നൊവാര്‍ട്ടിസ്: വിധി ഇന്ത്യന്‍ മരുന്നുകമ്പനികള്‍ സ്വാഗതം ചെയ്തു
നൊവാര്‍ട്ടിസ്: വിധി ഇന്ത്യന്‍ മരുന്നുകമ്പനികള്‍ സ്വാഗതം ചെയ്തു
Tuesday, April 2, 2013 10:39 PM IST
ന്യൂഡല്‍ഹി: സ്വിസ് മരുന്നു കമ്പനിയായ നോവാര്‍ട്ടിസിന്റെ കാന്‍സര്‍ മരുന്ന് ഗ്ളിവെകിനു പേറ്റന്റ് നിഷേധിച്ച സുപ്രീംകോടതി വിധി ഇന്ത്യന്‍ മരുന്നു നിര്‍മാണ കമ്പനികള്‍ സ്വാഗതം ചെയ്തു. പാവപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ള ഔഷധങ്ങള്‍ ലഭിക്കാന്‍ ഈ വിധി പ്രയോജനപ്പെടുമെന്നു ആഭ്യന്തര കമ്പനികള്‍ പറയുന്നു. എന്നാല്‍ കാന്‍സര്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു തിരിച്ചടിയാണു വിധിയെന്നു നോവാര്‍ട്ടിസ് പ്രസ്താവിച്ചു.

പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം കോടതി വിധി സുപ്രധാനമെന്നാണു ആഭ്യന്തര മരുന്നു നിര്‍മാണ കമ്പനികളുടെ സംഘടനകളായ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സും ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷനും വിശേഷിപ്പിച്ചത്.

മാരകരോഗം മൂലം വേദന അനുഭവിക്കുന്നവര്‍ക്കു ആശ്വാസം പകരുമെന്നു മാത്രമല്ല, സിപ്ള, റാന്‍ബാക്സി, നാറ്റ്കോ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് നൊവാര്‍ട്ടിസിന്റെ മരുന്നുവിലയുടെ പകുതി നിരക്കില്‍ കാന്‍സര്‍ മരുന്നായ ഇമാറ്റിനിബ് (ഗ്ളിവെക്) ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡി. ജി. ഷാ പറഞ്ഞു. അവശ്യ മരുന്നുകളുടെ പട്ടികയില്‍പ്പെടുന്നതാണിത്. രക്താര്‍ബുദം, ആമാശയാര്‍ബുദം ഉള്‍പ്പെടെ വിവിധ തരത്തിലുള്ള കാന്‍സറുകള്‍ക്ക് ഈ മരുന്നാണ് നല്‍കിവരുന്നത്.

പേറ്റന്റ്് നിയമത്തിലെ മൂന്നാംവകുപ്പ്(ഡി) അനുസരിച്ച് അറിയപ്പെടുന്ന മരുന്നുകളുടെ കുത്തകസ്വഭാവം തടയുന്നതിനും അതിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും അനുശാസിക്കുന്നുണ്ട്. ദരിദ്രരായ രോഗികളെ സംബന്ധിച്ചിടത്തോളം ഇതു വളരെ ഗുണകരമായ വിധിയാണെന്നു ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ദാരാ ബി പട്ടേല്‍ പറഞ്ഞു. ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള രോഗികളുടെ വിജയമാണു കോടതി വിധിയെന്നു സിപ്ള ചെയര്‍മാന്‍ വൈ. കെ. ഹമീദ് പറഞ്ഞു. രോഗികള്‍ക്കു മരുന്നു ലഭ്യത തടയുന്നതിനായി പേറ്റന്റ് നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതു തടയാന്‍ കോടതി വിധിയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇനിയും ഫലപ്രദമായ ചികിത്സ ലഭിക്കാതെ ദുരിതവുമായി കഴിയുന്ന രോഗ്ികള്‍ക്ക് തങ്ങളുടെ മരുന്നിന്റെ ഗവേഷണഫലം കിട്ടാതിരിക്കാന്‍ വിധി അവസരമൊരുക്കിയതായി നൊവാര്‍ട്ടിസ് ഇന്ത്യ വൈസ് ചെയര്‍മാനും എംഡിയുമായ രഞ്ജിത് ഷഹാനി പറഞ്ഞു.


ജനറിക് മരുന്നായ (ഉത്പാദനത്തിനും വിതരണത്തിനും പേറ്റന്റ് ഇല്ലാത്തത്) ഗ്ളിവെക് ഒരു മാസത്തെ ഡോസിന് നൊവാട്ടിസ് 1.2 ലക്ഷം രൂപ വാങ്ങുമ്പോള്‍ ഇന്ത്യന്‍ കമ്പനികളുടെ ഇത്തരം മരുന്നിന് 8000 രൂപ മാത്രമെ വരുകയുള്ളൂ. 2006ല്‍ നൊവാര്‍ട്ടിസിന്റെ പേറ്റന്റ് അപേക്ഷ ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് തള്ളിയിരുന്നു. ഇമാറ്റിനിബ് മീസൈലേറ്റിന്റെ പോളിമോര്‍ഫിക് (ഒന്നോ രണ്േടാ ഘട്ടത്തിലുള്ള ക്രിസ്റല്‍ രൂപം) രൂപത്തിനാണ് കമ്പനി പേറ്റന്റ് തേടിയത്.

ആദ്യ രൂപത്തിലുള്ള മരുന്നിനേക്കാള്‍ക്കൂടുതല്‍ ഫലം നല്‍കാന്‍ ഇതിനു കഴിയില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ തള്ളിയത്. ഇതിനെതിരേ 2007ല്‍ ബൌദ്ധിക സ്വത്തവകാശ അപ്പലേറ്റ് ബോര്‍ഡിന് കമ്പനി ഹര്‍ജി നല്‍കിയെങ്കിലും 2009ല്‍ ഇതേ കാരണത്താല്‍ തള്ളി. തുടര്‍ന്നാണ്് സുപ്രീംകോടതിയെ സമീപിച്ചതും ഇപ്പോള്‍ ഹര്‍ജി തളളിയതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.