കസ്തൂരിരംഗൻ കരട്:”പശ്ചിമഘട്ടത്തിലെ എംപിമാരുടെ യോഗം ഉടനെന്നു കേന്ദ്രം
കസ്തൂരിരംഗൻ കരട്:”പശ്ചിമഘട്ടത്തിലെ എംപിമാരുടെ യോഗം ഉടനെന്നു കേന്ദ്രം
Tuesday, July 26, 2016 1:11 PM IST
ന്യൂഡൽഹി: കസ്തൂരി രംഗൻ റിപ്പോർട്ടിൽ നിലനിൽക്കുന്ന കരടു വിജ്‌ഞാപനത്തിൽ ഭേദഗതികൾ നിർദേശിക്കുന്നതിനു പശ്ചിമഘട്ട മേഖലയിൽ നിന്നുള്ള എംപിമാരുടെ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നു കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി അനിൽ മാധവ് ദവെ. ജോയ്സ് ജോർജ് എംപിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങൾ നൽകിയ നിവേദനം പരിഗണിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വർഷകാല സമ്മേളനത്തിൽ തന്നെ അടിയന്തര യോഗം ചേരാമെന്നും മന്ത്രി ഉറപ്പു നൽകി.

പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലനിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും കൂടി സൗകര്യം പരിഗണിച്ച് ഒരു പ്രത്യേക യോഗം വിളിച്ചു ചേർക്കാമെന്നും പരിസ്‌ഥിതി മന്ത്രി അറിയിച്ചു. കേരളത്തിന്റെ തീരദേശ മേഖലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. എംപി മാരായ ജോസ് കെ.മാണി, ആന്റോ ആന്റണി, പി.കരുണാകരൻ, പി.കെ.ശ്രീമതി, എം.ഐ ഷാനവാസ്, എം.ബി രാജേഷ്, പി.കെ ബിജു എന്നിവരടങ്ങിയ സംഘമാണ് ജോയ്സ് ജോർജ് എംപിക്കൊപ്പം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.


റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളെയും തോട്ടങ്ങളെയും കൃഷിയിടങ്ങളെയും ടൗൺഷിപ്പുകളെയും പൂർണമായും ഒഴിവാക്കണമെന്ന് എംപി മാർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പരിസ്‌ഥിതി ലോല പ്രദേശങ്ങളെ വേർതിരിച്ചിട്ടുള്ളതിൽ നിരവധി പിഴവുകളും അശാസ്ത്രീയമായ അതിർത്തി നിർണയങ്ങളും കടന്നു കൂടിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ സമ്പൂർണമായി ഒഴിവാക്കി ജനപ്രതിനിധികളുമായും പശ്ചിമഘട്ട മേഘലയിലെ ജനങ്ങളുമായും ചർച്ച ചെയ്ത് അവരുടെ കൂടി സഹകരണത്തോടെയുള്ള പരിസ്‌ഥിതി സംരക്ഷണത്തിന് സർക്കാർ മുൻകൈയ്യെടുക്കണമെന്നും എംപി മാർ ആവശ്യപ്പെട്ടു. ഉപജീവനത്തിനും ജീവിത വൃത്തിക്കും കൃഷിയെ ആശ്രയിക്കുന്ന കർഷകർ യഥാർത്ഥത്തിൽ വലിയ തോതിലുള്ള പരിസ്‌ഥിതി സംരക്ഷണമാണ് നടത്തി വരുന്നതെന്നും നിർഭാഗ്യവശാൽ കർഷക ജനതയെ ശത്രുപക്ഷത്തു നിർത്തി നിക്ഷിപ്ത താത്പര്യക്കാർ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയിട്ടുണ്ടെന്നും എംപിമാർ ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നിലയിൽ ജനങ്ങളുടെ സമ്പൂർണമായ സഹകരണത്തോടെയായിരിക്കും സർക്കാർ പശ്ചിമഘട്ട സംരക്ഷണം ഉറപ്പു വരുത്തുകയെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.