നിയമമാകാൻ 43 ബില്ലുകൾ കാത്തുകിടക്കുന്നു
നിയമമാകാൻ 43 ബില്ലുകൾ കാത്തുകിടക്കുന്നു
Saturday, September 24, 2016 12:02 PM IST
<ആ> സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാർലമെന്റിന്റെ അംഗീകാരം നേടിയ 43 ബില്ലുകൾ നിയമമാകാൻ കാത്തുകിടക്കുന്നു. ജൂലൈക്കു മുമ്പു പാർലമെന്റ് പാസാക്കിയ നിയമങ്ങളാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്.

ബന്ധപ്പെട്ട ഭരണ വകുപ്പുകൾ ഇതുവരെയും ചട്ടങ്ങൾ തയാറാക്കാത്തതിനാലാണ് ഈ നിയമങ്ങൾ നടപ്പാക്കാൻ സാധിക്കാത്തത്. 31 പുതിയ നിയമങ്ങളും 12 ഭേദഗതി നിയമങ്ങളുമാണു പൂർണമായോ ഭാഗികമായോ ഇതുവരേയും സർക്കാർ ഉത്തരവുകളാകാതെ കിടക്കുന്നത്. രണ്ടു വർഷത്തെ അവലോകനം നടത്തിയ സബോർഡിനേറ്റീവ് ലെജിസ്ലേഷൻ കമ്മിറ്റിയാണ് ഈ വിവരം കണ്ടെത്തിയത്. ചട്ടങ്ങളും വ്യവസ്‌ഥകളും നിർമിക്കാൻ ശരാശരി 56 മാസം കാലതാമസം വരുന്നതായി കമ്മിറ്റി വ്യക്‌തമാക്കുന്നു. നേരത്തെ, ഒരു ബിൽ പാർലമെന്റ് പാസാക്കിയാൽ അതിന്റെ നിയമാവലി എഴുതാൻ മന്ത്രാലയങ്ങൾ ആറു മാസമാണ് സമയം നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ ഈ പ്രക്രിയ പൂർത്തിയാക്കാൻ സമയ പരിധി നൽകാറില്ല. ബിൽ അവതരിപ്പിക്കുന്ന സമയത്ത് തന്നെ അത്യാവശ്യ ചട്ടങ്ങൾ എഴുതണമെന്നാണ് മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കമ്മിറ്റി ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. ആക്ട് പ്രാബല്യത്തിൽ വന്നു മൂന്നു മാസത്തിനുള്ളിൽ ബാക്കിചട്ടങ്ങളും തയാറാക്കണമെന്നാണ് നിർദേശം.

നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ അധികാരികൾക്കു വിവരം നൽകുന്നവർക്കു സംരക്ഷണം നൽകുന്നതിനായി 2014 മേയിൽ പാസാക്കിയ വിസിൽ ബ്ലോവേഴ്സ് പ്രൊട്ടക്ഷൻ ആക്ട് അടക്കമുള്ള പ്രധാന നിയമങ്ങളും ഇത്തരത്തിൽ ഉത്തരവ് കാത്ത് പൊടിപിടിച്ച് കിടക്കുന്നുണ്ട്. ഇന്നലെ വരെ ഇതിന്റെ വിജ്‌ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. സെപ്റ്റംബർ 2001ലെ ഊർജ്‌ജ സംരക്ഷണ നിയമത്തിന്റെ 2010 ഓഗസ്റ്റിലെ ഭേദഗതി നിയമം ഭാഗികമായി നിയമമായിട്ടുണ്ട്.


2003 സെപ്റ്റംബറിലെ കേന്ദ്ര വിജിലൻസ് കമ്മീഷൻ ആക്ട്, 2014 ജനുവരിയിൽ പാസാക്കിയ ലോക്പാൽ ആൻഡ് ലോകായുക്‌താസ് ആക്ട് എന്നിവയും തീരുമാനമാവാതെ കിടക്കുകയാണ്. 2009 മാർച്ചിലെ കേന്ദ്ര സർവകലാശാലാ ആക്ട് ഇതു വരെ നിയമമായിട്ടില്ല. ഈ നിയനത്തിൽ ബിരുദ ദാനം, സ്റ്റാഫിന്റെ സേവന അവസ്‌ഥ, പ്രവേശന നടപടികൾ, പഠന കോഴ്സുകൾ, ഭരണഘടന, സർവകലാശാലാ അഥോറിറ്റിയുടെ അധികാരങ്ങൾ എന്നിവ സംബന്ധിച്ചൊന്നും ഇതുവരെയും ചട്ടങ്ങൾ തയാറായിട്ടില്ല. 2013 ഓഗസ്റ്റിൽ നിയമമാക്കിയ കമ്പനീസ് ആക്ടിലെ 177 സെക്ഷനുകൾ തുടർനടപടികൾ ഇല്ലാതെ കിടക്കുകയാണ്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ, നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്‌ഥകളിൽ തീരുമാനമായതിന് ശേഷമേ ഇവയിൽ തീരുമാനമെടുക്കാനാകൂ. ഇവ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.