രാഷ്ട്രപതിയുടെ നിർദേശവും വിലപ്പോയില്ല; പാർലമെന്റിൽ ഇന്നലെയും ബഹളം
രാഷ്ട്രപതിയുടെ നിർദേശവും വിലപ്പോയില്ല; പാർലമെന്റിൽ ഇന്നലെയും ബഹളം
Friday, December 9, 2016 3:09 PM IST
ന്യൂഡൽഹി: ദൈവത്തെ ഓർത്തെങ്കിലും ജോലി ചെയ്യണമെന്ന രാഷ്ട്രപതിയുടെ നിർദേശത്തിനു തൊട്ടു പിന്നാലെ ഇന്നലെയും പാർലമെന്റ് ബഹളത്തിൽ പിരിഞ്ഞു. ഗോതമ്പിന്റെ ഇറക്കുമതിച്ചുങ്കം കുറച്ച വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭയും, സഭാ നടപടികൾ തുടർച്ചയായി തടസപ്പെടുത്തിയ പ്രതിപക്ഷം മാപ്പു പറയണമെന്നാവശ്യപ്പെട്ടു ഭരണപക്ഷം ഉന്നയിച്ച ആവശ്യത്തിൽ ലോക്സഭയും ബഹളത്തിൽ മുങ്ങി.

ശീതകാല സമ്മേളനം അടുത്ത വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ തുടർച്ചയായ 17–ാം ദിവസ വും സുപ്രധാന നടപടികളൊന്നും പൂർത്തിയാക്കാതെയാണ് ഇരുസഭകളും പിരിയുന്നത്. ഇനി മൂന്നു പ്രവൃത്തിദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നോട്ട് വിഷയത്തിലുടക്കി പാർലമെന്റിന്റെ ശീതകാല സമ്മേളനം പൂർണമായും ബഹളത്തിൽ മുങ്ങി പിരിഞ്ഞെന്നു പറയാം. പാർലമെന്റ് സമ്മേളനം തുടർച്ചയായി തടസപ്പെടുന്നതിൽ രാഷ്ട്രപതി അനിഷ്‌ടം രേഖപ്പെടുത്തിയതിനു പുറമേ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയും സഭ നടക്കാത്തതിൽ സ്പീക്കറെയും പാർലമെന്ററികാര്യ മന്ത്രിയെയും കുറ്റപ്പെടുത്തിയിരുന്നു.

നോട്ട് വിഷയത്തിൽനിന്നു പിന്മാറാതെ തന്നെ ഗോതമ്പിന്റെ ഇറക്കുമതിച്ചുങ്കം കുറച്ച വിഷയത്തിലാണ് രാജ്യസഭയിൽ ഇന്നലെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. തുടർച്ചയായ ബഹളത്തിൽ സഭ പലതവണ പിരിഞ്ഞു. കോൺഗ്രസ്, ബിഎസ്പി, ജെഡിയു അംഗങ്ങൾ സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. രാജ്യത്ത് ആവശ്യത്തിലധികം ഗോതമ്പ് സംഭരിച്ചിട്ടുണ്ടെന്നിരിക്കെ ഇറക്കുമതി ച്ചുങ്കം കുറച്ച നടപടി കർഷക വിരുദ്ധമാണ്. ഇത് കുത്തകകളെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു. നികുതി കുറച്ച നടപടി അമേരിക്ക, യുക്രെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നു ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന കുത്തകകളെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു.

രാജ്യത്ത് ഗോതമ്പിനു ക്ഷാമമില്ലെന്നും എന്നാൽ, ആഭ്യന്തര വിലയിൽ കഴിഞ്ഞ ആഴ്ചകളിൽ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനാണു പുതിയ നടപടിയെന്നുമായിരുന്നു ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ നൽകിയ വിശദീകരണം. ഇതു ശാശ്വതമായ ഒരു തീരുമാനമല്ലെന്നും ആവശ്യമെന്നു തോന്നുന്ന അവസരത്തിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.


സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ് സഭയിൽ ഇന്നലെ വിഷയം ഉന്നയിച്ചത്. ഗോതമ്പ് വിഷയത്തിൽ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ആവശ്യപ്പെട്ടു സിപിഎം നോട്ടീസ് നൽകിയിരുന്നു. നോട്ട് നിരോധനത്തിനു ശേഷം തന്നെ കർഷകർ ആകെ പ്രതിസന്ധിയിലാണ്. വിത്തുകളോ കീടനാശിനികളോ വാങ്ങാൻ കഴിയാതെ കർഷകർ നെട്ടോട്ടത്തിലാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഇറക്കുമതിച്ചുങ്കം കുറച്ച നടപടി രാജ്യത്തിനും കർഷകർക്കും വിരുദ്ധമാണ്. ഇത് ഭക്ഷ്യകലാപത്തിലേക്കു വഴിതെളിക്കുമെന്നും യെച്ചൂരി ആരോപിച്ചു.

ഉപാധ്യക്ഷ്യൻ പ്രഫ. പി.ജെ. കുര്യൻ, യെച്ചൂരിയുടെ നോട്ടീസ് അനുവദിക്കാനാകില്ലെന്നു വ്യക്‌തമാക്കി. ബിഎസ്പി നേതാവ് മായാവതിയും ജെഡിയു നേതാവ് ശരദ് യാദവും കോൺഗ്രസ് നേതാവ് ജയറാം രമേശും ഗോതമ്പ് വിഷയത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു.

അതിനിടെ, പണത്തിനായി ക്യൂ നിൽക്കവേ മരിച്ച 111 പേർക്ക് സഭയിൽ അനുശോചനം അർപ്പിക്കണമെന്ന് തൃണമൂൽ എംപി സുകേന്ദു ശേഖർ റോയ് ആവശ്യപ്പെട്ടു. തുടർന്നു സഭ ശൂന്യവേളയിലേക്കു കടന്നതോടെ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു. പിന്നീട് ചോദ്യോത്തര വേളയ്ക്കായി ചേർന്നപ്പോഴും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ഭരണപക്ഷത്തു നിന്നും ബഹളമുയർന്നു.

പാർലമെന്റ് പ്രവർത്തനങ്ങൾ സുഗമമായി നടക്കണമെന്ന രാഷ്ട്രപതിയുടെ നിർദേശം മന്ത്രി മുക്‌താർ അബ്ബാസ് നഖ്വി ഓർമിപ്പിച്ചു. ശീതകാല സമ്മേളനത്തിന്റെ ആരംഭം മുതൽ കുഴപ്പമുണ്ടാക്കുന്നത് പ്രതിപക്ഷമാണെന്നും മന്ത്രി ആരോപിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള നിരവധി കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്.

പ്രതിപക്ഷം ഒന്നുകിൽ ചോദ്യോത്തര വേള തുടരാൻ അനുവദിക്കുകയോ അല്ലെങ്കിൽ നോട്ടുവിഷയത്തിൽ ചർച്ചയ്ക്കു തയാറാകുകയോ വേണമെന്നു മന്ത്രി പറഞ്ഞു. എന്നാൽ, ഭരണപക്ഷമാണ് സഭയിൽ കുഴപ്പങ്ങളുണ്ടാക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധിയായതിനാൽ ഇനി ബുധനാഴ്ചയേ ഇരുസഭകളും വീണ്ടും ചേരൂ. 16ന് ശീതകാല സമ്മേളനം അവസാനിക്കുകയും ചെയ്യും.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.