സാര്‍ക്ക് ഉച്ചകോടിക്കു പ്രധാനമന്ത്രി മോദി നേപ്പാളിലെത്തി
സാര്‍ക്ക് ഉച്ചകോടിക്കു പ്രധാനമന്ത്രി മോദി നേപ്പാളിലെത്തി
Wednesday, November 26, 2014 12:44 AM IST
കാഠ്മണ്ഠു: ഉറച്ച പരസ്പര വിശ്വാസമാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സാര്‍ക്ക് (ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലാ സഹകരണത്തിനായുള്ള സംഘടന) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നേപ്പാളിലെത്തിയതായിരുന്നു മോദി. എട്ടു സാര്‍ക്ക് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ഇപ്പോഴത്തെ ഇന്ത്യാ സര്‍ക്കാര്‍ പ്രാമുഖ്യം നല്കുന്നതെന്നു മോദി കൂട്ടിച്ചേര്‍ത്തു. നേപ്പാളിന്റെ വികസനത്തില്‍ ഇന്ത്യയ്ക്ക് അതീവ താത്പര്യമാണുള്ളത്. രാജ്യങ്ങള്‍ ഒരുമിക്കുമ്പോള്‍ ജനതയും ഒരുമിക്കും, ഹൃദയങ്ങള്‍ ഒന്നാകും. ബിര്‍ ഹോസ്പിറ്റലില്‍ ഇന്ത്യ നിര്‍മിച്ച ട്രോമ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു.

നേപ്പാളിന് ഇനി വേണ്ടതു ഭരണഘടനയാണ്. മനഃസാക്ഷിക്കനുസരിച്ചു യുക്തമായ തീരുമാനമെടുക്കണം. ഇതിന് ഒരു ഋഷിയുടെ മനസാണു വേണ്ടത്. യുദ്ധത്തില്‍നിന്നു സമാധാനത്തിലേക്കു നയിക്കുന്ന സമീപനം. നേപ്പാള്‍ ഭരണഘടനയുണ്ടാക്കുമ്പോള്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടാവില്ലെന്നും മോദി പറഞ്ഞു. പ്രതിരോധ രംഗത്തെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നേപ്പാളിന് ഇന്ത്യ ധ്രുവ് ഹെലികോപ്റ്റര്‍ സമ്മാനിക്കുന്നതായി മോദി പ്രഖ്യാപിച്ചു. സൈനിക ആവശ്യങ്ങള്‍ക്കായാണ് ഇതു നല്കുന്നത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ നിര്‍മിച്ച, ശക്തി എന്‍ജിനോടുകൂടിയ പുതിയ മോഡല്‍ അഡ്വാന്‍സ്ഡ് ലൈ റ്റ് ഹെലികോപ്റ്ററാണിതെന്നും മോദി പറഞ്ഞു. 80 കോടി രൂപയാണ് ഹെലികോപ്റ്ററിന്റെ നിര്‍മാണ ചെലവ്. മാലദ്വീപിലേക്കും ഇക്വഡോറിലേക്കും ഈ ഹെലികോപ്റ്റര്‍ കയറ്റി അയയ്ക്കുന്നുണ്ട്.

തീര്‍ഥാടനകേന്ദ്രങ്ങളായ ജനകപുര്‍, ലുംബിനി, മുക്തിനാഥ് എന്നിവ സന്ദര്‍ശിക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നതായി മോദി പറഞ്ഞു. അടുത്ത തവണ ഈ സ്ഥലങ്ങളിലെത്തുമെന്നും മോദി ഉറപ്പു നല്കി. ഇന്ത്യ, ബംഗ്ളാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ എട്ടു രാജ്യങ്ങളിലെ നേതാക്കളാണ് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഉച്ചകോടിക്കിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി മോദി കൂടിക്കാഴ്ച നടത്തു മോ എന്നതില്‍ ഔദ്യോഗിക വിശദീകരണം ലഭ്യമല്ല. അതേസമയം, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഖാനി, ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ചര്‍ച്ചയ്ക്കു തയാറാണെന്ന് ഷരീഫ് ഇന്നലെയും പറഞ്ഞു.

സമാധാനത്തിലും സമൃദ്ധി യിലും അധിഷ്ഠിതമായ പ്രദേശിക ഏകീകരണം എന്നതാണ് സാര്‍ക്ക് ഉച്ചകോടിയുടെ പ്രമേയം. സാര്‍ക്ക് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സ്വതന്ത്രവ്യാപാരത്തിനു തടസം നില്ക്കുന്ന നിയമക്കുരുക്കുകള്‍ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ വിശദമായ ചര്‍ച്ച നടക്കും. ദക്ഷിണേന്ത്യന്‍ സ്വതന്ത്രവ്യാപാര മേഖല കരാര്‍ നടപ്പിലാക്കുന്നതിന് ഉറച്ച തീരുമാനങ്ങളാണു വേണ്ടതെന്ന് നേപ്പാളിലെ ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി ശങ്കര്‍ദാസ് ബയ്രാഗി പറഞ്ഞു.നാലുമാസത്തിനിടെ മോദിയുടെ രണ്ടാമത്തെ നേപ്പാള്‍ സന്ദര്‍ശനമാണിത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് തുടങ്ങിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

അതേസമയം, സാര്‍ക്കിലെ നിരീക്ഷക സ്ഥാനത്തുനിന്നു മാറ്റി സ്ഥിരാംഗത്വം നല്കണമെന്ന ചൈനയുടെ ആവശ്യം ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നു നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള പറഞ്ഞു. ഓസ്ട്രേലിയ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍, ജപ്പാന്‍, കൊറിയ, മൌറീഷസ്, മ്യാന്‍മര്‍, അമേരിക്ക എന്നിവ സാര്‍ക്ക് നിരീക്ഷക രാഷ്ട്രങ്ങളാണ്.

സാര്‍ക്ക് അംഗത്വം ലഭിച്ചാല്‍ വികസനകാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നു ചൈനീസ് വിദേശകാര്യ വക്താവ് സെക്രട്ടറി ഹുവ ചുനിയിംഗ് ബെയ്ജിംഗില്‍ പറഞ്ഞു. ചൈനീസ് ഉപവിദേശകാര്യമന്ത്രി ലിയു സെന്‍മിനിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് ആരംഭിക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.