കരിപ്പൂർ വിമാനത്താവള നവീകരണം ഉടൻ പൂർത്തിയാക്കണമെന്ന് എ.കെ. ആന്റണി
കരിപ്പൂർ വിമാനത്താവള നവീകരണം ഉടൻ പൂർത്തിയാക്കണമെന്ന് എ.കെ. ആന്റണി
Monday, December 5, 2016 3:23 PM IST
ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കി വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകണമെന്നു മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ വൈകുന്നത് മലബാറിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആന്റണി ചൂണ്ടിക്കാട്ടി. കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മലബാർ ഡെവലപ്മെന്റ് ഫോറം (എംഡിഎഫ്) സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂർ വിമാനത്താവളത്തേക്കാൾ റൺവേയുടെ നീളം കുറഞ്ഞ ലഖ്നൗവിലും അഹമ്മദാബാദിലുമെല്ലാം ഇപ്പോൾത്തന്നെ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കോഴിക്കോട്ടുനിന്നും വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയതോടെ പലർക്കും കൊള്ള നടത്താനുള്ള അവസരം കൈവന്നിരിക്കുകയാണ്. സീറ്റുകൾ ആയിരക്കണക്കിന് കുറഞ്ഞപ്പോൾ ഇപ്പോൾ സർവീസ് നടത്തുന്ന പല വിമാനക്കമ്പനികളും ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. അത്യാവശ്യമുള്ള യാത്രകൾ മുടങ്ങുന്നു. മൃതദേഹങ്ങൾ പോലും കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലബാറിന്റെ കവാടമാണ് കരിപ്പൂർ. മലബാറിന്റെ വികസനം ഒരുപരിധിവരെ വേഗത്തിലാക്കാൻ സഹായിച്ചത് കോഴിക്കോട് വിമാനത്താവളമാണ്. വിദേശത്തുനിന്നു വരുന്നവർക്കും മലബാറിൽ നിന്ന് ഗൾഫ് മേഖലയിലേക്കു പോകുന്നവർക്കും മാത്രമല്ല, തലസ്‌ഥാനത്തുനിന്നും തുടർച്ചയായി യാത്ര ചെയ്യുന്നവർക്കുമുള്ള അത്താണിയായിരുന്നു കോഴിക്കോട് വിമാനത്താവളം. കഴിഞ്ഞ ഒരു വർഷക്കാലമായി കോഴിക്കോട് വിമാനത്താവളത്തിന്റെ ചിറകരിഞ്ഞിരിക്കുകയാണ്. റൺവേയുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കുന്നതിനായി വലിയ വിമാനങ്ങളുടെ സർവീസ് താത്കാലികമായി ആറു മാസത്തേക്ക് നിർത്തിവയ്ക്കുന്നുവെന്നാണ് എയർപോർട്ട് അഥോറിറ്റി പ്രഖ്യാപിച്ചിരുന്നത്.


റൺവേയുടെ അറ്റകുറ്റപ്പണി തീർന്നാലുടൻ വീണ്ടും വലിയ വിമാനങ്ങൾ ഇറങ്ങുന്ന ദിവസം കാത്തിരിക്കുകയായിരുന്നു എല്ലാവരും. എന്നാലിപ്പോൾ പറയുന്നു, അറ്റകുറ്റപ്പണി തീർന്നാലും അവിടെ വലിയ വിമാനങ്ങൾ ഇറക്കാൻ തീരുമാനിച്ചിട്ടില്ലെന്നും, ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും. ഇത്തിഹാദ് ഉൾപ്പെടെ ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികൾ പലതും അവിടെ വിമാനം ഇറക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും തീരുമാനം നീട്ടികൊണ്ട് പോകുകയാണ്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള എല്ലാ വിമാനക്കമ്പനികൾക്കും വലിയ വിമാനമിറക്കാൻ അനുമതി നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും എ.കെ.ആന്റണി ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനകാര്യത്തിൽ കേരള സർക്കാരും മുൻകൈയ്യെടുക്കണം. അറ്റകുറ്റപ്പണിയും റൺവേ വികസനവും കൊണ്ട് മാത്രം നിർത്തരുത്. ഏറ്റവും നല്ല വിമാനത്താവളങ്ങളിലൊന്നായി കോഴിക്കോട് വിമാനത്താവളത്തെ മാറ്റണം. അതിന് വേണ്ടത് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കലാണ്. തടസങ്ങൾ ഉണ്ടെങ്കിൽ എല്ലാവരും കൂടി മുൻകൈയ്യെടുത്ത് പരിഹാരം ഉണ്ടാക്കണം. എല്ലാവർക്കും സ്വീകാര്യമാകുന്നതരത്തിൽ പുനരധിവാസ പാക്കേജ് നൽകുകയും വേണം. വിപുല വികസനം പൂർത്തിയാക്കാൻ കഴിഞ്ഞാൽ കരിപ്പൂർ വിമാനത്താവളം കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഓന്നായി മാറുമെന്നും എ.കെ.ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.