പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതു പനിമൂലം
Saturday, October 22, 2016 12:22 PM IST
ന്യൂഡൽഹി: ഡൽഹിയിലെ മൃഗശാലകളിൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതു പക്ഷിപ്പനി മൂലമാണെന്നു സ്‌ഥിരീകരിച്ചു. വൈറസ് ബാധ നേരിയ തോതിലാണെന്നും മനുഷ്യരിലേക്കു പടരില്ലെന്നുമാണു ഡൽഹി സർക്കാർ വ്യക്‌തമാക്കിയത്. ഡൽഹിയിലെ ഹൗസ്കാസ് മൃഗശാലയിൽ ജീവൻ നഷ്‌ടപ്പെട്ട എട്ടു പക്ഷികളിൽ മൂന്നെണ്ണത്തിനും എച്ച്ഫൈവ് എൻഎയിറ്റ് വൈറസ് ബാധ ഉണ്ടായിരുന്നതായി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് വെളിപ്പെട്ടത്. ഫലം പുറത്തു വന്നശേഷം സൂവിലെ ആറു താറാവുകൾ കൂടി ചത്തു.

രാജ്യത്തെ കൂടുതൽ മൃഗശാലകളും പക്ഷിപാർക്കുകളും അടുത്ത ദിവസങ്ങളിലായി അടച്ചിടും. ഇതു സംബന്ധിച്ച സർക്കുലർ മൃഗസംരക്ഷണ മന്ത്രാലയം സംസ്‌ഥാനങ്ങൾക്ക് അയയ്ക്കും.


കോഴിയിറച്ചിയും മുട്ടയും കഴിക്കാൻ സുരക്ഷിതമാണെന്ന് സർക്കാരും വിദഗ്ധരും ആവർത്തിക്കുന്നുണ്ടെങ്കിലും ഉത്തരേന്ത്യയിലെ കോഴിക്കച്ചവടത്തെ പനിഭീതി വൻതോതിൽ ബാധിച്ചിട്ടുണ്ട്. ഭക്ഷണശാലകളിൽ കോഴി വിഭവങ്ങളുടെ ഓർഡറുകളിലും വലിയ കുറവുവന്നു. അതേസമയം, രോഗഭീതി മൂലം കൂടുതൽ മൃഗശാലകളിലും പക്ഷിഫാമുകളിലും വിവിധ പക്ഷികളെ കൂട്ടമായി കൊന്നൊടുക്കാനും ആരംഭിച്ചിട്ടുണ്ട്. ഗ്വാളിയോറിലെ ഗാന്ധി സൂവിൽ 72 മണിക്കൂറിനിടെ 15 പക്ഷികൾ ചത്തത് പക്ഷിപ്പനി വൈറസ് ബാധിച്ചാണെന്നു വ്യക്‌തമായ സാഹചര്യത്തിൽ ഇവിടത്തെ 12 വരയൻ കൊക്കുകളെ കൊല്ലാൻ നടപടികളാരംഭിച്ചു. വന്യമൃഗ സംരക്ഷണ സമിതിയുടെ അനുമതി ലഭിച്ചാലുടൻ അവയെ കൊന്നൊടുക്കുമെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.