വിദേശ വ്യാപാരനയം ഉടന്‍: നിര്‍മല സീതാരാമന്‍
വിദേശ വ്യാപാരനയം ഉടന്‍: നിര്‍മല സീതാരാമന്‍
Thursday, January 29, 2015 10:54 PM IST
ന്യൂഡല്‍ഹി: ഏറെ നാളായി കാത്തിരിക്കുന്ന വിദേശ വ്യാപാരനയം ഉടന്‍ പ്രഖ്യാപിക്കുമെന്നു കേന്ദ്ര വാണിജ്യകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന നയം എന്നു പ്രഖ്യപിക്കുമെന്ന ചോദ്യത്തിന് ഉടന്‍ സംഭവിക്കുമെന്നു മന്ത്രി പ്രതികരിച്ചു.

കയറ്റുമതി വര്‍ധിപ്പിക്കുന്നതിനോടൊപ്പം സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായുള്ള മാനദണ്ഡമെന്ന നിലയില്‍ വിദേശ വ്യാപാരനയം സാധാരണയായി ഏപ്രിലില്‍ ആണ് പ്രഖ്യാപിച്ചുവരുന്നത്. കയറ്റുമതി പ്രോത്സാഹനം സംബന്ധിച്ച നികുതി ഇളവുകളുടെ കാര്യത്തില്‍ വാണിജ്യ-ധനകാര്യ മന്ത്രാലയങ്ങളുടെ അന്തിമ അനുമതി ലഭിക്കേണ്ട സാഹചര്യത്തില്‍ വ്യപാരനയത്തിന്റെ (2014-19) പ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു.

ഈ സാഹചര്യത്തില്‍ നയത്തിന്റെ ഭാഗമായിതന്നെ സര്‍ക്കാര്‍ മാര്‍ക്കറ്റ് ആക്സസ് ഇനിഷ്യറ്റീവ്, മാര്‍ക്കറ്റ് ഡെവലപ്മെന്റ് അസിസ്റന്‍സ്, വിശേഷ് കൃഷി ആന്‍ഡ് ഗ്രാമോദ്യോഗ് യോജന തുടങ്ങിയ വിവിധ പദ്ധതികളില്‍പ്പെടുത്തിയാണ് സാമ്പത്തിക ഇളവുകള്‍ നല്‍കിവന്നത്. ധനമന്ത്രാലയം ഈ പദ്ധതികള്‍ക്കായി ഫണ്ടുകള്‍ അനുവദിക്കുകയും ലഭ്യമാക്കുകയും ചെയ്തിരുന്നെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ പത്തുമാസക്കാലം പിന്നിട്ട സാഹചര്യത്തിലും നയം പ്രഖ്യാപിക്കാതിരുന്നതില്‍ കയറ്റുമതിക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.


യുഎസ് വാണിജ്യകാര്യ സെക്രട്ടറി പെന്നി പ്രിറ്റ്സ്കെറുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രാജ്യത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിന് സംയുക്തസംഘത്തിന് രൂപം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു.

മാര്‍ച്ചോടുകൂടി സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. ശ്രീറാം സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുത്തു സംസാരികുകയായിരുന്നു മന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.