നാഷണൽ ഹെറാൾഡ് വീണ്ടും വരുന്നു
Wednesday, August 31, 2016 12:31 PM IST
ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡ് വീണ്ടും പ്രസിദ്ധീകരണം ആരംഭിക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ നീലഭ് മിശ്രയെ നാഷണൽ ഹെറാൾഡ് ഗ്രൂപ്പിന്റെ എഡിറ്റർ ഇൻ ചീഫായി നിയമിച്ചു. ഒമ്പതു വർഷത്തിനു ശേഷമാണ് നാഷണൽ ഹെറാൾഡ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്.

ഇതിനു പുറമെ ഹിന്ദി പത്രമായ നവയുഗും പ്രസിദ്ധീകരണം ആരംഭിക്കും. രണ്ടിന്റെയും എഡിറ്ററായാണ് നീലഭ് മിശ്രയെ നിയമിച്ചിരിക്കുന്നത്.

മിശ്ര ഔട്ട് ലുക്ക് ഹിന്ദി മാഗസിന്റെ മുൻ എഡിറ്ററാണ്. ഉറുദു പത്രമായ ക്വാമി ആവാസിന്റെ പുനഃപ്രസിദ്ധീകരണവും വൈകാതെ തന്നെ ഉണ്ടാകുമെന്ന് അസോസിയറ്റഡ് ജേർണൽസ് ലിമിറ്റഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കേസുകളിൽ അടുത്തിടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ കോടതി കയറിയിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ കേസുകളിൽ ചിലതിൽ ഇപ്പോഴും വിചാരണ തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.