിജിയുമായി കാര്‍ഷിക മേഖലയിലും ക്ഷീരമേഖലയിലും കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ഫിജി ഗവണ്‍മെന്റ് മുന്നോട്ടുവന്നത്. വിത്തുത്പാദനം, പരിശീലനങ്ങള്‍, സാങ്കേതിക വിദ്യാ വിനിമയം എന്നീ മേഖലകളില്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്നും ഫിജി കൃഷി മന്ത്രി അഭിപ്രായപ്പെട്ടു.

ഫിജിയിലെ ഏറ്റവും അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക വ്യവസായമാണ് നാളികേരാനുബന്ധ മേഖല. രാജ്യത്ത് ഏറ്റവും പുഷ്ടി പ്രാപിച്ചിരിക്കുന്നത് നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും കയറ്റുമതിയുമാണ്. ഈ സന്ദര്‍ശനം ഫിജി കര്‍ഷകരെ നാളികേര മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, ഉപോത്പന്നങ്ങളുടെ പ്രയോജനപ്പെടുത്തല്‍ എന്നീ മേഖലകളില്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇനിയ സെരുയിരാതു പറഞ്ഞു.

കൊച്ചിയില്‍ നടക്കുന്ന എപിസിസി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇനിയ സെരുയിരാതു ഉള്‍പ്പെടെയുള്ള മൂന്നംഗ പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്. ഫെബ്രുവരി രണ്ടു മുതല്‍ അഞ്ചു വരെ കൊച്ചി ക്രൌണ്‍ പ്ളാസയിലാണ് എപിസിസിയുടെ 51-ാമത് മന്ത്രിതല സമ്മേളനം നടക്കുക.


ചിരട്ടയധിഷ്ഠിതമായ ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉത്പാദനത്തിന്റെ സാങ്കേതിക വിദ്യകള്‍ കൂടുതലായി അറിയുന്നതിനും പഠിക്കുന്നതിന് താത്പര്യമുണ്െടന്നും ഇന്ത്യയിലെ ഫിജി നയതന്ത്ര പ്രതിനിധി എച്ച്. ഇ. യോഗേഷ് കരണ്‍ പറഞ്ഞു. ഇതിന്റെ ഉത്പാദന യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ ചിലവുകളെപ്പറ്റിയും മറ്റും അദ്ദേഹം അന്വേഷിച്ചു. കരാര്‍ ഒപ്പുവെച്ചതിനു ശേഷം സിഡിബിയുടെ സാങ്കേതിക വിദ്യ പകര്‍ന്നു കൊടുക്കുന്നതിന് തയാറാണെന്ന് ടി.കെ. ജോസ് മറുപടിയായി അറിയിച്ചു.

തെങ്ങിന്‍തടി ഉപയോഗിച്ചു നിര്‍മിക്കുന്ന ഗൃഹോപകരണങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ താത്പര്യമുണ്െടന്നും പ്രതിനിധികള്‍ അറിയിച്ചു. ഫിജിയില്‍ നിന്നുള്ള ഗൃഹോപകരണങ്ങള്‍ക്ക് വിദേശ വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. ഇന്ത്യയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി.

സംഘം സിഡിബിയുടെ നാളികേര മ്യൂസിയം സന്ദര്‍ശിക്കുകയും തെങ്ങിന്‍ ചിരട്ടയും തൊണ്ടും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന കരകൌശല വസ്തുക്കളിലും കേര ഭക്ഷ്യോത്പന്നങ്ങളിലെ നവാഗതരായ നീര, നീര ഷുഗര്‍, മിഠായി, ജാഗറി എന്നിവയില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഫിജി കൃഷിവകുപ്പ് ആക്ടിംഗ് പെര്‍മെനന്റ് സെക്രട്ടറി യുരായിയ വൈബൂട്ട, ഫിജി റിപ്പബ്ളിക്കന്‍ കമ്മീഷന്റെ മുഖ്യ സെക്രട്ടറി സക്കീസി ഒ. വൈക്കെരെ, ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉറോണ്‍ എന്‍. സലൂം, മുഖ്യനാളികേര വികസന ഓഫീസര്‍ സുഗതഘോഷ്, നാളികേര വികസന ബോര്‍ഡ് സെക്രട്ടറി എ.കെ. നന്തി, ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. ജ്ഞാനദേവന്‍, കണ്‍സള്‍ട്ടന്റ് ഡോ. രമണി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.