നാലു ലക്ഷം പേരുടെ തൊഴിൽ പോകും; വാഹന കമ്പനികൾ കൂടുതൽ ദിവസം അടച്ചിടും
നാലു ലക്ഷം പേരുടെ  തൊഴിൽ പോകും; വാഹന കമ്പനികൾ കൂടുതൽ ദിവസം അടച്ചിടും
Friday, December 9, 2016 3:15 PM IST
ന്യൂഡൽഹി: കറൻസി നിരോധനം രാജ്യത്തെ വാഹനവ്യവസായത്തെ ഗുരുതരമായി ബാധിച്ചു. പല കമ്പനികളും ഈ മാസം നടത്തുന്ന വാർഷിക മെയിന്റനൻസിന്റെ ദിവസങ്ങൾ വർധിപ്പിച്ചു. ചില കമ്പനികൾ ഉത്പാദനം കുറയ്ക്കാനായി മൊത്തം രണ്ടു ഷിഫ്ടിലേക്കു ചുരുങ്ങി. അതേസമയം ഓൺലൈൻ വ്യാപാരമടക്കം വിവിധ മേഖലകളിലായി നാലു ലക്ഷം തൊഴിലുകൾ നഷ്‌ടപ്പെടുമെന്നും റിപ്പോർട്ട്.

രാജ്യത്തെ ഇ–കൊമേഴ്സ് മേഖലയുടെ വില്പനയിൽ 70 ശതമാനവും സാധനം വീട്ടിൽ എത്തിക്കുമ്പോൾ പണം നൽകുന്ന കാഷ് ഓൺ ഡെലിവറി ഇടപാടുകളാണ്. അതു പാടേ നിലച്ചു എന്നു പറയാം. ഡിജിറ്റൽ വ്യാപാരത്തിലേക്കു രാജ്യം മാറുന്നതോടെ ഈ കമ്പനികൾ ജോലിക്കാരെ കുറയ്ക്കും. പത്തു ലക്ഷം പേർ ഇ– കൊമേഴ്സ് കമ്പനികളിൽ പണിയെടുക്കുന്നു. റിക്രൂട്ടിംഗ് ഏജൻസിയായ ടീം ലീസ് സർവീസസിന്റെ സഹസ്‌ഥാപകൻ ഋതുപർണ ചക്രവർത്തി പറയുന്നത് 20 ശതമാനം പേരെ (രണ്ടുലക്ഷം പേർ) ഈ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിട്ടേക്കും എന്നാണ്.

റിയൽ എസ്റ്റേറ്റ്, നിർമാണം, അടിസ്‌ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേരെ ഒഴിവാക്കുമെന്നാണ് എവോൺ ഹെവിറ്റ് എന്ന കൺസൾട്ടൻസിയുടെ ആനന്ദരൂപ് ഘോഷ് വിലയിരുത്തുന്നത്.

ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, തുകൽ വ്യവസായം എന്നിവയിലെ കരാർ ജോലിക്കാരിൽ 20 ശതമാനത്തിനും പണി ഇല്ലാതാകും. വസ്ത്രങ്ങളുടെയും തുകൽ ഉൽപന്നങ്ങളുടെയും വില്പന കുറയുന്നതാണ് ഒരു ലക്ഷത്തോളം പേരുടെ പണി കളയുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേപോലെ ക്രയശേഷി കുറയും.


പിൻവലിച്ച 15.44 ലക്ഷം കോടി രൂപയുടെ കറൻസി നോട്ടുകൾക്കു പകരം ഇതുവരെ നാലു ലക്ഷം കോടി രൂപയുടെ കറൻസിയേ ഇറങ്ങിയിട്ടുള്ളൂ. മൊത്തം ഒമ്പതുലക്ഷം കോടി രൂപയ്ക്കുള്ള കറൻസിയേ ഇറക്കൂ എന്നാണ് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ചു പലരും പറഞ്ഞിട്ടുള്ളത്. കറൻസി ഭ്രമത്തിൽനിന്നു ജനങ്ങൾ പ്ലാസ്റ്റിക് മണിയിലേക്കും ഡിജിറ്റൽ കൈമാറ്റത്തിലേക്കും മാറണമെന്നാണു ഗവൺമെന്റ് ആഗ്രഹിക്കുന്നത്.

ഈ നടപടികൾ ഇക്കൊല്ലം സാമ്പത്തിക വളർച്ചയിൽ ഒന്നു മുതൽ രണ്ടുവരെ ശതമാനം ഇടിവുണ്ടാക്കും എന്നാണ് ഭയം. അതിന്റെ ഭാഗമാണു തൊഴിൽ നഷ്‌ടം.

കഴിഞ്ഞ മാസം വാഹനവില്പന 43 മാസത്തിനിടയിലെ ഏറ്റവും താണ നിലവാരമാണു കാണിച്ചത്. കാർ കമ്പനികൾ ഫാക്ടറികളിൽനിന്നു മൊത്തവിതരണക്കാരുടെ ഷോറൂമുകളിലേക്കു മാറ്റിയതിന്റെ കണക്കാണു നവംബറിലെ വില്പനയായി നൽകുന്നത്. എന്നിട്ടുപോലും ആഭ്യന്തര യാത്രാ വാഹന വില്പന 1.8 ശതമാനമേ വർധിച്ചുള്ളു. ഈ മാസം ഇതുവരെയും വില്പനയിൽ ഉണർവുണ്ടായിട്ടില്ല. ഇതുമൂലമാണു മെയിന്റനൻസിനായി ഫാക്ടറി പ്രവർത്തനം കൂടുതൽ ദിവസം നിർത്തിവയ്ക്കുന്നത്.

മാരുതി, ഹ്യൂണ്ടായി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോർഡ് ഇന്ത്യ, റെനോ–നിസാൻ എന്നിവയ്ക്കെല്ലാം ഈ മാസമാണു മെയിന്റനൻസ് അവധി. ഹോണ്ട കാർസ് ഇന്ത്യ ആഴ്ചയിൽ നാലുദിവസമായി പ്രവർത്തനം കുറച്ചു. റെനോ–നിസാൻ മൂന്നാം ഷിഫ്റ്റ് വേണ്ടെന്നുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.