പാക്കിസ്‌ഥാൻ നരകമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി രമ്യ
പാക്കിസ്‌ഥാൻ നരകമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി രമ്യ
Tuesday, August 23, 2016 12:18 PM IST
ബംഗളൂരു: പാക്കിസ്‌ഥാൻ നരകമല്ലെന്ന തന്റെ നിലപാടിൽ ഉറച്ച് കന്നഡ നടി രമ്യ. രമ്യയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി അഡ്വ. കെ. വിട്ടല ഗൗഡ കോടതിയെ സമീപിച്ചു. പാക്കിസ്‌ഥാൻ നരകതുല്യമാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രി മനോജ് പരീക്കർ ഓഗസ്റ്റ് 16നു നടത്തിയ പ്രസ്താവന തെറ്റാണെന്നാണു രമ്യയുടെ നിലപാട്.

ഞാൻ ഭവ്യതയോടെ നിരസിക്കുന്നു, പാക്കിസ്‌ഥാൻ ഒരിക്കലും ഒരു നരകമല്ല: കർണാടകയിലെ മാണ്ഡ്യയിൽ ഒരു വനിതാ റാലിയിൽ പങ്കെടുക്കവേ രമ്യ പറഞ്ഞു. സാർക്ക് യൂത്ത് ഉച്ചകോടിക്കായി പാക്കിസ്‌ഥാനിൽ ചെന്നിരുന്നു. സമാധാനം, ഐക്യം, നാനാത്വത്തിൽ ഏകത്വം തുടങ്ങിയവയെക്കുറിച്ച് അവിടെവച്ച് സംസാരിച്ചു. തിരിച്ചെത്തിയപ്പോൾ പാക്കിസ്‌ഥാൻ എങ്ങനെയുണ്ടെന്ന് എന്നോടു ചോദിച്ചു. ഇവിടെയുള്ളവരെപ്പോലെതന്നെയാണ് പാക്കിസ്‌ഥാനിലെ ആളുകളും. അവരുടേതു നല്ല പെരുമാറ്റമായിരുന്നു. നല്ല ബഹുമാനവും ആദരവുമാണ് ലഭിച്ചത്: രമ്യ പറഞ്ഞു.

പാക്കിസ്‌ഥാനെക്കുറിച്ചു നടത്തിയ പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നെന്നും ഇപ്പോൾ ഇന്ത്യയിലുള്ള സാഹചര്യത്തിൽ അതിയായ ദുഃഖമുണ്ടെന്നും സംഭവം വിവാദമായ പശ്ചാത്തലത്തിൽ രമ്യ പ്രതികരിച്ചു. ധ്രുവീകരണവും വിദ്വേഷം ജനിപ്പിക്കലുമാണ് രാഷ്ട്രീയക്കാർ ഇപ്പോൾ ചെയ്യുന്നത്. അതിർത്തികളാൽ തിരിക്കപ്പെട്ടെങ്കിലും മറ്റുള്ളവരെ നമ്മൾ വെറുക്കരുത്. സംസാരസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഒരാളുടെ ആശയം മറ്റൊരാളിൽ അടിച്ചേൽപ്പിക്കരുതെന്നും മാണ്ഡ്യയിൽനിന്നുള്ള കോൺഗ്രസ് എംപിയായിരുന്ന രമ്യ കൂട്ടിച്ചേർത്തു.


ഇന്ത്യൻ സൈന്യം അഞ്ച് തീവ്രവാദികളെ പാക്കിസ്‌ഥാനിലേക്കു മടക്കി അയച്ചെന്നും പാക്കിസ്‌ഥാനിലേക്കു ചെല്ലുന്നത് നരകത്തിലേക്കു ചെല്ലുന്നതിനു തുല്യമാണെന്നും ഓഗസ്റ്റ് 16നു പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞിരുന്നു.

ഐപിസി 124(എ), 511 വകുപ്പുകൾ ഉൾപ്പെടുത്തിയാണ് രമ്യയ്ക്കെതിരേ കുടക് ജില്ലയിലെ സംവാർപേട്ട് കോടതിയിൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ പരാതി നല്കിയിരിക്കുന്നത്. കേസ് ഓഗസ്റ്റ് 27നു പരിഗണിക്കും. ഇന്ത്യയുടെ പരമ്പരാഗത ശത്രുവായ പാക്കിസ്‌ഥാനെ പ്രകീർത്തിച്ച് രാജ്യത്തെ അപമാനിക്കുകയും ജനങ്ങളെ പ്രകോപിതരാക്കുകയും രമ്യ ചെയ്തതായി പരാതിൽ പറയുന്നു.

അതേസമയം, പാക്കിസ്‌ഥാനിൽ രമ്യക്കു ലഭിച്ച നല്ല സ്വീകരണത്തെക്കുറിച്ചാണ് അവർ പറഞ്ഞതെന്നും രാഷ്ട്രീയ നേട്ടത്തിനായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതു ഗുണകരമല്ലെന്നും അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.