ഡിസിസി പുനഃസംഘടന അടുത്ത മാസമെന്നു സുധീരൻ
ഡിസിസി പുനഃസംഘടന അടുത്ത മാസമെന്നു സുധീരൻ
Tuesday, October 18, 2016 12:35 PM IST
ന്യൂഡൽഹി: കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടന അടുത്ത മാസം ആദ്യവാരത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. എന്നാൽ, പിസിസി തലത്തിലെ അഴിച്ചുപണി എപ്പോൾ പൂർത്തിയാക്കുമെന്നു സുധീരനു വ്യക്‌തമാക്കാനായില്ല. പുതിയ ജില്ലാ പ്രസിഡന്റുമാരുടെ നിയമനം ഇനിയും വൈകിക്കരുതെന്നും യുവാക്കൾക്കു മുൻഗണന നൽകണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നിർദേശിച്ചു.

എല്ലാവരുടെയും ശ്രദ്ധ എൽഡിഎഫ് സർക്കാരിനെതിരായ സമരത്തിൽ ആയിരുന്നതുകൊണ്ടു പുനഃസംഘടനാ ചർച്ച പൂർണമായി മുന്നോട്ടു പോകാൻ സാധിച്ചില്ലെന്നു ഇന്നലെ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം സുധീരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പദവികൾ ഗ്രൂപ്പുകൾക്കു വീതം വയ്ക്കുന്ന പതിവ് അവസാനിപ്പിക്കണമെന്ന കാര്യത്തിൽ രാഹുലും സുധീരനും ഏകാഭിപ്രായക്കാരായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സർക്കാരിനെതിരേയുള്ള പ്രക്ഷോഭവും നിയമസഭാ സമ്മേളനവും മൂലം, സംസ്‌ഥാനത്തെ പുനഃസംഘടന നീളുമെന്നു ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സുധീരന്റെ വിശദീകരണത്തെത്തുടർന്നാണു ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിനു ഹൈക്കമാൻഡ് ഇന്നലെ സമയം നീട്ടിനൽകിയത്. എന്നാൽ, ഗ്രൂപ്പുകളെ പാടേ തഴഞ്ഞുള്ള അഴിച്ചുപണി കൂടുതൽ പ്രശ്നങ്ങൾക്കു കാരണമാകുമെന്ന വാദത്തിൽ എ, ഐ വിഭാഗങ്ങൾ ഉറച്ചുനിൽക്കുകയാണ്.


പുതിയ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളിൽ പലരും ഇതുസംബന്ധിച്ച നിർദേശങ്ങൾ ദേശീയ നേതൃത്വത്തിനു നൽകിയിട്ടുണ്ട്. ശേഷിക്കുന്നവർ വൈകാതെ നൽകും. എത്രയും വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു സുധീരൻ വിശദീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിലെത്തി രാഹുലുമായി ചർച്ച നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈയാഴ്ച അവസാനം ഡൽഹിയിലെത്തിയേക്കും.

എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സമരങ്ങളിലും മുന്നേറ്റങ്ങളിലും രാഹുൽ വലിയ സംതൃപ്തി രേഖപ്പെടുത്തിയെന്നും സുധീരൻ പറഞ്ഞു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.