എംപിമാർ മാന്യത വിടരുത്: അൻസാരി
Saturday, July 30, 2016 12:34 PM IST
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങൾ കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതമായി മാന്യമായും ചിട്ടയോടെയും പെരുമാറാൻ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ഡോ. ഹമീദ് അൻസാരി.

സഭാ നടപടികൾ തടസപ്പെടുത്തുന്നതു മറ്റുള്ളവരുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം എംപിമാരെ ഓർമിപ്പിച്ചു. രാജ്യസഭയിലെ പുതിയ അംഗങ്ങൾക്കായി ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, സെക്രട്ടറി ജനറൽ ഷംസേർ കെ. ഷരീഫ് എന്നിവരും പ്രസംഗിച്ചു. പി. രാജീവ്, നിലോൽപൽ ബസു, സുഖേന്ദു ശേഖർ റോയി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.


നിയമനിർമാണം, പാർലമെന്റിൽ ജനകീയ പ്രശ്നങ്ങളും മറ്റും അവതരിപ്പിക്കേണ്ട രീതി, പാർലമെന്ററി സമിതികളുടെ പ്രവർത്തനം, പ്രിവിലേജുകൾ, മണ്ഡല വികസന ഫണ്ട് വിനിയോഗം, ശമ്പളവും ആനുകൂല്യങ്ങളും എന്നിവ മുതൽ രാഷ്ട്രീയത്തിലെ ധാർമികതയും പൊതുസമൂഹത്തിന് നൽകേണ്ട സംഭാവനകൾ വരെയുള്ളവ പഠിക്കാനും പരിശീലിക്കാനുമാണ് രാജ്യസഭ പരിപാടി നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.