ഡൽഹിയിൽ കനത്ത മഴ: കെറിയുടെ യാത്ര തടസപ്പെട്ടു
ഡൽഹിയിൽ കനത്ത മഴ: കെറിയുടെ യാത്ര തടസപ്പെട്ടു
Wednesday, August 31, 2016 12:31 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ ജനജീവിതം താറുമാറാക്കിയ മഴ കണ്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിക്ക് റോഡിലെ വെള്ളത്തിൽ വള്ളമിറക്കേണ്ടി വരുമോ എന്നു സംശയം. ഇന്നലെ ഡൽഹി ഐഐടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യവേ നിങ്ങൾ ബോട്ടിലാണോ വന്നതെന്നു കെറി വിദ്യാർഥികളോട് ചോദിച്ചു. ഭീകരവാദത്തെക്കുറിച്ച് അതീവ ഗൗരവമായി സംസാരിക്കുന്നതിനിടെയാണ് വിദ്യാർഥികളെ രസിപ്പിക്കാൻ ജോൺ കെറി ഇടയ്ക്ക് ബോട്ടിറക്കിയത്. ഇന്ന് ഈ സമയത്ത് ഇവിടെ എത്തിയതിൽ നിങ്ങൾക്ക് അവാർഡ് തരേണ്ടതാണ്. നിങ്ങൾ ബോട്ടിലോ അതോ കരയിലും വെള്ളത്തിലും ഓടുന്ന വല്ല വാഹനത്തിലുമാണോ വന്നതെന്നു സംശയമുണ്ട്. എന്തായാലും ഈ കനത്ത മഴയെ അതിജീവിച്ച് എത്തിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും കെറി പറഞ്ഞു.


കനത്ത മഴയെത്തുടർന്നു പ്രധാന ആരാധന സ്‌ഥലങ്ങളിലേക്കുള്ള അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനം റദ്ദാക്കിയിരുന്നു. ജുമ മസ്ജിദ്, ഗുരുദ്വാര സീസ് ഗഞ്ച്, ഗൗരി ശങ്കര ക്ഷേത്രം എന്നിവടങ്ങളിലേക്കുള്ള സന്ദർശനമാണു റദ്ദാക്കിയത്. ചൊവ്വാഴ്ച ജോൺ കെറി ഡൽഹിയിൽ വിമാനമിറങ്ങിയതു മുതൽ കനത്ത മഴയായിരുന്നു. വിമാനത്താവളത്തിൽ നിന്നും ചാണക്യപുരിയിലെ ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടെ മഴമൂലമുണ്ടായ കനത്ത ട്രാഫിക് ബ്ലോക്കിൽ കെറിയുടെ വാഹനവ്യൂഹം കുടുങ്ങി. 20 മിനിട്ട് കൊണ്ട് എത്താവുന്ന ഹോട്ടലിൽ കെറിയും സംഘവും രണ്ടു മണിക്കൂർ കൊണ്ടാണെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.