ബംഗളൂരുവിൽ 4.7 കോടി രൂപയുടെ പുതിയ കറൻസി പിടികൂടി
ബംഗളൂരുവിൽ 4.7 കോടി രൂപയുടെ പുതിയ കറൻസി പിടികൂടി
Thursday, December 1, 2016 3:04 PM IST
ന്യൂഡൽഹി: ബംഗളൂരുവിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 4.7 കോടി രൂപ പുതിയ കറൻസിയും രണ്ടു കോടി രൂപയുടെ സ്വർണവും പിടികൂടി. കർണാടക സർക്കാർ ഉദ്യോഗസ്‌ഥരായ രണ്ട് എൻജിനിയർമാരുടെയും ഇവരുമായി ബന്ധമുള്ള വ്യക്‌തികളുടെയും വീടുകളിലാണു റെയ്ഡ് നടത്തിയത്. ബംഗളൂരു, ചെന്നൈ, ഈറോഡ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ 4.7 കോടി രൂപ പുതിയ കറൻസിയും 30 ലക്ഷത്തിന്റെ പഴയ നോട്ടുകളും രണ്ടു കോടി രൂപ വിലമതിക്കുന്ന ഏഴു കിലോ സ്വർണക്കട്ടികളും പിടികൂടി. ആകെ അഞ്ചു കോടി രൂപ പിടിച്ചെടുത്തു. ഒരു കരാറുകാരന്റെ ഫ്ളാറ്റിൽനിന്നാണ് സ്വർണക്കട്ടി പിടികൂടിയത്. അൻപതിലധികം ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരും പോലീസും സംയുക്‌തമായാണു റെയ്ഡ് നടത്തിയത്.

100 രൂപ നോട്ടുകളും അസാധുവാക്കിയ 500 രൂപ നോട്ടുകളും ഏതാനും സ്വർണ ബിസ്കറ്റുകളും സ്വർണാഭരണങ്ങളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ റെയ്ഡിൽ പിടികൂടിയിട്ടുണ്ട്. പുതിയ നോട്ടുകൾക്കായി ജനം ക്യൂ നിൽക്കുമ്പോൾ ഇത്രയധികം തുക പിടികൂടിയതാണ് ആദായനികുതി ഉദ്യോഗസ്‌ഥരെ അദ്ഭുതപ്പെടുത്തുന്നത്. നോട്ട് അസാധുവാക്കിയശേഷമുള്ള പിടികൂടുന്ന ഏറ്റവും വലിയ തുകയാണിത്.


സംഭവവുമായി ബന്ധപ്പെട്ട് ചില ബാങ്ക് ഉദ്യോഗസ്‌ഥർ നിരീക്ഷണത്തിലാണ്. ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെ വൻതോതിൽ പുതിയ കറൻസി കരസ്‌ഥമാക്കാനാവില്ലെന്ന് ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞു.

റെയ്ഡ് നടന്ന സ്‌ഥലങ്ങളിൽനിന്ന് നിരവധി തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇത് പഴയ നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി ഉപയോഗിച്ചതാണെന്ന് ആദായനികുതി വകുപ്പ് സംശയിക്കുന്നു. ബുധനാഴ്ച കോൽക്കത്തയിൽ പുതിയ കറൻസിയുടെ പത്തു ലക്ഷം രൂപ എൻഫോഴ്സ്മെന്റ് പിടികൂടിയിരുന്നു. രാജ്യമൊട്ടാകെ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ പുതിയ കറൻസിയുടെ ഒരു കോടി രൂപ പിടികൂടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.