ജിഎസ്ടി: ധാരണയായെന്നു മന്ത്രി തോമസ് ഐസക്
ജിഎസ്ടി: ധാരണയായെന്നു മന്ത്രി തോമസ് ഐസക്
Tuesday, July 26, 2016 1:11 PM IST
ന്യുഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ല് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ വിളിച്ച ധനമന്ത്രിമാരുടെ യോഗത്തിൽ സംസ്‌ഥാനങ്ങൾക്കിടയിൽ സമവായം. സാധാരണക്കാരന്റെ നികുതിഭാരം കുറച്ചും അതേസമയം സംസ്‌ഥാനങ്ങളുടെ നികുതി വരുമാനം വർദ്ധിപ്പിച്ചും നികുതി നിരക്ക് ഈടാക്കണമെന്ന ചരക്കു സേവന നികുതി ബില്ലിനെ കുറിച്ച് വിജ്‌ഞാൻ ഭവനിൽ നടന്ന സംസ്‌ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തിൽ തത്വത്തിൽ ധാരണയായതായി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.

നിരക്ക് എത്രയായിരിക്കണമെന്ന് തുടർന്നുള്ള ചർച്ചകളിൽ തീരുമാനിക്കും. സംസ്‌ഥാനങ്ങൾക്ക് അഞ്ചുവർഷത്തേക്ക് നഷ്‌ടപരിഹാരം ലഭിക്കണമെന്ന ആവശ്യത്തിലും സമവായത്തിലെത്താൻ കഴിഞ്ഞു. ഉപഭോക്‌തൃ കേന്ദ്രത്തിൽ നികുതി പിരിക്കണമെന്ന ആവശ്യത്തിലും സംസ്‌ഥാനങ്ങൾ തമ്മിൽ ധാരണയിലെത്തി. കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ പലവിധ നികുതികളാണ് ഒരു ഉല്പന്നത്തിന്മേൽ സാധാരണക്കാരൻ നൽകേണ്ടത്. സാധാരണക്കാരൻ ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെ നികുതി കുറച്ച് നികുതിഭാരം താഴ്ത്തുകയാണ് ലക്ഷ്യം. ഇതുൾപ്പെടെയുള്ള ഒട്ടേറെ പ്രായോഗിക നിർദ്ദേശങ്ങൾ ഭാവിയിൽ ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായി. സ്വർണ്ണത്തിന്റെ നികുതി അഖിലേന്ത്യാ തലത്തിൽ നാല് ശതമാനമാക്കുന്നതും ചർച്ച ചെയ്തതെന്ന് ഐസക് പറഞ്ഞു.


നേരത്തെ ഉന്നയിച്ച നികുതി പരിധി നിജപ്പെടുത്തണമെന്ന ആവശ്യത്തിൽ നിന്ന് കോൺഗ്രസ്സ് ഭരിക്കുന്ന സംസ്‌ഥാനങ്ങൾ തന്നെ പിന്മാറിയപ്പോൾ നാലുവിഷയങ്ങളിൽ പൊതു ധാരണയായി. നികുതി നിരക്ക് നിശ്ചയിക്കുന്നത് എങ്ങനെ എന്ന തർക്കം ഉപേക്ഷിച്ച് ഇതിനായുള്ള തത്ത്വത്തിന് രൂപം നൽകി. സാധാരണക്കാരെ ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങൾക്ക് കുറഞ്ഞ നികുതിയും ഉപഭോക്‌തൃ ഉത്പന്നങ്ങൾക്ക് കൂടുതൽ നികുതിയും നിശ്ചയിക്കും. ഉപഭോക്‌തൃ കേന്ദ്രങ്ങളിൽ നികുതി പിരിക്കണമെന്ന കേരളത്തിന് ഏറെ ഗുണകരമാകുന്ന നിർദേശത്തിലും സംസ്‌ഥാനങ്ങൾ യോജിച്ചുവെന്നും തോമസ് ഐസക ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.