നഗ്രോത: ഭീകരർക്കായി തെരച്ചിൽ
നഗ്രോത: ഭീകരർക്കായി തെരച്ചിൽ
Wednesday, November 30, 2016 2:57 PM IST
ജമ്മു: ജമ്മു കാഷ്മീരിലെ നഗ്രോതയിൽ വൻസുരക്ഷാസന്നാഹങ്ങളുള്ള സൈനികകേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്നു കൂടുതൽ ഭീകരർ പ്രദേശത്ത് അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാനായി ശക്‌തമായ തെരച്ചിൽ. വെളിച്ചക്കുറവുമൂലം ചൊവ്വാഴ്ച വൈകുന്നേരം നിർത്തിവച്ച തെരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിക്കുകയായിരുന്നു. പൊട്ടാത്ത ഷെല്ലുകൾ നിർവീര്യമാക്കുന്ന ജോലിയും പുരോഗമിക്കുകയാണെന്നു സൈനികകേന്ദ്രങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ പോലീസ് വേഷത്തിൽ സൈനികകേന്ദ്രത്തിൽ കടന്നുകയറിയ മൂന്നു ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിൽ രണ്ട് മേജർമാരുൾപ്പെടെ ഏഴ് സൈനികരാണു കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കരസേനാ തലവൻ ജനറൽ ദൽബിർ സിംഗ് സുഹാഗ് സ്‌ഥലത്തെത്തി മുതിർന്ന ഓഫീസർമാരുമായി ആശയവിനിമയം നടത്തി.

ഭീകരാക്രമണത്തിൽ അക്ഷയ് ഗിരീഷ് കുമാർ (31–ബംഗളൂരു), ഗോസാമി കുനാൽ മനാഡിർ (33–സോലാപുർ–മഹാരാഷ്ട്ര) എന്നീ മേജർമാരും ഹവിൽദാർ സുഖ്രാജ് സിംഗ്, ലാൻസ്നായിക് കാദം സംബാദി യശ്വവന്ദ്രോ, ഗ്രനേഡർ രാഘവേന്ദ്ര സിംഗ്, റൈഫിൾമാൻ ആസിം റായി എന്നീ സൈനികരുമാണു കൊല്ലപ്പെട്ടതെന്നു പ്രതിരോധകേന്ദ്രങ്ങൾ സ്‌ഥിരീകരിച്ചു.

ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്നതിനാൽ സംസ്‌ഥാനത്തെ സൈനികകേന്ദ്രങ്ങൾക്കു സുരക്ഷ ഒരുക്കണമെന്നു ഗവർണർ എൻ.എൻ. വോറ സേനാതലവന്മാരോട് അഭ്യർഥിച്ചു. നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ ഡി.എച്ച്. ഹുഡ, ജമ്മു കാഷ്മീർ ഡിജിപി കെ. രാജേന്ദ്ര, 16–ാം സൈനികദളത്തിന്റെ കമാൻഡർ ലഫ്. ജനറൽ എ.കെ. ശർമ, 26 –ാം ഡിവിഷന്റെ ചുമതലയുള്ള മേജർ ജനറൽ എസ്. ശർമ, ബിഎസ്എഫ് ഐജി ഡി.കെ. ഉപാധ്യായ എന്നിവരുമായി ഗവർണർ ആശയവിനിമയം നടത്തുകയും ചെയ്തു.


അതിനിടെ ചൊവ്വാഴ്ച അന്താരാഷ്ട്ര അതിർത്തിയിൽ ഭീകരർ നുഴഞ്ഞുകയറിയതു ഭൂമിക്കടിയിലൂടെയുള്ള തുരങ്കത്തിലൂടെയാണെന്നു വ്യക്‌തമായി. അന്താരാഷ്ട്ര അതിർത്തിയിലെ സാംബയിൽ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം 14 മണിക്കൂറോളം നീണ്ട പോരാട്ടത്തിനുശേഷമാണു ബിഎസ്എഫ് വിഫലമാക്കിയത്. മൂന്നു ഭീകരരെ വധിക്കുകയും ചെയ്തു. ബിഎസ്എഫ് ഡിജിപി ഉൾപ്പെടെ നാലു സുരക്ഷാ ഉദ്യോഗസ്‌ഥർക്കു സൈനികനടപടികൾ പരിക്കേൽക്കുകയും ചെയ്തു.

80 മീറ്റർ ദൂരത്തിൽ ഭൂമിക്കടിയിലെ തുരങ്കത്തിലൂടെയാണു ഭീകരർ ഇന്ത്യൻ അതിർത്തിയിലെത്തിയതെന്നു ബിഎസ്എഫ് തലവൻ കെ.കെ. ശർമ പറഞ്ഞു. ഇന്ത്യ അടുത്തിടെ നടത്തിയ മിന്നലാക്രമണത്തിനു മറുപടിയായി നുഴഞ്ഞുകയറ്റശ്രമം ശക്‌തമാക്കുമെന്നു സൂചനയുണ്ടായിരുന്നു. ഇതേത്തുടർന്ന് അന്താരാഷ്ട്ര അതിർത്തിയിൽ നിരീക്ഷണം ശക്‌തമാക്കിയിരുന്നു.

രാജ്യാന്തര അതിർത്തിയിൽനിന്ന് 75 മുതൽ 80 വരെ മീറ്റർ അകലെയാണു ഭീകരർ നുഴഞ്ഞുകയറിയ തുരങ്കം. ഇക്കാര്യം പാക് അതിർത്തിരക്ഷാവിഭാഗമായ റേഞ്ചേഴ്സിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച നഗ്രോതയിലും സാംബയിലുമായി നടന്ന ഭീകരാക്രമണങ്ങളിലൂടെ അതിർത്തിയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.