പാചകവാതക സിലിണ്ടറിന് 2.07 രൂപ വർധിപ്പിച്ചു
പാചകവാതക സിലിണ്ടറിന് 2.07 രൂപ വർധിപ്പിച്ചു
Thursday, December 1, 2016 3:04 PM IST
ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിനു 2.07 രൂപ വർധിപ്പിച്ചു. സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 54.5 രൂപയും വർധിപ്പിച്ചു. രാജ്യത്ത് ആറു മാസത്തിനുള്ളിൽ ഏഴാം തവണയാണ് പാചക വാതകവിലയിൽ വർധനവുണ്ടാവുന്നത്. കഴിഞ്ഞമാസം ഒന്നിനു സിലിണ്ടറിന്റെ വിലയിൽ 2.05 രൂപ വർധിപ്പിച്ചിരുന്നു. അതിന് മുമ്പ് ഒക്ടോബർ 28ന് ഒന്നര രൂപയും കൂട്ടി. ഒരുവർഷത്തിൽ ഓരോ വീടിനും അനുവദിച്ച 12 സിലിണ്ടറുകൾക്കു പുറമെ വാങ്ങുന്നതിനാണ് സബ്സിഡി ലഭ്യമല്ലാത്തത്.

നേരത്തെ, മണ്ണെണ്ണ വിലയിൽ നാലാഴ്ച കൂടുമ്പോൾ വർധനവ് വരുത്താൻ കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുവാദം നൽകിയിരുന്നു. ഇതുപ്രകാരം ഇന്നലെ മുതൽ മണ്ണെണ്ണയുടെ വില 25 പൈസ വർധിച്ചു. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടേയും സബ്സിഡി വെട്ടിക്കുറച്ചു കൊണ്ടുവരുന്നതിനു വേണ്ടിയാണ് ഡീസൽവിലയുടെ കാര്യത്തിൽ സ്വീകരിച്ച അതേരീതി ഇക്കാര്യത്തിലും തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.


അതേസമയം, വിമാന ഇന്ധനത്തിന്റെ വില 3.7 ശതമാനം കുറച്ചു. ജെറ്റ് ഓയിൽ ഒരു കിലോലിറ്ററിന് 1881 രൂപയാണ് കുറച്ചത്. 48,379 രൂപയാണ് ഇപ്പോൾ ഒരുകിലോലിറ്റർ വിമാന ഇന്ധനത്തിന്റെ വില. വിലയിൽ മാറ്റമുണ്ടാവുന്നതിനു മുമ്പ് 50,260.63 ആയിരുന്നു ഇത്. രണ്ടുതവണ തുടർച്ചയായി വർധിപ്പിച്ചതിനു ശേഷമാണ് ഈ കുറവ്. കഴിഞ്ഞദിവസം പെട്രോൾ വില നേരിയതോതിൽ വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 13 പൈസ വർധിപ്പിച്ചപ്പോൾ ഡീസൽ വില ലിറ്ററിന് 12 പൈസ കുറക്കുകയുംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.