പ്രധാനമന്ത്രിക്കു വനിതാ കായികതാരത്തിന്റെ ആത്മഹത്യാ കുറിപ്പ്
പ്രധാനമന്ത്രിക്കു വനിതാ കായികതാരത്തിന്റെ ആത്മഹത്യാ കുറിപ്പ്
Sunday, August 21, 2016 11:57 AM IST
പട്യാല: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിവച്ച് ദേശീയ വനിതാ കായികതാരം ജീവനൊടുക്കി. കോളജ് അധികൃതർ ഹോസ്റ്റലിൽ സൗജന്യമായി താമസിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് പട്യാല ഖൽസ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയും ദേശീയ ഹാൻഡ്ബോൾ താരവുമായ പൂജ(20)ആണു ജീവനൊടുക്കിയത്.
പ്രധാനമന്ത്രിക്കെഴുതിയ നാലു പേജുള്ള കത്ത് പൂജയുടെ വീട്ടിലെ മുറിയിൽനിന്നു മാതാപിതാക്കൾ കണ്ടെടുത്തു. ഇതു പോലീസിനു കൈമാറി.

ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനാലാണു താൻ ജീവനൊടുക്കുന്നതെന്നു പൂജ കത്തിൽ പറയുന്നുണ്ട്. തന്നെപ്പോലെയുള്ള പാവപ്പെട്ട വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്താൻ പ്രധാനമന്ത്രി മുന്നിട്ടിറങ്ങണമെന്നും കത്തിൽ പറയുന്നു.

കോളജ് അധികൃതർ സൗജന്യ ഹോസ്റ്റൽ സേവനം നിഷേധിക്കുകയും നിത്യവും വീട്ടിൽനിന്നു പോയി വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു മാസം മൂവായിരത്തിലധികം രൂപ ചെലവു വരുമെന്നും തന്റെ പിതാവിന് ഇതു താങ്ങാൻ സാധിക്കില്ലെന്നും കത്തിൽ പറയുന്നു.


തന്നോടു വിരോധമുളള കായികപരിശീലകനാണു തനിക്ക് ഹോസ്റ്റൽ സേവനം നിഷേധിച്ചതെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഹാൻഡ്ബോൾ മത്സരത്തിൽ കോളജിനു മെഡൽ നേടാൻ സാധിക്കാതെ വന്നതാണ് ഇതിനു കാരണമെന്നും കത്തിൽ പറയുന്നു. കോളജിൽ ചേർന്ന ആദ്യവർഷം പഠനച്ചെലവ് സൗജന്യമായി നൽകാമെന്ന് ഉറപ്പ് നൽകിയ കോളജ് അധികൃതർ രണ്ടാം വർഷം എല്ലാത്തിനും പണം ഈടാക്കുകയായിരുന്നുവെന്നു പൂജയുടെ മാതാപിതാക്കൾ പറഞ്ഞു.

കോളജ് അധ്യാപകനെതിരേ ആത്മഹത്യാ പ്രേരണയ്ക്കു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സൗജന്യ പ്രവേശനം അനുവദിച്ചിരുന്നുവെന്നും ഈ വർഷത്തെ മോശം പ്രകടനം മൂലമാണ് അതു നിഷേധിച്ചതെന്നും കോളജ് അധികൃതർ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.