സോണിയയ്ക്കും രാഹുലിനും നോട്ടീസ്
സോണിയയ്ക്കും രാഹുലിനും നോട്ടീസ്
Saturday, August 27, 2016 12:05 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: നാഷണൽ ഹെറാൾഡിന്റെ ഉടമസ്‌ഥാവകാശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പട്യാല ഹൗസ് കോടതിയുടെ നോട്ടീസ്. പത്രത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രഖേകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ വിശദീകരണം തേടി മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് ലവ്ലീൻ ആണ് നോട്ടീസ് അയച്ചത്. ഇരുവരെയും കൂടാതെ കേസിൽ ആരോപണവിധേയരായ എഐസിസി നേതാവ് മോത്തിലാൽ വോറ, ഒസ്കാർ ഫെർണാണ്ടസ്, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള മാധ്യമ പ്രവർത്തകൻ സുമൻ ദുബെ, സാം പിട്രോഡ എന്നിവർക്കും നോട്ടീസയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഒക്ടോബർ നാലിനു വീണ്ടും പരിഗണിക്കും.

പത്രത്തിന്റെ ഉടമസ്‌ഥരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിനു (എജെഎൽ) കോൺഗ്രസ് നൽകിയ വായ്പയുടെ രേഖകൾ കേസിന്റെ വിചാരണയിൽ നിർണായകമാണെന്നും അതിനാൽ അതു ഹാജരാക്കണമെന്നുമാണ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിൽ എജെഎൽ സമർപ്പിച്ച രേഖകൾ, ആദായനികുതിയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും ഹാജരാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.


പത്രത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ധനകാര്യ, കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയങ്ങളിൽനിന്നുള്ള രേഖകളും കോൺഗ്രസ് പാർട്ടിയുടെ 2010–2011 വർഷത്തിലെ ബാലൻസ് ഷീറ്റും ഹാജരാക്കണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് കഴിഞ്ഞമാസം ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് മറ്റുചില രേഖകൾ ആവശ്യപ്പെട്ട് സ്വാമി കോടതിയെ സീപിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആരംഭിച്ച നാഷണൽ ഹെറാൾഡ് പത്രത്തിന്റെ 5,000 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സ്വന്തമാക്കിയെന്നതാണ് കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണം. നഷ്‌ടം മൂലം 2008ൽ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. കേസിൽ രാഹുലും സോണിയയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഡിസംബറിൽ പട്യാല ഹൗസ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.