ടൊറന്റിൽ കയറിയാൽ മൂന്നു വർഷം തടവും മൂന്നു ലക്ഷം പിഴയും
Monday, August 22, 2016 12:30 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: എളുപ്പവഴിക്കൊരു സിനിമ കാണാനുള്ള മോഹം ഇനി ജയിലിൽ കൊണ്ടെത്തിക്കും. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ടൊറന്റ് വെബ് സൈറ്റ് സന്ദർശിക്കുവർക്കു മൂന്നു വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ചുമത്തുമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വ്യക്‌തമാക്കി. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്ന് ഇനി മുതൽ പ്രസ്തുത സൈറ്റുകളിൽ മുന്നറിയിപ്പു നൽകണം.

നേരത്തെ നിയമ വിരുദ്ധവും പകർപ്പവകാശം ലംഘിച്ചതുമായ സിനിമകൾ വിതരണം ചെയ്ത നിരവധി സൈറ്റുകൾ ടെലികമ്യൂണിക്കേഷൻ വിഭാഗം ബ്ലോക്കു ചെയ്തിരുന്നെങ്കിലും ഇവയുടെ പകർപ്പുകൾ വീണ്ടും രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് സർക്കാർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളിൽ പ്രവേശിപ്പിക്കുന്നവർക്കും ഡൗൺലോഡ് ചെയ്യുന്നവർക്കും പകർപ്പെടുക്കുന്നവർക്കുമെതിരേ 1957ലെ പകർപ്പവകാശ നിയമപ്രകാരം കേസെടുക്കും. ആദ്യമായാണു ഈ സൈറ്റുകളിൽ പ്രവേശിക്കുന്നതെങ്കിൽ ആറുമാസം മുതൽ മൂന്നു വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ചുമത്തും. ഇതേ കുറ്റം വീണ്ടും ആവർത്തിച്ചാൽ ഒരു വർഷം മുതൽ മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ മുതൽ മൂന്നു ലക്ഷം രൂപവരെ പിഴയും ഈടാക്കും.


2003ൽ നിലവിൽ വന്ന ടൊറന്റ് വെബ്സൈറ്റുകളിൽ ലോകത്തെ ഏറ്റവും പ്രചാരമുള്ള ടൊറന്റ് സൈറ്റുകളിലൊന്നായ ടൊറന്റസ്2 ഇയുവിനു പ്രതിദിനം പത്തു ലക്ഷത്തിലേറെ സന്ദർശകരുണ്ടായിരുന്നു. രണ്ടോ മൂന്നോ കെബി വരുന്ന ചെറിയ ഫയലാണ് ടൊറന്റ്.

ടോറന്റ് ഫയലിൽ ഡൗൺലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഫയലിന്റെ മിക്ക വിവരങ്ങളും അടങ്ങിയിരിക്കും. ഈ ടൊറന്റ് ഫയൽ വഴി വലിയ ഫയലുകളായ സിനിമകൾ, സോഫ്ട് വെയറുകൾ, ഇ ബുക്കുകൾ തുടങ്ങിയവ ഡൗൺലോഡ് ചെയ്യാം. രാജ്യത്ത് പുതിയതായി ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകൾ പകർപ്പവകാശം ലംഘിച്ചു പകർത്തിയെടുക്കുന്നതിനാണു ടൊറന്റ് സൈറ്റുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.